ജനീവ മോട്ടോര്‍ ഷോ : കാറുകളുടെ വിസ്മയലോകം

ജനീവ മോട്ടോര്‍ ഷോ : കാറുകളുടെ വിസ്മയലോകം

മുന്തിയ കാറുകളുടെ കാഴ്ച്ചകളാല്‍ സംഭവബഹുലമാണ് 87-)മത് ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ

ജനീവ : റേസ്‌കാറിന്റെ വേഗവും കരുത്തും ഇരമ്പവുമായി ഫെറാറി. വിപണി പിടിച്ചെടുക്കാന്‍ കഴിയുമെന്ന് കരുതുന്ന അര്‍ബന്‍ സ്‌പോര്‍ട്ട്-യൂട്ടിലിറ്റിവാഹനവുമായി ഒപെല്‍. വിലയേറിയ പിക്കപ്പ് ട്രക്കുമായി മെഴ്‌സിഡസ് ബെന്‍സ്. മുന്തിയ കാറുകളുടെ കാഴ്ച്ചകളാല്‍ സംഭവബഹുലമാണ് 87-) മത് ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ.

പ്രദര്‍ശനത്തിനുവെച്ച 900 ഓളം വാഹനങ്ങളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരും ഓട്ടോമൊബീല്‍ വിദഗ്ധരും തിരഞ്ഞെടുത്ത വാഹനങ്ങളാണ് മേല്‍പ്പറഞ്ഞവ. പാലെക്‌സ്‌പോ സെന്ററില്‍ നടക്കുന്ന വാഹന പ്രദര്‍ശനം ഇന്നലെ മുതല്‍ പൊതുജനങ്ങള്‍ക്കും കാണാം. ഈ മാസം 19 നാണ് ജനീവ മോട്ടോര്‍ ഷോയ്ക്ക് തിരശ്ശീല വീഴുന്നത്. മുതിര്‍ന്നവര്‍ക്ക് 16 സ്വിസ് ഫ്രാങ്കിന്റെ (16 ഡോളര്‍) ടിക്കറ്റെടുത്തും പതിനാറ് വയസ്സിന് താഴെയുള്ളവര്‍ക്ക് 9 ഫ്രാങ്ക് കൊടുത്തും കാറുകളുടെ വിസ്മയലോകത്തേക്ക് പ്രവേശിക്കാം.

ജനീവ മോട്ടോര്‍ ഷോയിലെ ടോപ് ഫൈവ് കാറുകളെ പരിചയപ്പെടാം.

ഫെറാറി 812 സൂപ്പര്‍ഫാസ്റ്റ്

ഈ പേരില്‍നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണ്. തങ്ങള്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും കരുത്തുറ്റതും വേഗമേറിയതുമായ കാറാണ് 812 സൂപ്പര്‍ഫാസ്റ്റ് എന്നാണ് ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഫെറാറി അവകാശപ്പെട്ടത്. മണിക്കൂറില്‍ പരമാവധി 340 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്നതാണ് 6.5 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ച 812 സൂപ്പര്‍ഫാസ്റ്റ്. മാത്രമല്ല, പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കേവലം 2.9 സെക്കന്‍ഡ് മതി.

റേഞ്ച് റോവര്‍ വെലാര്‍

റേഞ്ച് റോവര്‍ ഇവോക്കിനും റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിനും ഇടയില്‍ വലുപ്പമുള്ളതാണ് ഈ ആഡംബര എസ്‌യുവി. രണ്ട് മുതല്‍ അഞ്ച് വരെ ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന കാറിനകത്ത് പത്ത് ഇഞ്ച് വലുപ്പമുള്ള രണ്ട് ടച്ച്‌സ്‌ക്രീനുകളും 1,600 വാട്ട് മെറിഡിയന്‍ സിഗ്നേച്ചര്‍ സൗണ്ട് സിസ്റ്റവും ഒരുക്കിയിരിക്കുന്നു. ഓണ്‍-ബോര്‍ഡ് വൈഫൈ ഹോട്ട്‌സ്‌പോട്ടില്‍ എട്ട് ഡിവൈസുകള്‍ കണക്റ്റ് ചെയ്യാം. സിക്‌സ്-സിലിണ്ടര്‍ എന്‍ജിന്‍ വേര്‍ഷന്‍ വാഹനത്തിന് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 5.3 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത.

തുകല്‍ കൊണ്ട് നിര്‍മ്മിച്ചതും തുണി കൊണ്ട് നിര്‍മ്മിച്ചതുമായ രണ്ട് ഇന്റീരിയര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ജനങ്ങളെ ഡ്രൈവ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വാഹനമാണ് വെലാര്‍ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. യുവാവായിരിക്കുമ്പോള്‍ സ്‌പോര്‍ട്‌സ് കാര്‍ ഓടിച്ചിരുന്നവരും ഇപ്പോള്‍ സാമ്പത്തിക ഭദ്രതയുള്ളവരുമായ ഉപയോക്താക്കളെ വെലാര്‍ മോഹിപ്പിക്കുമെന്നും ഐഎച്ച്എസ് മാര്‍ക്കിറ്റിലെ ഇയാന്‍ ഫ്‌ളെച്ചര്‍ അഭിപ്രായപ്പെട്ടു. ഏകദേശം 57,000 ഡോളറാണ് വില.

ഒപെല്‍ ക്രോസ്‌ലാന്‍ഡ് എക്‌സ്

എസ്‌യുവികള്‍ ഏറ്റവുമധികം വിറ്റഴിയുന്ന യൂറോപ്യന്‍ വിപണിയില്‍ ക്രോസ്‌ലാന്‍ഡ് എക്‌സ് എന്ന ചെറിയ എസ്‌യുവിയുമായി വരികയാണ് ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ ഒപെല്‍. 2007 ല്‍ യൂറോപ്യന്‍ വിപണിയിലെ ആകെ വാഹന വില്‍പ്പനയില്‍ എസ്‌യുവിയുടെ പങ്കാളിത്തം ഏഴ് ശതമാനമായിരുന്നെങ്കില്‍ നിലവില്‍ 20 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്.

4.21 മീറ്റര്‍ നീളം വരുന്ന ക്രോസ്‌ലാന്‍ഡ് എക്‌സ് ഒപെലിന്റെ തന്നെ ആസ്ട്രയേക്കാള്‍ പതിനാറ് സെന്റിമീറ്റര്‍ ചെറുതാണ്. ഇതിനാല്‍ യൂറോപ്പിലെ തിരക്കേറിയതും ഇടുങ്ങിയതുമായ തെരുവുകളില്‍ ക്രോസ്‌ലാന്‍ഡ് എക്‌സ് പാര്‍ക്ക് ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരില്ല. ക്രോസ്‌ലാന്‍ഡ് എക്‌സിന് പത്ത് സെന്റിമീറ്റര്‍ ഉയരക്കൂടുതലുമുള്ളതിനാല്‍ ഉയര്‍ന്ന സീറ്റ് പൊസിഷന്‍ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ആശ്വാസം പകരും. ഓഫ്-റോഡ് സവിശേഷതകള്‍ കൂടി ഉള്‍ക്കൊള്ളിച്ചാണ് ക്രോസ്‌ലാന്‍ഡ് എക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ നഗരപ്രദേശങ്ങളില്‍ ഉപയോഗിക്കുന്നവരെ ഉദ്ദേശിച്ചാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഒപെല്‍ വ്യക്തമാക്കി. സമ്പൂര്‍ണ്ണ കാഴ്ച്ച സമ്മാനിക്കുന്ന ഗ്ലാസ് മേല്‍ക്കൂര കൂടാതെ ഡാഷില്‍ എട്ട് ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീനും സജ്ജീകരിച്ചിരിക്കുന്നു.

പിഎസ്എ ഗ്രൂപ്പുമായിചേര്‍ന്നാണ് ഒപെല്‍ ക്രോസ്‌ലാന്‍ഡ് എക്‌സ് വികസിപ്പിച്ചെടുത്തത്. ഒപെല്‍ യൂണിറ്റ് ഏറ്റെടുക്കുന്നതിന് പിഎസ്എ ഗ്രൂപ്പ് ഈയിടെ ജനറല്‍ മോട്ടോഴ്‌സ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. ഒപെല്‍ യൂണിറ്റിനെ ലാഭവഴിയില്‍ തിരിച്ചെത്തിക്കുന്നതിന് ഓരോ വാഹന വില്‍പ്പനയില്‍നിന്നും കൂടുതല്‍ വരുമാനം പിഎസ്എ ഗ്രൂപ്പ് നേടണം. സാധാരണ കാറുകളേക്കാള്‍ എസ്‌യുവികള്‍ക്കാണ് ഇപ്പോള്‍ യൂറോപ്യന്‍ വിപണിയില്‍ പ്രിയമെന്നതുകൊണ്ട് ഈ ചെറിയ എസ്‌യുവിയെ മുന്നില്‍നിര്‍ത്തി കളിക്കാന്‍ തന്നെയാണ് പിഎസ്എ ഗ്രൂപ്പിന്റെ തീരുമാനമെന്ന് വ്യക്തമാണ്. 1999 നുശേഷം യൂറോപ്പില്‍ ഒപെല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഇതുവരെ ലാഭം കൈവരിച്ചിട്ടില്ല.

മെഴ്‌സിഡസ് ബെന്‍സ് എക്‌സ് ക്ലാസ്

ഡയ്മ്‌ലറിന്റെ ലക്ഷ്വറി ബ്രാന്‍ഡായ മെഴ്‌സിഡസ് ബെന്‍സിന്റെ മിഡ്-സൈസ് പിക്കപ്പാണ് എക്‌സ് ക്ലാസ്. കൊമേഴ്‌സ്യല്‍ ഉപയോഗം, ഓഫ്-റോഡ് ശേഷി എന്നിവയ്‌ക്കൊപ്പം വ്യക്തിഗത ഗതാഗതാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനാണ് എക്‌സ് ക്ലാസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. ബ്രസീല്‍, അര്‍ജന്റീന, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക വിപണികളെയാണ് എക്‌സ് ക്ലാസ് ലക്ഷ്യം വെയ്ക്കുന്നത്.

ഓസ്‌ട്രേലിയന്‍ വാഹന വിപണിയില്‍ ഏറ്റവുമധികം വിറ്റഴിയുന്ന വാഹന സെഗ്‌മെന്റ് ഇത്തരം മിഡ്-സൈസ് പിക്കപ്പുകളാണ്. 14.1 ശതമാനം. അര്‍ജന്റീനിയന്‍ വിപണിയില്‍ രണ്ടാം സ്ഥാനമാണ് മിഡ്-സൈസ് പിക്കപ്പുകള്‍ക്കുള്ളത്. 11.6 ശതമാനം. എക്‌സ് ക്ലാസ് അമേരിക്കയില്‍ വില്‍ക്കുമോയെന്ന് കമ്പനി വ്യക്തമാക്കിയില്ല. എന്നാല്‍ ഈ വര്‍ഷം തന്നെ യൂറോപ്യന്‍ വിപണിയിലെത്തും. റെനോ-നിസ്സാന്‍ അലയന്‍സുമായി സഹകരിച്ച് ബാഴ്‌സലോണയിലെ നിസ്സാന്‍ പ്ലാന്റിലും അര്‍ജന്റീന നഗരമായ കൊര്‍ദോബയിലെ റെനോ പ്ലാന്റിലുമായിരിക്കും എക്‌സ് ക്ലാസ് നിര്‍മ്മിക്കുന്നത്.

മക്‌ലാറെന്‍ 720എസ്

മക്‌ലാറെന്റെ 720എസ് സ്‌പോര്‍ട്‌സ് കാര്‍ അനാവരണം ചെയ്യുമ്പോഴാണ് ജനീവ മോട്ടോര്‍ ഷോയില്‍ ഏറ്റവുമധികം തിക്കുംതിരക്കും അനുഭവപ്പെട്ടത്. 1,283 കിലോഗ്രാം മാത്രം ഭാരമുള്ള കാറിന് കാര്‍ബണ്‍-ഫൈബര്‍ ചാസ്സിയാണുള്ളത്. 720 കുതിരശക്തി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ച 720 എസ്സിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 2.9 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 341 കിലോമീറ്ററാണ് പരമാവധി വേഗം. മെയ് മാസത്തോടെ കാര്‍ സ്വന്തമാക്കാം. യുകെയില്‍ 2,52,400 ഡോളറാണ് ഏകദേശ വില.

Comments

comments

Categories: Auto, FK Special