ക്രെഡിറ്റ് കാര്‍ഡ് റീചാര്‍ജിന് 2% നിരക്ക് ഈടാക്കാനുള്ള തീരുമാനം പേടിഎം ഉപേക്ഷിച്ചു

ക്രെഡിറ്റ് കാര്‍ഡ് റീചാര്‍ജിന് 2% നിരക്ക് ഈടാക്കാനുള്ള തീരുമാനം പേടിഎം ഉപേക്ഷിച്ചു

ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം തടയാന്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കും

മുംബൈ: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാലറ്റില്‍ പണം ചേര്‍ക്കുന്നതിന് രണ്ട് ശതമാനം പിഴ ഈടാക്കുന്നതില്‍ നിന്നും പേടിഎം പിന്‍വലിയുന്നു. ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ പേടിഎം ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങുന്നതായി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. എന്നാല്‍, 24 മണിക്കൂറിനുള്ളില്‍ തന്നെ കമ്പനി തീരുമാനത്തില്‍ നിന്നും പിന്‍വലിയുന്നതായി അറിയിക്കുകയായിരുന്നു.

ക്രെഡിറ്റ് കാര്‍ഡ് വഴി പേടിഎം വാലറ്റിലേക്ക് പണം മാറ്റുന്നതിന് തുകയുടെ 2 ശതമാനം ചാര്‍ജ് ചുമത്താനായിരുന്നു കമ്പനിയുടെ തീരുമാനം. പേടിഎം വാലറ്റ് വഴി മൊബീല്‍ റീചാര്‍ജ് ചെയ്യുന്നതിനും ബാങ്ക് എക്കൗണ്ടിലേക്ക് പണം മാറ്റുന്നതിനും കാഷ് ബാക്കിന് തുല്യമായ തുക നല്‍കേണ്ടി വരുമെന്നും കമ്പനി അറിയിച്ചിരുന്നു.

ഉപഭോക്താക്കളുടെ സൗകര്യം മാനിച്ച് നിരക്ക് ഈടാക്കുന്നത് നിര്‍ത്തിവെക്കുന്നതായാണ് ഇപ്പോള്‍ കമ്പനി അറിയിച്ചിട്ടുള്ളത്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാലറ്റിലേക്ക് പണം ചേര്‍ക്കുന്നതിന് രണ്ട് ശതമാനം പിഴ ഈടാക്കുന്നതില്‍ നിന്നും കമ്പനി പിന്മാറുന്നതായി പേടിഎം ബ്ലോഗില്‍ കുറിച്ചു. വാലറ്റില്‍ പണം ചേര്‍ക്കുന്നതിന് ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നും പേടിഎം ബ്ലോഗിലൂടെ അറിയിച്ചു.

തീരുമാനം സസൂഷ്മം പരിശോധിച്ചതായും, യഥാര്‍ത്ഥ ഇടപാടുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തങ്ങളുടെ വലിയൊരു വിഭാഗം ഉപയോക്താക്കള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തിരിച്ചറിയുന്നതായും പേടിഎം പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് വഴി വാലറ്റില്‍ പണം ചേര്‍ക്കുന്നതും അത് ബാങ്ക് എക്കൗണ്ടിലേക്ക് മാറ്റുന്നതും കമ്പനിക്ക് നഷ്ടമുണ്ടാക്കുമെന്ന് കാണിച്ച് ബുധനാഴ്ച്ച മുതലാണ് പേടിഎം ഇത്തരം ഇടപാടുകള്‍ക്ക് രണ്ട് ശതമാനം നിരക്ക് ഈടാക്കി തുടങ്ങിയത്.

സൗജന്യ ക്രെഡിറ്റ് ലഭിക്കുന്നതിനു വേണ്ടി പേടിഎം ദുരുപയോഗപ്പെടുത്തുന്നതിന്റെ ഫലമായാണ് പിഴ ചുമത്തുന്നതെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. പേടിഎം നിരക്ക് ഈടാക്കാനുള്ള നീക്കം പ്രഖ്യാപിച്ച ഉടന്‍ തന്നെ, തങ്ങളുടെ സേവനങ്ങള്‍ക്ക് യാതൊരു നിരക്കും നല്‍കേണ്ടതില്ലെന്ന് അറിയിച്ചുകൊണ്ട് മൊബീക്വിക്ക് രംഗത്തെത്തിയിരുന്നു.

Comments

comments

Categories: Tech, Top Stories
Tags: India, PayTM