100 നഗരങ്ങളിലെ ബിപിഎല്‍ കുടുംബങ്ങളുടെ വീട്ടുവാടകയ്ക്ക് സഹായമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

100 നഗരങ്ങളിലെ  ബിപിഎല്‍ കുടുംബങ്ങളുടെ വീട്ടുവാടകയ്ക്ക് സഹായമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

തദ്ദേശ സ്ഥാപനങ്ങളിലൂടെ റെന്റ് വൗച്ചറുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്

ന്യൂഡെല്‍ഹി: നഗര പ്രദേശങ്ങളില്‍ താമസിക്കുന്ന ദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട്ടു വാടകയുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതിനായി റെന്റല്‍ ഹൗസിംഗ് പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്കു വേണ്ടി 2,700 കോടി രൂപയുടെ ക്ഷേമ പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കാനൊരുങ്ങുന്നത്.

റെന്റ് വൗച്ചറുകള്‍ വിതരണം ചെയ്തായിരിക്കും പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 100 സ്മാര്‍ട്ട് സിറ്റികള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തോളമായി ആസൂത്രണം നടക്കുന്നുണ്ട്.

2017-2018 സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി നടപ്പിലാക്കി തുടങ്ങാനാണ് സാധ്യത. ഇത്തരത്തില്‍ രാജ്യത്തെ സ്മാര്‍ട്ട് സിറ്റികളില്‍ പദ്ധതി നടപ്പാക്കുന്നതിന് ഓരോ വര്‍ഷവും 2,713 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവ് കണക്കാക്കിയിരിക്കുന്നത്. കുടിയേറ്റ ജനതയെയും നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന ദരിദ്ര വിഭാഗത്തെയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നഗരപ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയായിരിക്കും വൗച്ചറുകള്‍ വിതരണം ചെയ്യുക.

വാടകക്കാരന്‍ ഈ വൗച്ചര്‍ വീട്ടുടമയ്ക്ക് കൈമാറും. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന വൗച്ചര്‍ തുകയേക്കാള്‍ കൂടുതലാണ് വാടക തുകയെങ്കില്‍ ബാക്കി തുക വാടകക്കാരന്‍ തന്നെ ഉടമയ്ക്ക് നല്‍കേണ്ടി വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായിരിക്കും വൗച്ചറുകളുടെ മൂല്യം നിശ്ചയിക്കുക. പാര്‍പ്പിടത്തിന്റെ വിസ്തൃതിയും നഗരത്തില്‍ പ്രചാരത്തിലുള്ള വാടകയുടെ ശരാശരിയും അടിസ്ഥാനമാക്കിയായിരിക്കും വൗച്ചര്‍ മൂല്യം കണക്കാക്കുന്നത്. വൗച്ചര്‍ സ്‌കീം വഴിയുള്ള ആനുകൂല്യം നേരിട്ട് അര്‍ഹതപ്പെട്ടവരുടെ ബാങ്ക് എക്കൗണ്ടിലേക്ക് കൈമാറുന്നതിനുള്ള സാധ്യതയും സര്‍ക്കാര്‍ ആരായുന്നുണ്ട്.

2011ലെ സെന്‍സസ് ഡാറ്റ അനുസരിച്ച് നഗര ജനസംഖ്യയുടെ ഏകദേശം 27.5 ശതമാനം പേരാണ് വാടക വീടുകളില്‍ താമസിച്ചിരുന്നത്. 2009ല്‍ നഗരത്തില്‍ വസിക്കുന്നവരില്‍ ഏകദേശം 35 ശതമാനത്തിനടുത്ത് ആളുകള്‍ വാടക വീടുകളില്‍ താമസിക്കുന്നതായി നാഷണല്‍ സാംപിള്‍ സര്‍വേ (എന്‍എസ്എസ്) കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ 1991 മുതല്‍ ഈ കണക്കില്‍ സ്ഥിരതയുണ്ടായിരുന്നുവെന്നും എന്‍എസ്എസ് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപീകരിച്ച ആരോഗ്യ, ശുചിത്വ, നഗര വികസന സെക്രട്ടറിമാരാണ് ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്.

Comments

comments

Categories: FK Special, Top Stories