തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വളര്‍ച്ചയേ സുസ്ഥിരമാകൂ

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വളര്‍ച്ചയേ സുസ്ഥിരമാകൂ

ഇടത്തരക്കാരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്ത വളര്‍ച്ചയ്ക്ക് നിലനില്‍പ്പില്ലെന്ന് നയകര്‍ത്താക്കള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. സമ്പദ് വ്യവസ്ഥയില്‍ ഇപ്പോള്‍ പ്രകടമാകുന്ന പോസിറ്റീവ് ചലനങ്ങളില്‍ അഭിരമിച്ചിരിക്കുകയല്ല വേണ്ട, ദീര്‍ഘകാലത്തേക്കുള്ള നയങ്ങള്‍ ആവിഷ്‌കരിക്കുകയാണ്

അമിത് കപൂര്‍

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈയിടെ കുറച്ചു നല്ല വാര്‍ത്തകള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഒക്‌റ്റോബര്‍ മുതല്‍ ഡിംസബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച ഏഴ് ശതമാനത്തില്‍ നില്‍ക്കുന്നു. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട എല്ലാ നെഗറ്റീവ് ഊഹാപോഹങ്ങളെയും തകര്‍ത്തു കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. നോട്ട് അസാധുവാക്കല്‍ ജിഡിപി വളര്‍ച്ചയെ കാര്യമായി തന്നെ ബാധിക്കും എന്നായിരുന്നല്ലോ വിലയിരുത്തല്‍.

രണ്ട് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന കുതിപ്പാണ് സ്‌റ്റോക് മാര്‍ക്കറ്റുകള്‍ കാഴ്ച വെച്ചത്. മൂന്ന് മാസത്തെ ഉയര്‍ന്ന മൂല്യം രൂപയും കൈവരിച്ചു. എന്നിരുന്നാലും, നോട്ട് അസാധുവാക്കലിന്റെ ആഘാതം വളര്‍ച്ചയെ ബാധിക്കുമെന്ന നിരീക്ഷണം വലിയോതില്‍ സന്ദേഹം പരത്തിയിരുന്നു.

ഈ കണക്കുകള്‍ സംഘടിത മേഖലയെ ആധാരമാക്കിയുള്ളതാണെന്നും കണക്കെടുപ്പില്‍ അസംഘടിത മേഖല ഉള്‍പ്പെട്ടിട്ടില്ലെന്നും ജാപ്പനീസ് ധനകാര്യ സേവന കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നോമുറ ചൂണ്ടിക്കാട്ടുന്നു. ജിഡിപി വളര്‍ച്ചയെക്കുറിച്ച് രാജ്യത്ത് വാതോരാതെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും 2007ല്‍ തൊഴില്‍ ലഭ്യത 0.3 ശതമാനം ആയിരുന്നത് അടുത്തിടെ 0.15 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് ആരും ശ്രദ്ധിക്കുന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍, ഒരു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നത് 0.15 ശതമാനം തൊഴില്‍ സൃഷ്ടിക്കുന്നുവെന്ന് അര്‍ത്ഥം. അതേസമയം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് നല്ല വാര്‍ത്തകള്‍ വരുന്നതിനോടൊപ്പം അത് രാജ്യത്തിന്റെ തൊഴില്‍ മേഖലയിലേക്കും പ്രതിഫലിക്കുന്നുണ്ട്. 2016 ഓഗസ്റ്റില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 9.5 ശതമാനമായിരുന്നത് 2017 ഫെബ്രുവരിയായപ്പോഴേക്കും 4.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് ജിഡിപി കണക്കുകള്‍ പരിഗണിക്കാതെ, സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിക്കപ്പെടേണ്ടത് പുതിയ തൊഴിലവസരങ്ങളാണ് എന്ന് നാം തിരിച്ചറിയണം. ഗ്രാമീണ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ലാഭവിഹിതം നോക്കാതെയാണ്.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി രാജ്യത്തെ തൊഴിലില്ലായ്മയുടെ 50 ശതമാനം കുറയ്ക്കുന്നതിന് സഹായിച്ചു. ഇക്കാലയളവില്‍ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ കുടുംബങ്ങള്‍ക്കായി വകയിരുത്തിയ തൊഴില്‍ 8.3 മില്ല്യണില്‍ നിന്ന് 16.7 മില്ല്യണായി വര്‍ധിച്ചിട്ടുണ്ട്.

ഈ കണക്കുകള്‍ അത്ര വിശ്വാസ യോഗ്യമല്ലയെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് കാലത്തിന് തൊട്ടു മുന്‍പ് തൊഴിലില്ലായ്മയില്‍ ഉണ്ടായ നേരിയ കുറവ് ഹ്രസ്വകാല പ്രതിഭാസമാണ്. മത്സരിക്കുന്ന പാര്‍ട്ടികളുടെ ജനപക്ഷ തന്ത്രങ്ങളിലൊന്നാണത്. തൊഴിലില്ലായ്മയുടെ നേരിയ തോതിലുള്ള കുറവ് ഉത്തര്‍പ്രദേശിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് വസ്തുത. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ളതും ഏറെ രാഷ്ട്രീയ ശ്രദ്ധ നിലനില്‍ക്കുന്നതുമായ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ് എന്നത് ഇതിന് കൂടുതല്‍ ബലം നല്‍കുന്നു.

ഇന്ത്യയുടെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് തൊഴിലുറപ്പ് പദ്ധതി ഒരു ദീര്‍ഘകാല പരിഹാരമാര്‍ഗമല്ല. ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ മെയ്‌നാര്‍ഡ് കീനെസിന്റെ നിര്‍ദേശങ്ങളില്‍ ശുദ്ധി ചെയ്‌തെടുത്ത ഒന്നാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി. സര്‍ക്കാര്‍ ചെലവില്‍ ജനങ്ങളെ വീഴ്ത്തുന്നതിന് വേണ്ടി കുഴികുഴിക്കുക, സാമ്പത്തിക മാന്ദ്യകാലത്ത് അവരെ അതില്‍ നിറയ്ക്കുക എന്നതാണ് ഇതിന് പിന്നിലെ തന്ത്രം. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഒരു കാലത്ത് തൊഴിലുറപ്പ് പദ്ധതിയും ഇത് തന്നെയാണ് ചെയ്തത്. ഈ പദ്ധതി തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിച്ചിട്ടില്ല, മറിച്ച് അത് നീട്ടിക്കൊണ്ട് പോകുകയാണ് ചെയ്യുന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചക്രവാളങ്ങളില്‍ ചില ആപത് സൂചനകള്‍ കാണുന്നുണ്ട്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംരക്ഷണവാദമാണ് ദുഖങ്ങളുടെ ആദ്യ കാരണം. യുഎസ് കോണ്‍ഗ്രസില്‍ അദ്ദേഹം ആദ്യം നടത്തിയ പ്രസംഗത്തില്‍ ട്രംപ് ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുമെന്ന് വീണ്ടും പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ 16 ശതമാനം പേരും യുഎസിലാണ്. ഇത് ഏതൊരു രാജ്യത്തേക്കാളും കൂടുതലാണ്. അതിനാല്‍, ട്രംപിന്റെ പദ്ധതി നടപ്പിലാക്കിയാല്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ഇത് കൂടാതെ, വിദേശത്തു നിന്നും കോള്‍ സെന്റര്‍ സേവനങ്ങള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഗ്രാന്റുകളും വായ്പകളും അനുവദിക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതിന് യുഎസ് കോണ്‍ഗ്രസില്‍ ഒരു ബില്ലും അവതരിപ്പിക്കപ്പെട്ടു.

ഇത്തരത്തിലുള്ള ഒരുനീക്കം രാജ്യത്തെ ഐടി, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (ബിപിഒ) ജോലികളെ വലിയ തോതില്‍ ബാധിക്കും. ഈ മേഖലയില്‍ 62 ശതമാനം കയറ്റുമതി യുഎസ് കേന്ദ്രീകൃതമാണ്. മേഖലയില്‍ ഈ ട്രെന്‍ഡ് ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞു. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഏകദേശം 16,000 തൊഴിലവസരങ്ങളാണ് നഷ്ടപ്പെട്ടത്.

വളര്‍ന്നു കൊണ്ടിരിക്കുന്ന തൊഴില്‍ പ്രതിസന്ധിയാണ് ആശങ്കയുടെ രണ്ടാമത്തെ കാരണം. പ്രമുഖ സേവന മേഖലകളായ ഐടി, ടെലികോം, ബിഎഫ്എസ്‌ഐ (ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഷുറന്‍സ്) എന്നിവയിലാണ് പ്രധാനമായും തൊഴില്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. ആഭ്യന്തര വിപണിയിലെ അസ്ഥിരതയാണ് ഇതിന് കാരണം.

അതിയന്ത്രവല്‍ക്കരണമാണ് ഇന്ത്യയിലെ തൊഴില്‍ മേകല നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ഇന്‍ഫോസിസ് മേധാവി വിശാല്‍ സിക്ക അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ പെട്ടെന്ന് ദൃശ്യമാകണമെന്നില്ല. യന്ത്രവല്‍ക്കരണം ഏറ്റവും കൂടുതല്‍ ബാധിക്കുക ഐടി മേഖലയെയായിരക്കും. മറ്റൊരു വശത്ത്. ടെലികോം, ബിഎഫ്എസ്‌ഐ മേഖലകളിലെ ഏകീകരണം വേറൊരു തരത്തിലുള്ള തൊഴില്‍ നഷ്ടത്തിനും വഴി വെച്ചേക്കും. വലിയ തോതിലുള്ള ലയനങ്ങള്‍ ഇരു വിഭാഗത്തിലും നടക്കുന്നതിനാല്‍, അവ വളരെ വേഗത്തിലാണ് പക്വത കൈവരിക്കുന്നത്. വോഡഫോണ്‍-ഐഡിയ ലയനം അത്തരത്തിലുള്ള ഒരു നീക്കമാണ്. ഇത് സാമ്പത്തികമായി സ്വാധീനിക്കപ്പെടുകയും തൊഴില്‍ ശക്തിയെ കുറയ്ക്കുകയും ചെയ്യും.

ജിഡിപി വളര്‍ച്ചയെ പുതിയ തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ നയങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് ഇന്ത്യ കൂടുതലായി ശ്രദ്ധിക്കണം. ഇത് തൊഴില്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ഉല്‍പ്പാദന മേഖലയില്‍ ഇത്തരത്തിലുള്ള ബന്ധം ഉയര്‍ന്ന നിലയിലാണ്. ഉല്‍പ്പാദനമേഖലയിലെ ഉണര്‍വ് രാജ്യം അഭിമുഖീകരിക്കുന്ന രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയ്ക്ക് ഒരാശ്വാസമായി മാറും. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത് ചുക്കാന്‍ പിടിക്കും.

2005 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ട 70 ശതമാനം തൊഴിലവസരങ്ങളും ഈ മേഖലകളില്‍ നിന്നായിരുന്നു. അവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി 2017-18 വര്‍ഷത്തെ ബജറ്റില്‍ നികുതിയിളവുകളും അനുവദിക്കുന്നുണ്ട്. എന്നിരുന്നാലും, ഈ മേഖലയിലും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമുണ്ട്. ഒപ്പം കഴിവുറ്റ നിയന്ത്രണങ്ങളും പ്രതീക്ഷിക്കുന്നു.

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനനുവേണ്ടി ഇന്ത്യ അടിയന്തരമായി ഒരു സംയോജിത പദ്ധതി തയാറാക്കേണ്ടതുണ്ട്. ഇപ്പോള്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് പുറത്തു വന്നിട്ടുള്ള നല്ല വാര്‍ത്തകള്‍ സര്‍ക്കാരിനെ സ്വയം പുകഴ്ത്തലുകൡലേക്കും അഭിന്ദനത്തിലേക്കും നയിക്കുന്നുണ്ട്. എന്നാല്‍, ദീര്‍ഘകാലത്തേക്ക് രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന വിധത്തിലുള്ള നയങ്ങളാണ് രൂപീകരിക്കേണ്ടത്.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റീറ്റിവ്‌നെസിന്റെ അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Politics