രാജ്യത്തിന് മാതൃകയായി മുത്തശ്ശിപ്പള്ളിക്കൂടം – പഠിക്കാനെന്തിന് പ്രായം?

രാജ്യത്തിന് മാതൃകയായി മുത്തശ്ശിപ്പള്ളിക്കൂടം – പഠിക്കാനെന്തിന് പ്രായം?

സ്ത്രീകളുടെ സാക്ഷരതാനിരക്ക് വളരെ കുറഞ്ഞ രാജ്യമാണ് ഇന്ത്യ. ഒരു കാലത്ത് വിദ്യാഭ്യാസം നേടാന്‍ സാധിക്കാതിരുന്ന വനിതകള്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണ് മഹാരാഷ്ട്രയിലെ ഫാംഗ്‌നേ എന്ന ഗ്രാമം

കുറച്ച് വര്‍ഷങ്ങളായി ഗംഗുഭായ് എന്ന മുത്തശ്ശി തന്റെ ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട പത്രക്കടലാസുകളും മിഠായി കവറുകളും ശേഖരിക്കുകയായിരുന്നു. ഇത് വീട്ടിലേക്ക് കൊണ്ടുവന്ന് അവയില്‍ എഴുതിയിരിക്കുന്നത് വായിക്കാന്‍ ശ്രമിക്കും. വിഷമമാണെന്ന് മനസിലാവുമ്പോള്‍ അയല്‍വീടുകളില്‍ ചെന്ന് സഹായമഭ്യര്‍ത്ഥിക്കും. അങ്ങനെ 65കാരിയായ ഗംഗുബായ് ആദ്യമായി വായിക്കാന്‍ പഠിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ ഫാംഗ്‌നേ എന്ന ഗ്രാമത്തില്‍ മുത്തശ്ശിമാര്‍ക്ക് വേണ്ടിയുള്ള പാഠശാലയായ ആജിഭായ്ചി ശാലയില്‍ വിദ്യാരംഭം കുറിച്ച 28 സ്ത്രീകളില്‍ ഒരാളാണിവര്‍. പിങ്ക് നിറത്തിലുള്ള യൂണിഫോം സാരികളണിഞ്ഞ് കൈയില്‍ സ്‌കൂള്‍ബാഗുകളുമായി എല്ലാ ദിവസവും രണ്ട് മണിമുതല്‍ നാല് മണിവരെയുള്ള സമയങ്ങളില്‍ ഗ്രമത്തില്‍ മുളകളാല്‍ തീര്‍ത്ത ഒരു കൂടാരത്തില്‍ ഒത്തുചേരുന്നു. ഈ അമ്മൂമ്മമാര്‍ക്ക് എഴുതാനും വായിക്കാനും പഠിക്കാനുള്ള അവസാന അവസരമാണ് ഈ സ്‌കൂള്‍ ഒരുക്കുന്നത്. താന്‍ സന്തോഷത്തോടെ തന്നെയാണ് സ്‌കൂളിലേക്ക് പോവുന്നതെന്ന് ഗംഗുബായ് പറയുന്നു.

തനിച്ചാണ് ഗംഗുബായിയുടെ ജീവിതം. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. വിദ്യാഭ്യാസം അവരുടെ ജീവിതത്തിന് നല്‍കിയത് പുതിയ അര്‍ത്ഥതലങ്ങളാണ്. വര്‍ഷങ്ങള്‍ കാത്തിരുന്ന ശേഷമാണ് ഇങ്ങനെയൊരു അവസരം ലഭിച്ചതെന്നും സ്‌കൂളില്‍ പോകാനാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ എല്ലാ അക്ഷരങ്ങളും എഴുതാനും വായിക്കാനും അറിയാമെന്നും ഗംഗുബായ് പറയുന്നു.

കുട്ടിക്കാലത്ത് സ്‌കൂളില്‍ പോയവരല്ല ഈ സ്ത്രീകളൊന്നും. അവര്‍ക്ക് അതിനുള്ള അവസരവും ലഭിച്ചിരുന്നില്ല. വീട്ടിലെ പ്രാരാബ്ദങ്ങളും പ്രശ്‌നങ്ങളും വിദ്യാഭ്യാസം നേടുന്നതില്‍ നിന്ന് ഇവരെ വിലക്കി. ഏഴ് സഹോദിമാരും സഹോദരനുമുള്ള കുടുംബത്തിലാണ് ഗംഗുബായ് ജനിച്ചത്. അതിനാല്‍ ദാരിദ്ര്യം അവരെ പിന്നോട്ടടിപ്പിച്ചു.

‘ഞങ്ങളാരും തന്നെ സ്‌കൂളില്‍ പോയിരുന്നില്ല. സമ്പന്ന കുടുംബത്തില്‍പ്പെട്ടവര്‍ പെണ്‍കുട്ടികളെ സ്‌കൂളിലയയ്ക്കുന്നത് കാണുമ്പോള്‍ എനിക്കും കൊതി തോന്നാറുണ്ട്. എന്നാല്‍ പോകാന്‍ എനിക്ക് അനുവാദമുണ്ടായിരുന്നില്ല. ഞാന്‍ സ്‌കൂളില്‍ പോയാല്‍ പിന്നെയാരാണ് കിണറ്റില്‍ നിന്നും വെള്ളമെടുത്തുകൊണ്ടുവരിക, പശുത്തൊഴുത്ത് വൃത്തിയാക്കുക’ ഗംഗുബായ് ചോദിക്കുന്നു.

തന്റെ ക്ലാസിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിനിയാണ് ഗംഗുബായ് എന്ന് അവരുടെ അധ്യാപികയും സാക്ഷ്യപ്പെടുത്തുന്നു. ഓരോ വാക്കുകളും വായിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ടെന്നും അതില്‍ അതിയായ താല്‍പര്യമാണ് പ്രകടിപ്പിക്കുന്നതെന്നും അധ്യാപിക ശീതള്‍ മോറെ ചൂണ്ടിക്കാണിക്കുന്നു.

ഗംഗുബായിയെപ്പോലുള്ള നിരവധി സ്ത്രീകള്‍ പഠനത്തില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇപ്പോഴും വളരെ ചുരുങ്ങിയ അക്ഷരങ്ങള്‍ മാത്രമേ സ്വായത്തമാക്കാന്‍ സാധിച്ചിട്ടുള്ളൂ. കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഈ അമ്മൂമ്മമാരെ വിദ്യയഭ്യസിപ്പിക്കാനെന്ന് ശീതള്‍ മോറെ. ”പലരും പഠിച്ച പല പാഠങ്ങളും വേഗം മറന്നുപോകുന്നു. അതുകൊണ്ടു തന്നെ ഇവരെ വളരെ പതുക്കെ, ക്ഷമയോടെ വേണം പഠിപ്പിക്കാന്‍. കുട്ടികളെപ്പോലെ വഴക്ക് പറഞ്ഞ് പഠിപ്പിക്കാന്‍ സാധിക്കില്ല.

കാരണം അമ്മൂമ്മമാരാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ എന്നതുതന്നെ. ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച് മുതിര്‍ന്നവരെ ബഹുമാനത്തോട് കൂടിയാണ് പരിഗണിക്കേണ്ടതെന്നും ഇവിടെ മറക്കാന്‍ പാടില്ല. ഇതില്‍ പലര്‍ക്കും കേള്‍വിയുമായി ബന്ധപ്പെ പ്രശ്‌നങ്ങള്‍ ഉണ്ട്. പറയുന്നത് കേള്‍ക്കാനും ഉള്‍ക്കൊള്ളാനും അതുകൊണ്ട് തന്നെ അവര്‍ക്ക് ധാരാളം സമയം വേണം. സമയമെടുത്താണെങ്കിലും അവര്‍ ഒരു ദിവസം ഇത് പഠിക്കുക തന്നെ ചെയ്യും. കാരണം, എല്ലാ ദിവസവും ക്ലാസില്‍ വരണമെന്നും മികച്ച രീതിയില്‍ പഠിക്കണമെന്നുമുള്ളത് ഇവരുടെ അകമഴിഞ്ഞ ആഗ്രഹം തന്നെയാണ്” , അധ്യാപിക വ്യക്തമാക്കി.

കഴിഞ്ഞ കനേഷുമാരിപ്രകാരം 273 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല. പുരുഷന്‍മാരേക്കാള്‍ 15 ശതമാനം താഴെയാണ് സ്ത്രീകളിലെ സാക്ഷരതാ നിരക്ക്. അതായത് കുടുംബത്തിലെയും സമൂഹത്തിലെയും നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ഇവര്‍ പുറന്തള്ളപ്പെടുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം സ്ത്രീവിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കാനുള്ള നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. എന്നിരുന്നാലും പഴയ തലമുറയ്ക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം തുലോം കുറവായിരുന്നു.

ബാങ്കുകളിലും ഓഫിസുകളിലും പോകുന്ന സമയത്ത് പേരെഴുതി ഒപ്പുവയ്ക്കാന്‍ പോലും അറിയാത്തത് കാരണം ഏറെ അപമാനം സഹിക്കേണ്ടി വന്നിട്ടുണ്ട്, അതിനാലാണ് ചുരുങ്ങിയത് സ്വന്തം പേരെഴുതി ഒപ്പുവെക്കാന്‍ പഠിക്കാനെങ്കിലും തീരുമാനിച്ചതെന്നും രമ ബായ് പറയുന്നു. അമ്മൂമ്മമാര്‍ക്ക് വേണ്ടിയുള്ള ക്ലാസുകളിലെ സജീവ സാന്നിധ്യമാണ് രമ ബായ്. ഒരു പക്ഷേ കുട്ടികളായിരുന്ന സമയത്ത് മികച്ച വിദ്യാഭ്യാസം ലഭിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ക്കിടയില്‍ നിന്നും ഡോക്റ്റര്‍മാരും അധ്യാപരുമൊക്കെയുണ്ടാകുമായിരുന്നുവെന്ന് രമാബായ് പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി എ എന്ന അക്ഷരം എഴുതാന്‍ ശ്രമിച്ചുവരികയാണ് സീതബായ് എന്ന 90കാരി. അവരുടെ കൈയക്ഷരം ഇപ്പോഴും വിറയ്ക്കുന്നുണ്ട്. ഏതാനും മണിക്കൂര്‍ മുമ്പ് ക്ലാസില്‍ കേട്ട കാര്യങ്ങള്‍ പോലും അവര്‍ പെട്ടന്ന് മറന്നുപോവുന്നു. എന്നിരുന്നാലും അവര്‍ പരാജയപ്പെട്ട് പിന്‍മാറാന്‍ തയാറല്ല. തനിക്ക് പഠിക്കാന്‍ ഇഷ്ടമാണെന്നും, മരിച്ച് ദൈവത്തിനടുത്തേക്ക് പോകുമ്പോള്‍ പഠിച്ചതെല്ലാം തന്നോടൊപ്പം തന്നെ പോരുമെന്നും അവര്‍ ആത്മവിശ്വാസത്തോടെ പറയുന്നു. ക്ലാസില്‍ പങ്കെടുക്കുന്നവരില്‍ ഏറ്റവും പ്രായം ചെന്ന വനിതയാണ് സീത. തന്റെ കൊച്ചുമക്കള്‍ സ്‌കൂളില്‍ പോവുന്നത് കാണുമ്പോള്‍ തനിക്കും പോകാന്‍ തോന്നാറുണ്ടെന്ന് സീത പറയുന്നു.

ഗ്രാമത്തിലെ എലിമെന്ററി സ്‌കൂളിലെ അധ്യാപകനായ യോഗേന്ദ്ര ബന്‍ഗറാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഈ സ്‌കൂള്‍ സ്ഥാപിച്ചത്. എല്ലാ ഭവനങ്ങളിലും ശൗചാലയങ്ങള്‍ സ്ഥാപിക്കുക, ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുക, തുടങ്ങി ഗ്രാമത്തില്‍ നടന്നുവരുന്ന ഒരുപിടി നല്ല വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അദ്ദേഹം.

Comments

comments

Categories: FK Special, Trending, Women