സല്‍മാന്‍ ഖാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിലേക്ക് കടക്കുന്നു

സല്‍മാന്‍ ഖാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിലേക്ക് കടക്കുന്നു

20,000 രൂപയില്‍ താഴെയുള്ള മോഡലുകളാണ് ആദ്യം വിപണിയില്‍ എത്തിക്കുക

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്തേക്ക് കടക്കുന്നു.

‘ബീയിങ് സ്മാര്‍ട്ട്’ എന്ന പേരിലാവും സല്‍മാന്‍ പുതിയ മൊബീല്‍ ഫോണ്‍ കമ്പനി ആരംഭിക്കുക. ഈ പേരിലുള്ള ട്രേഡ്മാര്‍ക്ക് സല്‍മാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ ആദ്യ പടിയായി സാംസംഗ്, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കമ്പനിയുടെ ഓപ്പറേഷന്‍ മാനേജ്‌മെന്റ് ടീം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് താരം.

സല്‍മാന്‍ ഖാന്റെ സിനിമകള്‍ നിര്‍മിച്ച നിര്‍മാതാക്കളുടെ സഹകരണത്തോടെയാണ് കമ്പനി ആരംഭിക്കുക. എങ്കിലും കമ്പനിയിലെ ഭൂരിപക്ഷം ഓഹരികളും സാല്‍മാന്റെ കൈവശമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ബീയിങ് ഹ്യൂമന്‍’ എന്ന പേരില്‍ നിലവില്‍ ഒരു വസ്ത്രനിര്‍മാണ കമ്പനി സല്‍മാന്‍ ഖാന്‍ നടത്തുന്നുണ്ട്.

മധ്യനിര വിപണി വിഭാഗത്തിലേക്ക് ചുവടുവെയ്ക്കുന്നതിന്റെ ഭാഗമായാണ് താരം സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിലേക്ക് കടക്കുന്നത്. നിര്‍മാണത്തിനായി ചൈനീസ് പ്ലാന്റും ആദ്യം പുറത്തിറക്കേണ്ട ഫോണ്‍ മോഡലുകളും സല്‍മാന്‍ ഖാന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. 20,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് ആദ്യം കമ്പനി അവതരിപ്പിക്കുക.

ആദ്യ ഘട്ടത്തില്‍ ബിയിങ് സ്മാര്‍ട്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കും വില്‍പ്പന നടത്തുക. പിന്നീട്, തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ചില സെല്‍ഫോണ്‍, ഇലക്ട്രോണിക് റീട്ടെയ്ല്‍ ശൃംഖലകളിലൂടെയും ഡിവൈസുകള്‍ ലഭ്യമാക്കും. ബിയിങ് ഹ്യൂമന്‍ സ്റ്റോറുകള്‍ വഴിയും സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍പ്പന നടത്തുമെന്നാണ് സൂചന.

ഒപ്പോ, വിവോ, ഷവോമി തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്കായിരിക്കും ബീയിങ് സ്മാര്‍ട്ട് കൂടുതല്‍ വെല്ലുവിളിയായി തീരുക. അതേസമയം, ആഭ്യന്തര വിപണിയില്‍ മൈക്രോമാക്‌സ്, ഇന്റക്‌സ് തുടങ്ങിയ മൊബീല്‍ നിര്‍മാണ കമ്പനികളും പുതിയ കമ്പനിയില്‍ നിന്നും കടുത്ത മത്സരം നേരിടും. പുതിയ ബിസിനസില്‍ നിന്നും ലഭിക്കുന്ന ലാഭം സല്‍മാന്‍ ഖാന്‍ നടത്തുന്ന സന്നദ്ധസേവന സംഘടനായായ ബിയിങ് ഹ്യൂമന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം.

Comments

comments