ടാറ്റ മോട്ടോഴ്‌സ് ഫോക്‌സ് വാഗണ്‍ പങ്കാളിത്തം തേടുന്നു

ടാറ്റ മോട്ടോഴ്‌സ് ഫോക്‌സ് വാഗണ്‍ പങ്കാളിത്തം തേടുന്നു

2019 ഓടെ രാജ്യത്തെ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളുടെ പട്ടികയില്‍ ആദ്യ മൂന്നില്‍ ഇടംപിടിക്കുകയാണ് ലക്ഷ്യം

ജനീവ : ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണുമായി പങ്കാളിത്തം സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിവരികയാണെന്ന് ടാറ്റ മോട്ടോഴ്‌സ്. അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോം (എഎംപി) വികസന പങ്കാളിത്തം, സംയുക്ത സംരംഭം, കരാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം തുടങ്ങിയ സാധ്യതകളാണ് ടാറ്റ മോട്ടോഴ്‌സ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളോട് ആരായുന്നത്.

ഫോക്‌സ്‌വാഗണുമായി ചര്‍ച്ച നടത്തുന്നു എന്നുമാത്രമേ തനിക്കിപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും കൂടുതലൊന്നും പറയുന്നില്ലെന്നും ടാറ്റ മോട്ടോഴ്‌സ് സിഇഒ ആന്‍ഡ് എംഡി ഗ്വിന്ദര്‍ ബുഷെക് പ്രതികരിച്ചു. ചര്‍ച്ച നടത്തിവരികയാണെന്നും സമയമാകുമ്പോള്‍ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ഓടെ രാജ്യത്തെ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളുടെ പട്ടികയില്‍ ആദ്യ മൂന്നില്‍ ഇടംപിടിക്കുകയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വിവിധ വാഹനനിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തുന്നത്.

പുതിയ എഎംപി പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ വാഹനങ്ങള്‍ വിപണിയിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എഎംപി പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ ആനുപാതികമായി ചെലവുകള്‍ കുറച്ചുകൊണ്ടുവരാമെന്നും ഗ്വിന്ദര്‍ ബുഷെക് പറഞ്ഞു. വിപണിയിലെ വര്‍ധിച്ചുവരുന്ന മത്സരസ്വഭാവം പുതിയ സവിശേഷതകളോടുകൂടിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതിനുള്ള അവസരമായാണ് കമ്പനി കാണുന്നത്.

ഇതുവഴി വിപണിയിലെ സ്വാധീനം വര്‍ധിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്‌സ് ശ്രമിക്കുന്നതെന്നും സിഇഒ ആന്‍ഡ് എംഡി വ്യക്തമാക്കി. അനുയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് വിപണിയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ തന്ത്രപരമായ ചുവടുവെപ്പായിരിക്കുമെന്നും ഗ്വിന്ദര്‍ ബുഷെക് പറഞ്ഞു.

എന്നാല്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ യോജിച്ചുപ്രവര്‍ത്തിക്കുന്നതിന് പൊരുത്തമുള്ള പങ്കാൡയാണ് വേണ്ടത്. പേരിനുവേണ്ടിയുള്ള പങ്കാളിത്തമല്ല ടാറ്റ മോട്ടോഴ്‌സ് ആഗ്രഹിക്കുന്നതെന്നും അതുകൊണ്ട് ടാറ്റ മോട്ടോഴ്‌സിന് ഗുണമൊന്നും ഉണ്ടാകില്ല.

എന്നാല്‍ ഫോക്‌സ്‌വാഗണുമായി സംയുക്ത സംരംഭമാണോ അതോ സാങ്കേതിക സഹകരണമായിരിക്കുമോയെന്ന ചോദ്യത്തിന് രണ്ട് സാധ്യതകളും തള്ളിക്കളയുന്നില്ലെന്നും ടാറ്റ മോട്ടോഴ്‌സിനെ സംബന്ധിച്ച് അനുയോജ്യമായതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതുവിധത്തിലുള്ള പങ്കാളിത്തമാണ് വേണ്ടതെന്ന് ചര്‍ച്ചകളില്‍ ഉരുത്തിരിയും. രണ്ട് കൂട്ടര്‍ക്കും വിന്‍-വിന്‍ സാധ്യതയാണ് പരിഗണക്കുന്നതെന്നും ടാറ്റ മോട്ടോഴ്‌സ് സിഇഒ ആന്‍ഡ് എംഡി വ്യക്തമാക്കി.

 

Comments

comments