അഭിപ്രായമറിയിക്കാന്‍ 60 ദിവസത്തെ സമയം വേണമെന്ന് ട്രംപ് ഭരണകൂടം

അഭിപ്രായമറിയിക്കാന്‍ 60 ദിവസത്തെ സമയം വേണമെന്ന് ട്രംപ് ഭരണകൂടം

എച്ച്4 വിസാ ഉടമകള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവാദം നല്‍കിയ ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരേയാണ് കേസ്

വാഷിങ്ടണ്‍: എച്ച്‌വണ്‍ ബി വിസയുള്ള കുടിയേറ്റക്കാരുടെ പങ്കാളികള്‍ക്ക് അമേരിക്കയില്‍ ജോലിചെയ്യാന്‍ അനുവാദം നല്‍കിയ ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ അഭിപ്രായം അറിയിക്കാന്‍ 60 ദിവസത്തെ സമയം വേണമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അപ്പീല്‍ കോടതിയോട് ആവശ്യപ്പെട്ടു.

എച്ച് 4 വിസ നേടിയവരെയും യുഎസില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന തീരുമാനം 2015ല്‍ ബറാക് ഒബാമ സര്‍ക്കാരാണ് കൊണ്ടുവന്നത്. എച്ച് 1ബി വിസയുള്ളവരുടെ ജീവിത പങ്കാളികള്‍ക്കാണ് സാധാരണയായി എച്ച്4 വിസ ലഭിക്കുന്നത്. അമേരിക്കയില്‍ കഴിയുന്ന ഇന്ത്യന്‍ ദമ്പതികള്‍ ഈ തീരുമാനത്തെ ഏറെ ആവേശത്തോടെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരേ ‘സേവ് ജോബ്‌സ് യുഎസ്എ’ എന്ന സംഘടന കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇത്തരത്തത് ഒബാമ സര്‍ക്കാരിന്റെ തീരുമാനത്തെ വാഷിങ്ടണ്‍ അപ്പീല്‍ കോടതി അംഗീകരിച്ചിരുന്നു. ഒരു ജില്ലാ കോടതി ഒബാമ ഭരണകൂടത്തിന്റെ തീരുമാനം ശരിവെച്ച സാഹചര്യത്തിലാണ് ഇവര്‍ വാഷിങ്ടണ്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്.

ഇക്കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ 60 ദിവസത്തെ സമയം വേണമെന്നും അതുവരെ കേസിലെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് ട്രംപ് ഭരണകൂടം കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. എച്ച് 1 ബി വിസകള്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിക്കുന്ന ആളാണ് യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് എന്നത് ഇതുസംബന്ധിച്ച് പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ കേസില്‍ കക്ഷി ചേരുമെന്ന് ഇമിഗ്രേഷന്‍ വോയ്‌സ് എന്ന സംഘടന അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ കേസ് ഫയല്‍ ചെയ്തതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ജില്ലാ കോടതി വ്യക്തമാക്കിയിട്ടും നീതിന്യായ വകുപ്പ് കേസുമായി മുന്നോട്ട് പോകുന്നത് എന്തിനാണെന്ന് ഇമിഗ്രേഷന്‍ വോയ്‌സ് സഹസ്ഥാപകന്‍ അമന്‍ കപൂര്‍ ചോദിക്കുന്നു.

അമേരിക്കയില്‍ 13 വര്‍ഷമായി ബയോമെഡിക്കല്‍ മേഖലയില്‍ ഗവേഷണം ചെയ്യുന്ന സുദര്‍ശന സെന്‍ഗുപ്തയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട് .ഗവേഷണം തുടരുന്നതിനായി 2015 മുതല്‍ താന്‍ എച്ച് 4 വിസ ഉപയോഗിക്കുന്നതായും സുദര്‍ശന പറഞ്ഞു. അതില്ലായിരുന്നുവെങ്കില്‍ കാന്‍സര്‍ പ്രതിരോധ തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ള തന്റെ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ കഴിയില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഫോര്‍ച്യൂണ്‍ 100 ല്‍ 2010 മുതല്‍ പ്രോജക്റ്റ് മാനേജരായി നിയമപരമായി ജോലി ചെയ്യുന്ന അനുജ് ദാമിജയാണ് കേസില്‍ കക്ഷി ചേര്‍ന്നിരിക്കുന്ന മറ്റൊരാള്‍.

അതേസമയം യുഎസ് പ്രസിഡന്റിന്റെ ഇമിഗ്രേഷന്‍ സംബന്ധിച്ചുള്ള പുതിയ നയങ്ങള്‍ രാജ്യത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കും അതിര്‍ത്തിയുടെ സുരക്ഷയ്ക്കുമാണെന്നാണ് വൈറ്റ് ഹൗസ് ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: FK Special, World
Tags: H 4 visa, Trump