ബിസിസിഐയുടെ എക്കൗണ്ടിംഗ് സംവിധാനത്തില്‍ പിടിമുറുക്കി വിനോദ് റായ്

ബിസിസിഐയുടെ എക്കൗണ്ടിംഗ് സംവിധാനത്തില്‍ പിടിമുറുക്കി വിനോദ് റായ്

ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിന്റെ ഭരണനിര്‍വഹണ സംവിധാനത്തില്‍ അടിമുടി കുഴപ്പങ്ങളാണെന്ന വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ശക്തം. ബിസിസിഐയുടെ എക്കൗണ്ടിംഗ് സംവിധാനങ്ങളെ ശുദ്ധീകരിക്കാന്‍ വിനോദ് റായ്ക്ക് കഴിയുമോ. തീര്‍ച്ചയായും അദ്ദേഹം നീങ്ങുന്നത് ശരിയായ ദിശയിലൂടെ തന്നെയാണ്

വെട്ടൂരി ശ്രീവാസ്തവ

ക്രിക്കറ്റ് ഘടനയെ മുഴുവനായും തലകീഴായി മറിക്കുന്നതിന് പകരം അതിന്റെ എക്കൗണ്ടിംഗ് സംവിധാനങ്ങളെ മികച്ചതാക്കുകയാണ് നല്ലതെന്നാണ് നല്ലൊരു എക്കൗണ്ടന്റ് എന്ന നിലയില്‍ വിനോദ് റായ് രാജേന്ദ്ര മാള്‍ ലോധ കമ്മിറ്റിയോട് പറഞ്ഞിരിക്കുന്നത്.

ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്‍ഡ് ഒഡിറ്റര്‍ ജനറലായിരുന്നു വിനോദ് റായ്. എക്കൗണ്ടിംഗ് രംഗത്തെ കണിശക്കാരന്‍. കള്ളക്കണക്കുകളില്‍ യാതൊരു വിട്ടുവീഴ്ച്ചയും കാണിക്കാത്ത വ്യക്തി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തടസങ്ങളില്ലാതെയുള്ള മികച്ച പ്രവര്‍ത്തനത്തിന് അടുത്ത നാല് മുതല്‍ അഞ്ച് മാസത്തിനുള്ളില്‍ അതിന്റെ എക്കൗണ്ടിംഗ് സംവിധാനത്തെ മുഴുവനായും അഴിച്ച് പണിയണമെന്ന നിര്‍ദ്ദേശമാണ് അദ്ദേഹം മുന്നോട്ട് വെച്ചിരിക്കുന്നത്.  ലോധ കമ്മിറ്റിയെ നിയമിക്കുമ്പോള്‍ സുപ്രീം കോടതി മനസില്‍ കണ്ടതും ഇതാണ്.

എക്കൗണ്ടിംഗ് നടപടികളിലെ സുതാര്യത ഇല്ലായ്മയാണ് വലിയ തോതിലുള്ള അഴിമതികള്‍ക്ക് വളം വയ്ക്കുന്നത്. സംസ്ഥാനതല അസോസിയേഷനുകളിലും ഇതു തന്നെയാണ് പണം അപഹരിക്കുന്നതിന് വഴി വെക്കുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് പകരം ഇതാണ് ഗൗരവപരമായി പരിഗണക്കേണ്ട വിഷയം.

രാജ്യത്തിന്റെ ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിന്റെ (സിഒഎ)യുടെ തലവനായാണ് വിനോദ് റായിയെ സുപ്രീം കോടതി നിയമിച്ചത്. സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലേക്ക് ജനാധിപത്യപരമായി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് വരെയേ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കാര്യങ്ങള്‍ നിയന്ത്രിക്കുകയുള്ളുവെന്ന് റായി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡിലും മറ്റ് അനുബന്ധ കമ്മിറ്റികളും ഏറ്റെടുത്ത് നടപ്പിലാക്കുന്ന പക്ഷം മടങ്ങി പോകുമെന്ന് ലോധ കമ്മിറ്റിയും കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ഷത്തോളം സുപ്രീം കോടതിയില്‍ നീണ്ടു നിന്ന ബോര്‍ഡിന്റെയും അനുബന്ധ അസോസിയേഷനുകളുടെയും ആരോപണങ്ങള്‍ക്കും വെല്ലുവിളികള്‍ നിറഞ്ഞ നിര്‍ദ്ദേശങ്ങള്‍ക്കും ശേഷമാണ് കോടതി ലോധ കമ്മിറ്റിയെ നിയമിച്ചത്. ഒന്‍പത് അംഗ കമ്മിറ്റിയെയാണ് ഭരണസമിതിയിലേക്ക് ലോധ പാനലിന് ആവശ്യം. ഇതേ അംഗബലം തന്നെയാണ് ബോര്‍ഡിനും ലോധ കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ദിപക് മിശ്ര തലവനായ പുതിയ ബെഞ്ച്, ഇത് നാലായി ചുരുക്കി. ഇത് ഒരു ഇടക്കാല ക്രമീകരണമായതിനാലാണത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പഴയ ക്രിക്കറ്റ് ഭരണസമിതി അംഗങ്ങളും സിഒഎയും തമ്മില്‍ ചില ഉരസലുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ബെംഗളുരുവിലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മാച്ചിനോടുബന്ധിച്ച് സംഘടിപ്പിക്കുന്ന പട്ടൗഡി മെമ്മോറിയല്‍ ലെക്ച്ചറും വാര്‍ഷിക അവാര്‍ഡ് ചടങ്ങും ബഹിഷ്‌കരിക്കാന്‍ നിര്‍ഭാഗ്യവശാല്‍ സംസ്ഥാന അസോസിയേഷനുകളിലെ ചില ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്തിരിക്കുകയാണ്.

ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ഫറോഖ് എന്‍ജിനീയര്‍ നടത്തുന്ന ലക്ച്ചറിലിലേക്കും അവാര്‍ഡ് ചടങ്ങിലേക്കും സംസ്ഥാന അസോസിയേഷനുകളെ ക്ഷണിച്ചു കൊണ്ട് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് അയച്ച ഇ-മെയിലാണ് ഏറ്റവും പുതിയ വിവാദങ്ങള്‍ക്ക് തിരി തെളിച്ചിരിക്കുന്നത്. സുപ്രീം കോടതി നിര്‍ഷ്‌കര്‍ഷിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് യോഗ്യത നേടിയവര്‍ മാത്രം ചടങ്ങില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു മെയില്‍. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്‌സിഎ) അതിന്റെ അടിക്കുറിപ്പായി മറുപടിയും നല്‍കി.

ഒരുപക്ഷേ, അപമാനിക്കുന്ന ആ കുറിപ്പ് സിഇഒയ്ക്ക് ഒഴിവാക്കാമായിരുന്നു. നിയന്ത്രണങ്ങള്‍ക്കും നിബന്ധനങ്ങള്‍ക്കും അനുസൃതമായി മാത്രം ക്രിക്കറ്റ് അംഗങ്ങള്‍ ക്ഷണക്കത്ത് സ്വീകരിച്ചാല്‍ മതിയെന്ന കാര്യം കെഎസ്‌സിഎ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും ഒന്നും പരിഗണിക്കാതെ നിരവധി വര്‍ഷങ്ങളായി ക്രിക്കറ്റിനു വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ചവരെ അവമതിക്കുന്നതിനു തുല്യമായിരുന്നു ഈ നിര്‍ദ്ദേശമെന്നത് സത്യമാണ്.

ലോധ കമ്മിറ്റി തങ്ങളുടെ ശുപര്‍ശകള്‍ നിര്‍ബന്ധപൂര്‍വം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിച്ച അതേവിധം ബോര്‍ഡും സ്‌റ്റേറ്റ് അസോസിയേഷനുകളും സിഒഎയുടെ നിലപാടിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ലോധ പാനലിന്റെ മാര്‍ഗ്ഗനിര്‍ദേശം പ്രകാരം തങ്ങളുടെ എല്ലാ അംഗങ്ങളും ഭരണനിര്‍വാഹക സമിതി/മാനേജിംഗ് കമ്മിറ്റി/ വര്‍ക്കിംഗ് കമ്മിറ്റി എന്നിവയിലെ ഒരു അംഗവും അയോഗ്യരല്ല എന്നത് ഉറപ്പു വരുത്തുന്നതിന് വേണ്ടി സംസ്ഥാന അസോസിയേഷനുകളെല്ലാം അവരുടെ പേരുകള്‍ അയച്ചു കൊടുക്കണം. മാര്‍ച്ച് ഒന്നിനകം അസോസിയേഷനുകള്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കണം എന്നായിരുന്നു നിര്‍ദേശം.

വിദര്‍ഭയും ത്രിപുരയും നിര്‍ദേശങ്ങള്‍ പാലിച്ച ആദ്യ അസോസിയേഷനുകളായി. ശേഷിക്കുന്ന 30 അസോസിയേഷനുകള്‍ നിയമപരവും സാങ്കേതികപരവുമായ വാദഗതികള്‍ ഉന്നയിച്ച് ഇപ്പോഴും എതിര്‍ത്തു കൊണ്ടിരിക്കുകയാണ്. രക്ഷപ്പെടാനുള്ള വഴികള്‍ അടഞ്ഞിരിക്കുന്നതിനാല്‍ കുറച്ച് ഉദ്യോഗസ്ഥര്‍ രാജി വെച്ച് പോയി. ലോധ പാനല്‍ ശുപാര്‍ശകള്‍ പ്രകാരം നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥകളേക്കാള്‍ കൂടുതല്‍ നിബന്ധനകള്‍ വെച്ച് കുറച്ച് പേര്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ബോര്‍ഡ് സിഇഒ നേരത്തെ അയച്ച കത്തിന് പ്രതികരിക്കാതിരുന്ന ഈ അസോസിയേഷനുകള്‍ സിഒഎയുടെ ശുപാര്‍ശകളെ അതേ പാതയില്‍ തന്നെ പിന്തുടരും.

കോടതി ശുപാര്‍ശകള്‍ക്കും അപ്പുറമാണ് സിഒഎ നിര്‍ദേശങ്ങള്‍ പോകുന്നതെന്ന് സംസ്ഥാന അസോസിയേഷനുകള്‍ അവരുടെ മറുപടികളില്‍ ആവര്‍ത്തിക്കുന്നു.

ഐസിസി(ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) മുന്‍ തലവനും ബിസിസിഐ അധ്യക്ഷനുമായ നാരായണ സ്വാമി ശ്രീനിവാസന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം അസോസിയേഷനുകള്‍ തങ്ങളുടെ മറുപടിയില്‍ അവരുടെ ഇടയില്‍ പ്രചരിക്കുന്ന ഒരു രൂപരേഖ ഉപയോഗിക്കുന്നുണ്ട്.

2016 ജൂലൈ 18ലെ കോടതി വിധി സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ ഘടനയെ ബാധിക്കുകയില്ലെന്നും സംസ്ഥാന അസോസിയേഷനുകളിലെ അംഗങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19(1) പ്രകാരം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും സിഒഎയ്ക്ക് അയച്ച കത്തില്‍ ഓര്‍മപ്പെടുത്തുന്നു.

സംസ്ഥാന തലത്തിലും ബോര്‍ഡിലും ഒരാള്‍ക്ക് ഒന്നിച്ച് ഒന്‍പത് വര്‍ഷം സേവനം ചെയ്യാന്‍ സാധിക്കുമെന്ന് ലോധ കമ്മിറ്റി നിര്‍ദ്ദേശിക്കുമ്പോള്‍, ഒരാള്‍ക്ക് സംസ്ഥാന തലത്തിലും ബോര്‍ഡിലും ഒന്‍പത് വര്‍ഷം വീതം സേവനം ചെയ്യാമെന്ന് കോടതി പറയുന്നു. അങ്ങനെയെങ്കില്‍ 18 വര്‍ഷം അയാള്‍ക്ക് ക്രിക്കറ്റിന്റെ ഭരണനിര്‍വാഹക സമിതിയില്‍ അംഗമാകാന്‍ കഴിയും.

അതേസമയം, സംസ്ഥാന തലത്തിലും ബോര്‍ഡിലും വെവേറെ ഒന്‍പത് വര്‍ഷങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞയാഴ്ച സിഒഎ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ മാസം കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് സംസ്ഥാന അസോസിയേഷനുകള്‍ കോടതിയോട് ആവശ്യപ്പെട്ടേക്കും. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന ഒരു യുദ്ധമായി ഇത് വീണ്ടും മാറിയേക്കാം. ചോദ്യം സുപ്രീം കോടതി തീരുമാനിക്കട്ടെ എന്ന് റായിക്ക് തോന്നുന്ന പക്ഷം നാല് അല്ലെങ്കില്‍ അഞ്ച് മാസങ്ങള്‍ക്കൊണ്ട് ഇത് അവസാനിക്കും.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Sports