വരള്‍ച്ച : ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനം 19% കുറയും

വരള്‍ച്ച : ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനം 19% കുറയും

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനത്തില്‍ 19 ശതമാനത്തിന്റെ കുറവ് വന്നേക്കും. വരള്‍ച്ച അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളവെടുപ്പിലുണ്ടായ കുറവാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇന്ത്യന്‍ പഞ്ചസാര മില്‍ അസോസിയേഷന്റെ (ഐഎസ്എംഎ) കണക്കനുസരിച്ച് 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ ഒക്‌റ്റോബര്‍ സീസണിന്റെ തുടക്കത്തില്‍ 20.3 മില്യണ്‍ ടണ്‍ പഞ്ചസാരയാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിച്ചത്. തൊട്ടു മുന്‍ വര്‍ഷം 25.1 മില്യണ്‍ ടണ്‍ ഉല്‍പ്പാദിപ്പിച്ച സ്ഥാനത്താണിത്. എന്നാല്‍, ആകസ്മികമായി ജനുവരിയില്‍ 21.3 മില്യണ്‍ ടണ്‍ പഞ്ചസാര ഉല്‍പ്പാദനം ഐഎസ്എംഎ രേഖപ്പെടുത്തി.

വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള കരിമ്പ് വിതരണം കുറഞ്ഞതിനെ തുടര്‍ന്ന് നടപ്പു വര്‍ഷം മൂന്ന് തവണയാണ് മില്‍ അസോസിയേഷന്‍ പഞ്ചസാര ഉല്‍പ്പാദനം സംബന്ധിച്ച നിഗമനം കുറച്ചത്.

വരള്‍ച്ച ബാധിച്ച സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ നിന്നുള്ള വിളവ് ഈ വര്‍ഷം ഫെബ്രുവരിയിലെ കണക്കു പ്രകാരം മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 40-50 ശതമാനം വരെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുകൂടാതെ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ വിത്ത് ആവശ്യമായി വന്നതും കരിമ്പിന്റെ ലഭ്യതക്കുറവിന് കാരണമായിട്ടുണ്ട്.

ഈ സീസണിലെ പഞ്ചസാര ഉല്‍പ്പാദനം സംബന്ധിച്ച കണക്കുകളില്‍ പുനഃപരിശോധന നടത്തുന്നതിന്, പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഐഎസ്എംഎ അംഗങ്ങളുടെ യോഗം തിങ്കാളാഴ്ച ചേര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ പ്രതികരണം കൂടി കണക്കിലെടുത്ത് നടത്തിയ നിരീക്ഷണത്തില്‍ 2016-2017 സീസണില്‍ ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനം ഏകദേശം 20.3 മില്യണ്‍ ടണ്‍ ആയിരിക്കുമെന്നാണ് ഐഎസ്എംഎ വ്യക്തമാക്കുന്നത്.

Comments

comments