ബാഗ് പരന്നതല്ലെങ്കില്‍ ദുബായില്‍ യാത്രചെയ്യാനാവില്ല

ബാഗ് പരന്നതല്ലെങ്കില്‍ ദുബായില്‍ യാത്രചെയ്യാനാവില്ല

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ബാഗേജുകള്‍ക്കായി പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്

ദുബായ്: ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ കൈയിലുള്ള ബാഗിന് കൃത്യമായ ആകൃതിയില്ലെങ്കില്‍ വേഗം ചെന്ന് ബാഗ് മാറ്റിക്കോള്ളൂ. ബാഗുകളുടെ ഇരു ഭാഗവും പരന്നതല്ലെങ്കില്‍ നിങ്ങളുടെ യാത്രയും അവിടെവച്ച് അവസാനിപ്പിക്കേണ്ടിവരും. സേവനം മെച്ചപ്പെടുത്താനായി പുതിയ പുതിയ ബാഗേജ് നിയമവുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ് വിമാനത്താവളം. ഇരു ഭാഗവും പരന്നതല്ലാത്ത ബാഗുകള്‍ ചെക്ക് ഇന്‍ ചെയ്യുന്ന സമയത്തുതന്നെ അവഗണിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. പുതിയ നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

വിമാനത്താവളത്തിലെ ചെക്ക് ഇന്‍, ബാഗേജ് ഓപ്പറേഷന്‍ എന്നിവ മികച്ചതാക്കി യാത്രക്കാരുടെ ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നതിലെ റിസ്‌ക് കുറക്കുക എന്നതാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ ആകൃതി ഇല്ലാത്ത ബാഗുകളുമായി എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഒരു മാര്‍ഗം മാത്രമേയുള്ളൂ. ബാഗിനെ ലഗേജില്‍ ഉള്‍പ്പെടുത്തി ബോക്‌സിനുള്ളിലാക്കി പാക്ക് ചെയ്യാം.

ലോകത്തിലെ തന്നെ മികച്ച ബാഗേജ് സിസ്റ്റം നില നില്‍ക്കുന്ന വിമാനത്താവളമാണ് ദുബായ്. ബാഗുകള്‍ക്ക് കൃത്യമായ അകൃതിയില്ലാത്തത് സാങ്കേതികമായി മികച്ചു നില്‍ക്കുന്ന ഞങ്ങളുടെ സിസ്റ്റത്തെ തന്നെ തടസപ്പെടുത്തുന്നുണ്ടെന്ന് ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഓപ്പറേഷന്റെ വൈസ് പ്രസിഡന്റ് അലി ഇന്‍ഗേയ്‌സേഹ് പറഞ്ഞു.

വട്ടത്തിലുള്ളതും പരന്ന നിരപ്പിലല്ലാത്തതുമായ ബാഗുകള്‍ ബാഗേജ് ജാമിന് കാരണമാകുന്നുണ്ടെന്നും ഇതിനാല്‍ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവയ്‌ക്കേണ്ടതായി വരുന്നു. ബാഗുകള്‍ നല്‍കുന്നതില്‍ താമസം നേരിടുന്നത് കസ്റ്റമേഴ്‌സിന് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമത്തെക്കുറിച്ച് ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ അപ്പിലൂടെയും സന്ദേശം യാത്രക്കാരിലേക്ക് എത്തിക്കുന്നുണ്ട്. വിമാനത്താവളത്തിനുള്ളിലും ഇതു സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ലോകത്തു തന്നെ എറ്റവും വലിയ ബാഗേജ ഹാന്‍ഡ്‌ലിംഗ് സിസ്റ്റമുള്ളത് ദുബായ് എയര്‍പോര്‍ട്ടിനാണ്. ഏകദേശം 140 കിലോമീറ്റര്‍ ദൂരമാണ് ഇത് പരന്നു കിടക്കുന്നത്. ഒരു ബാഗ് ഏകദേശം 29 മിനിറ്റാണ് ബാഗേജ് സിസ്റ്റത്തിനുള്ളില്‍ ചെലവഴിക്കുന്നത്.

ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രചെയ്യുന്ന വിമാനത്താവളമാണ് ദുബായ്. ജനുവരിയില്‍ മാത്രം ഇവിടെ യാത്ര ചെയ്തത് 8 മില്യണ്‍ യാത്രക്കാരായിരുന്നു. ജനുവരിയില്‍ മാത്രം 9.3 മില്യണ്‍ ബാഗുകളാണ് ദുബായ് വിമാനത്താവളം കൈകാര്യം ചെയ്തത്.

Comments

comments

Categories: FK Special, Top Stories, World