ഡെല്‍ഹിയില്‍ 73% യുവ വിദ്യാര്‍ത്ഥികളുടെയും ആഗ്രഹം സംരംഭകരാകാന്‍

ഡെല്‍ഹിയില്‍ 73% യുവ വിദ്യാര്‍ത്ഥികളുടെയും ആഗ്രഹം സംരംഭകരാകാന്‍

ന്യൂഡെല്‍ഹി: ദേശീയ തലസ്ഥാന നഗരമായ ന്യൂഡെല്‍ഹിയില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരില്‍ കൂടുതല്‍ പേരും ആഗ്രഹിക്കുന്നത് സംരംഭകരാകാന്‍. ഡെല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ ടിസിഎസ് യൂത്ത് സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍വേയില്‍ പങ്കെടുത്ത, 12-18 പ്രായ പരിധിയില്‍ ഉള്‍പ്പെടുന്ന 73 ശതമാനം പേരാണ് സംരംഭകരാകാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയത്. സേവന മേഖലയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പരമ്പരാഗത ചിന്തകളില്‍ നിന്നുള്ള വലിയ വ്യതിയാനമാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം യുവ വിദ്യാര്‍ത്ഥികളാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന സര്‍വേയില്‍ 20 ശതമാനം യുവാക്കളാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിംഗിലുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍, യുവ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ ശീലമാണ് നടപ്പു വര്‍ഷത്തെ സര്‍വേ ഫലം വ്യക്തമാക്കുന്നത്.

ഈ പ്രായ പരിധിയിലുള്ള വിദ്യര്‍ത്ഥികള്‍ക്കിടയില്‍ ഫേസ്ബുക്കിനോടുള്ള താല്‍പ്പര്യം കുറഞ്ഞുവരുന്നതായും സര്‍വേ വ്യക്തമാക്കിയിട്ടുണ്ട്. 2016ല്‍ ഇവര്‍ക്കിടയില്‍ 89.4 ശതമാനമായിരുന്ന ഫേസ്ബുക്കിന്റെ ഉപയോഗം നടപ്പു വര്‍ഷം 67 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ടെന്നാണ് സര്‍വേ ഫലം.

ഈ വര്‍ഷം യുവ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരം നേടിയ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ സ്‌നാപ്ചാറ്റ്, പെരിസ്‌കോപ്, വൈന്‍ തുടങ്ങിയ ആപ്പുകളാണ് മുന്‍ നിരയിലുള്ളത്. കഴിഞ്ഞ വര്‍ഷം ഈ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരാള്‍ പോലും ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. കഴിഞ്ഞ വര്‍ഷം വരെ സര്‍വേയില്‍ പങ്കെടുത്തവരില്‍ 6 ശതമാനം പേര്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ടൂളായി ഉപയോഗിച്ചിരുന്നത് എസ്എംഎസ് സര്‍വീസിനെയാണ്. ഈ വര്‍ഷം എസ്എംഎസ് ഉപയോഗം പാടെ അവഗണിക്കപ്പെട്ടതായാണ് സര്‍വേ വ്യക്തമാക്കുന്നത്.

ഈ വര്‍ഷത്തെ സര്‍വേ അനുസരിച്ച് ആണ്‍കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ പെണ്‍കുട്ടികളാണ് കൂടുതലും ഇലക്ട്രോണിക്ക് ബുക്ക് വായനയ്ക്ക് പ്രാധാന്യം നല്‍കുന്നത്. 38 ശതമാനം പെണ്‍കുട്ടികള്‍ ഈ മാര്‍ഗം തെരഞ്ഞെടുക്കുമ്പോള്‍ 20 ശതമാനം മാത്രം ആണ്‍കുട്ടികളാണ് ഇ-ബുക്ക് വായനക്കാരായിട്ടുള്ളത്.

ആണ്‍കുട്ടികള്‍ സ്മാര്‍ട്ട്‌ഫോണിലും ലാപ്‌ടോപ്പിലും താല്‍പ്പര്യം കാണിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം വെര്‍ച്വല്‍ ഗെയിമിംഗും സ്മാര്‍ട്ട് വാച്ചുകളും ഇ ബുക്കുകളുമാണെന്ന് സര്‍വേയില്‍ പറയുന്നു.

Comments

comments