നെക്‌സ ലക്ഷ്യം പൂര്‍ത്തീകരിച്ചു ; നിശ്ചയിച്ചതിനേക്കാള്‍ മൂന്ന് വര്‍ഷം മുന്നേ

നെക്‌സ ലക്ഷ്യം പൂര്‍ത്തീകരിച്ചു ; നിശ്ചയിച്ചതിനേക്കാള്‍ മൂന്ന് വര്‍ഷം മുന്നേ

ആകെ പ്രതിമാസ വില്‍പ്പനയുടെ പതിനഞ്ച് ശതമാനമാണ് നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴി മാരുതി സുസുകി വിറ്റഴിച്ചത്

ന്യൂ ഡെല്‍ഹി : മാരുതി സുസുകിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ നിശ്ചയിച്ചതിനേക്കാള്‍ മൂന്ന് വര്‍ഷം മുന്നേ വില്‍പ്പന ലക്ഷ്യം പൂര്‍ത്തീകരിച്ചു. ആകെ പ്രതിമാസ വില്‍പ്പനയുടെ പതിനഞ്ച് ശതമാനമാണ് നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴി മാരുതി സുസുകി വിറ്റഴിച്ചത്. വാഹനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണിത്.

പ്രീമിയം കാറുകളുടെ വില്‍പ്പന നടത്തുന്നതിനായി 2015 ലാണ് മാരുതി സുസുകി നെക്‌സ എന്ന പേരില്‍ ഡീലര്‍ഷിപ്പുകള്‍ തുടങ്ങിയത്. 2020 സാമ്പത്തിക വര്‍ഷത്തോടെ ആകെ പ്രതിമാസ വില്‍പ്പനയുടെ 15 ശതമാനം നെക്‌സ വഴി നടത്താനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസമായ 2017 ഫെബ്രുവരിയില്‍ തന്നെ ലക്ഷ്യം പൂര്‍ത്തീകരിച്ചതിന്റെ ആഹഌദത്തിലാണ് മാരുതി സുസുകി.

നെക്‌സ വഴി വില്‍ക്കുന്ന വാഹനങ്ങളുടെ, പ്രത്യേകിച്ച് പ്രീമിയം ഹാച്ച്ബാക്ക് ബലേനോ, ജനപ്രീതിയാണ് മാരുതി സുസുകിയെ സഹായിച്ചത്. വിറ്റുവരവിന്റെ കാര്യത്തില്‍ കഴിഞ്ഞ മാസത്തെ മാരുതി സുസുകിയുടെ ആകെ വിറ്റുവരവിന്റെ 25 ശതമാനത്തോളമാണ് നെക്‌സയുടെ സംഭാവന.

നെക്‌സ വഴിയുള്ള വില്‍പ്പന ലക്ഷ്യം ഫെബ്രുവരിയില്‍ സാധ്യമായതോടെ നടപ്പ് സാമ്പത്തിക വര്‍ഷം മാരുതി സുസുകിയുടെ ആകെ വില്‍പ്പനയില്‍ നെക്‌സയുടെ സംഭാവന 10-11 ശതമാനത്തോളമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം പ്രതിമാസം 15 ശതമാനം സംഭാവന നെക്‌സയുടേതായിരിക്കുമെന്നുമാണ് കണക്കുകൂട്ടിയിരിക്കുന്നത്.

ആഭ്യന്തര വിപണിയില്‍ മാരുതി സുസുകിയുടെ പ്രതിമാസ ശരാശരി വില്‍പ്പന 1,20,000 വാഹനങ്ങളാണ്. ഇതില്‍ 18,000 വാഹനങ്ങളാണ് നെക്‌സ ഔട്ട്‌ലെറ്റുകളിലൂടെ വില്‍ക്കുന്നത്. ഈ ഔട്ട്‌ലെറ്റുകള്‍ വഴി ഓരോ മാസവും 10,000 ബലേനോ വില്‍ക്കാന്‍ കഴിഞ്ഞു. രണ്ട് വര്‍ഷം മുമ്പ് പുറത്തിറക്കിയ കാറാണെങ്കിലും ബലേനോ ബുക്ക് ചെയ്ത ശേഷം ഇപ്പോഴും അഞ്ചോ ആറോ മാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിവിശേഷമാണ്. വിപണിയില്‍ ബലേനോയുടെ ആവശ്യകത എത്രമാത്രമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. 7 മുതല്‍ 8 ലക്ഷം രൂപ വരെയാണ് ബലേനോയുടെ ശരാശരി വില.

നെക്‌സ വഴി ആദ്യം വില്‍പ്പന തുടങ്ങിയ കാര്‍ എസ്-ക്രോസ് ആണ്. തുടര്‍ന്ന് ബലേനോയും ഏറ്റവും പുതുതായി 5 ലക്ഷത്തോളം രൂപ വില വരുന്ന പ്രീമിയം അര്‍ബന്‍ കോംപാക്റ്റ് കാറായ ഇഗ്നിസും നെക്‌സ ഔട്ട്‌ലെറ്റുകളിലെത്തി. നെക്‌സ വഴി ഇതുവരെ ആകെ 2 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചതായി മാരുതി സുസുകി മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആര്‍എസ് കല്‍സി അറിയിച്ചു.

നിലവില്‍ മാരുതി സുസുകിക്ക് രാജ്യത്തുടനീളം 200 ലധികം നെക്‌സ ഡീലര്‍ഷിപ്പുകളാണുള്ളത്. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഔട്ട്‌ലെറ്റുകളുടെ എണ്ണം 250 ആയി വര്‍ധിക്കും. എല്ലാ സവിശേഷതകളോടും കൂടിയതും വില അല്‍പ്പം കൂടിയതുമായ വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്ന തലത്തിലേക്ക് ഉപയോക്താക്കള്‍ വളര്‍ന്നിട്ടുണ്ടെന്ന് ആര്‍എസ് കല്‍സി പറഞ്ഞു. ഫിനാന്‍സ് വളരെ എളുപ്പത്തില്‍ ലഭിക്കുന്ന സാഹചര്യമായതിനാല്‍ കൂടുതല്‍ ഉപയോക്താക്കളും ഇഎംഐ സാധ്യതയാണ് തേടുന്നത്. മാത്രമല്ല, പ്രീമിയം വാഹനങ്ങള്‍ തിരഞ്ഞെടുക്കാമെന്ന് തീരുമാനിക്കുകയും ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി.

2018 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുകിയുടെ ആകെ വില്‍പ്പനയില്‍ നെക്‌സയുടെ സംഭാവന 28-30 ശതമാനമായി വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ബലേനോ തുടങ്ങിയ കാറുകള്‍ക്ക് മാരുതി സുസുകിയുടെ എന്‍ട്രി-ലെവല്‍ മോഡലുകളേക്കാള്‍ ഉയര്‍ന്ന വിലയാണ്.

അതുകൊണ്ടുതന്നെ സാധാരണ ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കുന്ന ആള്‍ട്ടോ, വാഗണ്‍ആര്‍ തുടങ്ങിയ എന്‍ട്രി-ലെവല്‍ കാറുകളേക്കാള്‍ നെക്‌സ വഴി ഒരു പ്രീമിയം കാര്‍ വില്‍ക്കുമ്പോള്‍ ശരാശരി വിറ്റുവരവ് കൂടുതലായിരിക്കും. മാത്രമല്ല ബലേനോ ബുക്ക് ചെയ്തവരുടെ വെയ്റ്റ് ലിസ്റ്റ് നീണ്ടതാണ്. വിലയില്‍ മാരുതി സുസുകി ഒരു ഇളവും നല്‍കുന്നുമില്ല.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ പതിനൊന്നില്‍ എട്ട് മാസവും ആള്‍ട്ടോ, വാഗണ്‍ആര്‍ വില്‍പ്പന ഇടിഞ്ഞിരുന്നു. ഉപയോക്താക്കളുടെ അഭിരുചിയില്‍ വന്ന മാറ്റവും മാരുതി സുസുകിയുടെ ബിസിനസ് തന്ത്രവുമാണ് ഇതില്‍ പ്രകടമാകുന്നത്.

ഉല്‍പ്പന്നനിരയിലെ കുറവുകള്‍ നികത്താനാണ് പുതിയ വാഹനങ്ങള്‍ പുറത്തിറക്കിയതിലൂടെ മാരുതി സുസുകി ശ്രമിച്ചതെന്നും ഇത് കമ്പനിയുടെ ഉല്‍പ്പന്ന വൈവിധ്യം വര്‍ധിപ്പിച്ചെന്നും മോത്തിലാല്‍ ഓസ്‌വാള്‍ ചൂണ്ടിക്കാട്ടി. മാരുതി സുസുകിയുടെ വിപണി വിഹിതം ഇനിയും വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Comments

comments

Categories: Auto, FK Special, Trending
Tags: maruthy, Nexa