എന്‍ജിനിയറിങ്, ഗവേഷണ മേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് സോന ഗ്രൂപ്പ്

എന്‍ജിനിയറിങ്, ഗവേഷണ മേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് സോന ഗ്രൂപ്പ്

മുംബൈ: ആഗോളതലത്തില്‍ ബിസിനസ്സ് ശക്തമാക്കുന്നതിനായി എഞ്ചിനീയറിങ്, ഗവേഷണ മേഖലകളില്‍ നിക്ഷേപത്തിനൊരുങ്ങി ഓട്ടോ കംപോണന്റ് നിര്‍മാതാക്കളായ സോന ഗ്രൂപ്പ്.

സംയുക്ത സംരംഭമായ എസ്ബിപിഎഫ്എല്ലില്‍ ജപ്പാനീസ് പങ്കാളി മിത്സുബിഷി മിനറലിന്റെ കൈവശമുണ്ടായിരുന്ന 25 ശതമാനം ഓഹരികള്‍ സോന ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്. ഇന്ത്യ, ജര്‍മനി, ഹംഗറി എന്നിവിടങ്ങളിലായി 7 പ്ലാന്റുകളാണ് എസ്ബിപിഎഫ്എല്ലിനുള്ളത്.

യുഎസിലും ജപ്പാനിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ഘടകങ്ങള്‍ കമ്പനി വിതരണം ചെയ്യുന്നുണ്ട്. അതിനാല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന്റെ ടെക്‌നോളജി, മെറ്റീരിയല്‍സ് തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ നിക്ഷേപം കൂടുതലായി നടത്താനാണ് നീക്കമെന്ന് സോനാ ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജയ് കപൂര്‍ പറഞ്ഞു.

ചെറിയ തോതിലുള്ള പ്രവര്‍ത്തനങ്ങളും നിക്ഷേപങ്ങളുമായാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. ഏതാണ്ട് 2 മില്യണ്‍ യൂറോ മാത്രമായിരുന്നു പ്രാരംഭ മൂലധനം. ഉപകരങ്ങളില്‍ ഏറെയും പണയത്തിനെടുക്കുകയായിരുന്നു. ഇപ്പോള്‍ പ്ലാന്റുകളുടെ വിപുലീകരണത്തിനും മറ്റുമായി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനാണ് ഒരുങ്ങുന്നത്.

തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ചിലത് ജര്‍മ്മനിയിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്നും സഞ്ജയ് കപൂര്‍ കൂട്ടിച്ചേര്‍ത്തു. ഹംഗറിയിലെ സ്വന്തം സംവിധാനങ്ങളുപയോഗിച്ചും ഇവ നിര്‍വഹിക്കാനാകും. ഇത്തരത്തില്‍ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിലൂടെ ആഗോളതലത്തില്‍ കൂടുതല്‍ മത്സരക്ഷമമമായ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കമ്പനിയുടെ ആഗോള ഉപഭോക്താക്കളില്‍ ഡൈംലര്‍, വോക്‌സ്‌വാഗന്‍, ഖിനോ, എംഎഎന്‍, സ്‌കാനിയ, ബിഎംഡബ്ല്യു, പോര്‍ഷെ, കാറ്റെപില്ലര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. മാരുതി സുസുക്കി, മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര, ടിഎഎഫ്ഇ,എസ്‌കോര്‍ട്ട്‌സ്, വോള്‍വോ ഐഷര്‍, ഐടിഎല്‍, ഭാരത് ബെന്‍സ് എന്നിവരാണ് എസ്ബിപിഎഫ്എല്ലിന്റെ ഇന്ത്യന്‍ശാഖയുടെ ഉപഭോക്താക്കള്‍.

Comments

comments