ഇന്ത്യയുടെ സ്വര്‍ണ ആവശ്യകത 750 ടണ്ണില്‍ എത്തിയേക്കും: ഡബ്ല്യുജിസി

ഇന്ത്യയുടെ സ്വര്‍ണ ആവശ്യകത 750 ടണ്ണില്‍ എത്തിയേക്കും: ഡബ്ല്യുജിസി

2016 ഏറെ വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമായിരുന്നു

ന്യൂഡെല്‍ഹി: 2017ല്‍ ഇന്ത്യയുടെ സ്വര്‍ണ ആവശ്യകത ഏകദേശം 650 മുതല്‍ 750 ടണ്‍ വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി). കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയും എക്‌സൈസ് നികുതി പിരിവുമുണ്ടാക്കിയ ഹ്രസ്വകാല തിരിച്ചടികള്‍ തരണം ചെയ്യാന്‍ സ്വര്‍ണ ആവശ്യകതയുടെ തിരിച്ചുവരവോടെ ഇന്ത്യന്‍ സ്വര്‍ണ വിപണിക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തെ സ്വര്‍ണ ആവശ്യകതയില്‍ വലിയ ഇടിവ് രേഖപ്പടുത്തിയിരുന്നു. പക്ഷെ, പിന്നീട് ഇന്ത്യന്‍ സ്വര്‍ണ വിപണിയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പും ദര്‍ശിക്കാനായിട്ടുണ്ട്. മുന്‍പ് സ്വര്‍ണ വിപണിയെ കടുത്ത നിയന്ത്രണത്തിലാക്കാനുള്ള അധികൃതരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം സ്വര്‍ണം അവരുടെ സംസ്‌കാരവുമായി ഇഴചേര്‍ന്ന് കിടക്കുന്നതാണ്. അതുകൊണ്ടു തന്നെ രാജ്യത്തെ സ്വര്‍ണ്ണ ആവശ്യകതയില്‍ സ്വാഭാവിക വളര്‍ച്ച അനുഭവപ്പെടാനാണ് സാധ്യത. 2017 സംബന്ധിച്ച സസൂക്ഷ്മമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 650 ടണ്‍ മുതല്‍ 750 ടണ്‍ വരെ സ്വര്‍ണം ഉപഭോക്താക്കള്‍ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു.

മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സ്വര്‍ണ വിപണിയില്‍ സാമ്പത്തികമായ വളര്‍ച്ചയും ഉയര്‍ന്ന സുതാര്യതയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്വര്‍ണ ആവശ്യകതയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും. 2020ഓടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ 850 ടണ്ണിനും 950 ടണ്ണിനും ഇടയില്‍ സ്വര്‍ണം വാങ്ങുന്നത് കാണാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡബ്ല്യുജിസിയുടെ കണക്കനുസരിച്ച് 2016, ഇന്ത്യന്‍ സ്വര്‍ണ വ്യാപാര രംഗത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ജുവല്ലറി നിര്‍മാണത്തിന് ഒരു ശതമാനം എക്‌സൈസ് നികുതി പിരിക്കാനുള്ള തീരുമാനം 42 ദിവസത്തെ സമരത്തിലേക്ക് നയിച്ചു. തുടര്‍ന്ന് വരുമാനം വെളിപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി ആദായ നികുതി വകുപ്പില്‍ നിന്നുണ്ടായ സമ്മര്‍ദങ്ങളും ഈ രംഗത്ത് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്.

നോട്ട് അസാധുവാക്കല്‍ നടപടിയുടെ ആഘാതം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മൊത്തത്തില്‍ ദോഷകരമായി ബാധിച്ചതായും ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ സ്വര്‍ണ ആവശ്യകതയില്‍ വലിയ ഇടിവുണ്ടാക്കിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സ്വര്‍ണ ആവശ്യകത 2009നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞുവെന്നും കൗണ്‍സില്‍ വിലയിരുത്തുന്നു.

മൂന്ന് ലക്ഷത്തിനു മുകളിലുള്ള കറന്‍സി ഇടപാടുകള്‍ക്ക് ഏപ്രില്‍ മാസം മുതല്‍ നിയന്ത്രണം കൊണ്ടു വരുന്നതും ഗ്രാമീണ ഇന്ത്യയില്‍ നിന്നുള്ള ആവശ്യകതയില്‍ പ്രതിഫലിക്കുമെന്നാണ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കാനുള്ള തീരുമാനവും സ്വര്‍ണ വിപണിയെ പ്രതികൂലമായി ബാധിക്കും. പക്ഷേ, ഏകീകൃത നികുതി സമ്പ്രദായം സ്വര്‍ണത്തിന്റെ മൂല്യത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് സഹായകമാകുമെന്നും കൗണ്‍സില്‍ വിശദീകരിച്ചു.

Comments

comments

Tags: gold, India, WGC