ബ്രിക്‌സില്‍ പാക്കിസ്ഥാനെയും കൂട്ടാന്‍ ചൈനയുടെ നീക്കം

ബ്രിക്‌സില്‍ പാക്കിസ്ഥാനെയും കൂട്ടാന്‍ ചൈനയുടെ നീക്കം

ബ്രിക്‌സ് സമ്മേളനത്തിനു മുന്നോടിയായി ഇന്ത്യയെ ലക്ഷ്യംവെച്ചുള്ള നീക്കമാണെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ബ്രിക്‌സ് കൂട്ടായ്മയില്‍ തങ്ങളുടെ കരുത്തു വര്‍ധിപ്പിക്കാന്‍ തന്ത്രപരമായ നീക്കങ്ങളുമായി ചൈന. ചൈനയുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന പാക്കിസ്ഥാന്‍, ശ്രീലങ്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ബ്രിക്‌സിനെ തങ്ങളുടെ വരുതിയാലാക്കാനാണ് ചൈനയുടെ നീക്കം. ഇന്ത്യയുടെ താല്‍പ്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ഈ നീക്കം.

കൂടുതല്‍ വികസ്വര രാജ്യങ്ങളെ ഉള്‍പ്പെടുത്തി ബ്രിക്‌സിനെ ബ്രിക്‌സ് പ്ലസ് എന്ന പേരില്‍ വിപുലപ്പെടുത്തണമെന്നും സൗഹൃദ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി സഹകരണത്തിന്റെ ശക്തമായ അടിത്തറയായി ബ്രിക്‌സിനെ മാറ്റണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീ ആവശ്യപ്പെട്ടു. ചൈനീസ് പാര്‍ലമെന്റ് സമ്മേളനത്തൊടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് 2001ലാണ് സ്ഥാപിതമായത്. ബ്രിക്‌സിന്റെ അധ്യക്ഷപദവി നിലവില്‍ ചൈനയാണ് വഹിക്കുന്നത്. അടുത്ത സെപ്റ്റംബറില്‍ ചൈനയില്‍ ബ്രിക്‌സ് സമ്മേളനം നടക്കാനിരിക്കെയുള്ള ചൈനയുടെ പുതിയ നീക്കം ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് വിലയിരുത്തല്‍. ബ്രിക്‌സിനെ നിയന്ത്രണത്തിലാക്കാനുള്ള ചൈനയുടെ ശ്രമം അതിന്റെ ലക്ഷ്യത്തെയും വികസന ലക്ഷ്യങ്ങളില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള യോജിപ്പിനെയും ബാധിക്കുമെന്നാണ് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

2016ല്‍ ഗോവയില്‍ നടന്ന ബ്രിസ്‌ക് സമ്മേളനത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തി പ്രമേയം അവതരിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടക്കാതെ പോയത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ആരോപിച്ച് പാകിസ്താനെതിരേ പ്രമേയം കൊണ്ടുവരാനായിരുന്നു ഇന്ത്യയുടെ ശ്രമം.

Comments

comments

Categories: FK Special, World