ഹ്വായ്‌റ റോഡ്‌സ്‌റ്റെര്‍ വന്നു, കണ്ണുതള്ളി വാഹനപ്രേമികള്‍

ഹ്വായ്‌റ റോഡ്‌സ്‌റ്റെര്‍ വന്നു, കണ്ണുതള്ളി വാഹനപ്രേമികള്‍

അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത് 2.41 മില്യണ്‍ ഡോളര്‍

ജനീവ : ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ പഗാനി ഓട്ടോമൊബീലിയുടെ പുതിയ മില്യണ്‍-ഡോളര്‍, ഹാന്‍ഡ്-ബില്‍റ്റ് സൂപ്പര്‍കാര്‍ ഹ്വായ്‌റ റോഡ്‌സ്‌റ്റെര്‍ അവതരിച്ചു. ജനീവ മോട്ടോര്‍ ഷോയിലാണ് കാതടപ്പിക്കുന്ന കരഘോഷത്തിന്റെ അകമ്പടിയോടെ ഹ്വായ്‌റ റോഡ്‌സ്‌റ്റെര്‍ അനാവരണം ചെയ്തത്. താന്‍ ഇതുവരെ ഏറ്റെടുത്തതില്‍ ഏറ്റവും സങ്കീര്‍ണ്ണമായ പ്രോജക്റ്റായിരുന്നു റോഡ്‌സ്‌റ്റെറിന്റേതെന്ന് സ്ഥാപകന്‍ ഹൊറാസിയോ പഗാനി പറഞ്ഞു.

കാര്‍ബണും ഗ്ലാസും കൊണ്ട് നിര്‍മ്മിച്ച റൂഫ്‌ടോപ്പ് എടുത്തുമാറ്റാന്‍ കഴിയുമെന്നതാണ് പുതിയ ഇറ്റാലിയന്‍ സൂപ്പര്‍കാറിന്റെ പ്രധാന സവിശേഷത. സോള്‍ഡ്-ഔട്ട് പ്രൊഡക്ഷന്‍ രീതിയില്‍ ഹ്വായ്‌റ റോഡ്‌സ്‌റ്റെറിന്റെ നൂറ് യൂണിറ്റുകളാണ് പഗാനി നിര്‍മ്മിക്കാന്‍ പോകുന്നത്.

മുന്‍ മോഡലില്‍നിന്ന് ചില പ്രധാന മാറ്റങ്ങള്‍ ഹ്വായ്‌റ റോഡ്‌സ്‌റ്റെറില്‍ പഗാനി വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇവ പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നതല്ല. ഹ്വായ്‌റ കൂപ്പെയില്‍നിന്ന് വ്യത്യസ്തമായി ഹാര്‍ഡ്‌ടോപ്പ് റൂഫ് എടുത്തുകളഞ്ഞത് വാഹനത്തിന്റെ ഭാരം കുറയുന്നതിന് സഹായിച്ചു. മറ്റ് കണ്‍വെര്‍ട്ടിബിളുകളില്‍നിന്ന് വ്യത്യസ്തമായി ബോഡിയുടെതന്നെ ഭാഗമാണ് ചാസി. ഹ്വായ്‌റ കൂപ്പെയ്ക്ക് 1,350 കിലോഗ്രാമായിരുന്നു ഭാരമെങ്കില്‍ ഹ്വായ്‌റ റോഡ്‌സ്‌റ്റെറിന് 1,280 കിലോഗ്രാമേയുള്ളൂ. പുറത്തിറക്കുന്ന സമയത്ത് വിപണിയില്‍ ഏറ്റവും ഭാരം കുറവ് ഹ്വായ്‌റ കൂപ്പെയ്ക്കായിരുന്നു.

6 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് മെഴ്‌സിഡസ്-ബെന്‍സ് എഎംജി വി12 എന്‍ജിന്‍, 7-സ്പീഡ് സിംഗിള്‍ ക്ലച്ച് പാഡില്‍ഷിഫ്റ്റ് ഗിയര്‍ബോക്‌സ് എന്നിവയെല്ലാം മുന്‍ഗാമിയേപ്പോലെ തന്നെയാണെങ്കിലും റിയര്‍-വീല്‍-ഡ്രൈവ് റോഡ്‌സ്‌റ്റെറിന് വേഗം കൂടും. ഭാരവും കുറവാണ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 മൈല്‍ വേഗം കൈവരിക്കുന്നതിന് 3 സെക്കന്‍ഡില്‍ താഴെ മാത്രം സമയം മതിയാകും.

ഹ്വായ്‌റ കൂപ്പെയ്ക്ക് 3 സെക്കന്‍ഡ് വേണമായിരുന്നു. ഇതോടെ ലോകത്ത് ഇന്ന് ഏറ്റവുമധികം വേഗമുള്ള കാറുകളിലൊന്നായി മാറിയിരിക്കുകയാണ് ടു-സീറ്റര്‍ പഗാനി ഹ്വായ്‌റ റോഡ്‌സ്‌റ്റെര്‍. 20-21 ഇഞ്ച് വലുപ്പമുള്ള ചക്രങ്ങളാണ് ഹ്വായ്‌റ റോഡ്‌സ്‌റ്റെറിനുള്ളത്. ജുവല്‍-ബ്ലൂ നിറമുള്ള കാര്‍ബണ്ഡ ഫൈബര്‍ എക്സ്റ്റീരിയര്‍ ഈ സൂപ്പര്‍ കാറിന്റെ മോടി കൂട്ടുന്നതാണ്.

ഹ്വായ്‌റ റോഡ്‌സ്‌റ്റെറിന്റെ അടിസ്ഥാന വിലയായി 2.41 മില്യണ്‍ ഡോളറാണ് നിശ്ചയിച്ചിരിക്കുന്നത്. പഗാനിയുടെ ഓരോ സൂപ്പര്‍ കാറും മുന്‍ഗാമികളേക്കാള്‍ വ്യത്യാസപ്പെട്ടിരിക്കുന്നതും നിര്‍മ്മാണ രീതികളുമാണ് വില വര്‍ധിപ്പിക്കുന്നത്. തങ്ങളുടെ കാറുകളില്‍ ശാസ്ത്രത്തിന്റെയും കലയുടെയും സമന്വയമാണ് പഗാനി അധികൃതര്‍ കാണുന്നത്.

റോഡ്‌സ്‌റ്റെറിന്റെ അടിസ്ഥാന വില താരതമ്യേന കുറവാണെന്നും പുതിയൊരെണ്ണം സന്തോഷത്തോടെ വാങ്ങാന്‍ മിക്കവരും തയ്യാറാകുമെന്നും അധികൃതര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആദ്യഘട്ടമായി നൂറ് ഹ്വായ്‌റ റോഡ്‌സ്‌റ്റെര്‍ നിര്‍മ്മിക്കുന്നതിനുതന്നെ വര്‍ഷങ്ങളെടുത്തേക്കും.

 

Comments

comments

Categories: Auto, Trending, World