യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്താന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറം

യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്താന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറം

യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരവും ഇരുരാജ്യങ്ങളിലെയും നിക്ഷേപവും വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം

കൊച്ചി: ദുബായിലെ കോണ്‍സലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, അബുദാബിയിലെ ഇന്ത്യന്‍ എംബസി, യുഎഇയിലെ ഇക്കോണമി മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന് (ബിഎല്‍എഫ്) രൂപം നല്‍കി. ഇന്ത്യ ട്രേഡ് ആന്‍ഡ് എക്‌സിബിഷന്‍ സെന്ററായി (ഐടെക്) രിക്കും ഔദ്യോഗിക സെക്രട്ടേറിയറ്റ്. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ അല്ലെങ്കില്‍ കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ, യുഎഇ ഇക്കോണമി മന്ത്രാലയത്തിലെ ഫോറിന്‍ ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി അണ്ടര്‍ സെക്രട്ടറി എന്നിവരാണ് ബിഎല്‍എഫിന്റെ രക്ഷാധികാരികള്‍.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. ആസാദ് മൂപ്പനാണ് ബിഎല്‍എഫിന്റെ പ്രസിഡന്റ്. യുഎഇയിലെ ഇന്ത്യന്‍ ബിസിനസ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. റാം ബക്‌സാനി – സീനിയര്‍ വൈസ് പ്രസിഡന്റും പരസ് സഹദാപുരി, സുധീര്‍ ഷെട്ടി – വൈസ് പ്രസിഡന്റുമാരുമായിരിക്കും. ഐടെക്കിന്റെ ഡയറക്റ്റര്‍ ജനറലായ ശ്രീപ്രിയ കുമാരിയ ആയിരിക്കും ബിഎല്‍എഫിന്റെ സെക്രട്ടറി ജനറല്‍.

ഐടെക് ചെയര്‍മാന്‍ സുധേഷ് അഗര്‍വാള്‍ ബിഎല്‍എഫിന്റെ ബോര്‍ഡ് അംഗമായിരിക്കും. ബിഎല്‍എഫ് ഭാരവാഹികള്‍ക്ക് പുറമെ യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സുരി, ഇന്ത്യയുടെ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, യുഎഇയിലെ ഇക്കോണമി മന്ത്രാലയത്തില്‍ ഫോറിന്‍ ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അല്‍ സലേഹ്, യുഎഇ ഇന്റര്‍നാഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജമാല്‍ സെയ്ഫ് അല്‍ ജാര്‍വാന്‍ എന്നിവര്‍ പങ്കെടുത്തു.

ബിസിനസ് ലീഡേഴ്‌സ് ഫോറം തുടങ്ങുക എന്നതിനൊപ്പം യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സുരിക്ക് സ്വാഗതമേകാനും ബിഎല്‍എഫിന്റെ രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ച സ്ഥലം മാറിപ്പോകുന്ന കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ് നന്ദി പറയാനുമാണ് ബിഎല്‍എഫ് സമ്മേളനമെന്ന് ബിഎല്‍എഫ് സെക്രട്ടറി ജനറല്‍ ശ്രീപ്രിയ കുമാരിയ ചൂണ്ടിക്കാട്ടി.

യുഎഇയിലെ വ്യാപാര, വ്യവസായരംഗത്തിന് നേതൃത്വം നല്‍കുന്ന യുഎഇയിലെയും ഇന്ത്യയിലെയും ബിസിനസ് നേതാക്കള്‍ക്ക് ഇടപഴകുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനുമുള്ള വേദിയായിരിക്കും ബിഎല്‍എഫ് എന്ന് പ്രസിഡന്റ് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യയിലെയും യുഎഇയിലെയും നിക്ഷേപകര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനുമുള്ള ഏകജാലക സംവിധാനമായിരിക്കും ബിഎല്‍എഫ്. ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് ബിഎല്‍എഫ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

കുറഞ്ഞ സമയത്തിനുള്ളില്‍ വ്യക്തമായ കാഴ്ചപ്പാടോടെ രൂപം നല്‍കിയ ബിഎല്‍എഫിന് ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരിയും ഇന്ത്യയുടെ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണും അംഗീകാരം നല്‍കി. ഇന്ത്യന്‍ മിഷന്‍ ബിഎല്‍എഫിന് രൂപം നല്‍കിയത് വ്യക്തമായ കാഴ്ചപ്പാടോടെയാണെന്നും ഫോറത്തിന് പിന്തുണ നല്‍കി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ കൂട്ടുന്നതിനും യുഎഇ-ഇന്ത്യ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുമായി പ്രവര്‍ത്തിക്കുമെന്നും അംബാസഡര്‍ അറിയിച്ചു.

കൂടുതല്‍ സാഹോദര്യ, സാമ്പത്തിക ബന്ധവും യുഎഇയും ഇന്ത്യയും തമ്മിലുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യന്‍ മിഷനുമായി സഹകരിക്കുമെന്ന് യുഎഇ ഇക്കോണമി മന്ത്രാലയത്തിന്റെ ഫോറിന്‍ ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ അണ്ടര്‍ സെക്രട്ടറി അബ്ദുള്ള സലേഹ് പറഞ്ഞു.

കൂടുതല്‍ നിക്ഷേപത്തിനും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന യുഎഇയിലെ അന്താരാഷ്ട്ര നിക്ഷേപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ബിഎല്‍എഫുമായി ധാരണാപത്രം ഒപ്പിട്ടുവെന്ന് യുഎഇ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജമാല്‍ ജര്‍വാന്‍ പറഞ്ഞു. യുഐഐസിയുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ബിഎല്‍എഫ് നല്ലൊരു വേദിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ശക്തി മനുഷ്യവിഭവശേഷിയും യുഎഇയുടെ ശക്തി അടിസ്ഥാനസൗകര്യ വികസനവുമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സഹകരണവും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും ബിഎല്‍എഫ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. റാം ബക്‌സാനി ചൂണ്ടിക്കാട്ടി. യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനാണ് ബിഎല്‍എഫ് രൂപീകരിച്ചിരിക്കുന്നതെന്നും ഇന്ത്യയിലെയും യുഎഇയിലെയും ബിസിനസുകാര്‍ക്കും ഉയര്‍ന്ന തലത്തിലുള്ള ഗവണ്‍മെന്റ് അധികൃതര്‍ക്കും ബന്ധപ്പെടുന്നതിനുള്ള വേദിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ബിഎല്‍എഫ് അംഗത്വം ഇന്ത്യയിലെയും എമിറേറ്റ്‌സിലേയും ബിസിനസ് നേതാക്കള്‍ക്കും ഇന്ത്യയും യുഎഇയുമായി സൗഹൃദത്തിലുള്ള മാറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കും ഇന്ത്യയുമായും യുഎഇയുമായും ബിസിനസ് ബന്ധങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്ഷണം അനുസരിച്ച് മാത്രമായിരിക്കും. ഉടന്‍തന്നെ എമിറേറ്റ്‌സിലെ അറബ് ബിസിനസ് നേതാക്കളെ ഉള്‍പ്പെടുത്തി ഒരു ബോര്‍ഡിന് രൂപം നല്‍കും.

Comments

comments

Tags: India, UAE