മാരുതി സുസുകി നാല് കാറുകള്‍ പുറത്തിറക്കും

മാരുതി സുസുകി നാല് കാറുകള്‍ പുറത്തിറക്കും

നാല് മോഡലുകളില്‍ രണ്ടെണ്ണം പുതിയതും മറ്റ് രണ്ടെണ്ണം പരിഷ്‌കരിച്ച മോഡലുകളുമായിരിക്കും. അടുത്ത വര്‍ഷം മൂന്നാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കും

ജനീവ : ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നാല് കാറുകള്‍ അവതരിപ്പിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ഷം തോറും രണ്ട് വീതം കാറുകള്‍ പുറത്തിറക്കിയിരുന്ന കമ്പനി വിപണിയില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് വേഗം വര്‍ധിപ്പിക്കുന്നത്.

2020 ഓടെ പതിനഞ്ച് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതായി മാരുതി സുസുകി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ്) ആര്‍എസ് കല്‍സി ജനീവ മോട്ടോര്‍ ഷോയ്ക്കിടെ പറഞ്ഞു. ഇതുവരെ എട്ട് മോഡലുകള്‍ പുറത്തിറക്കിക്കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി അടുത്ത സാമ്പത്തിക വര്‍ഷം നാല് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നാല് മോഡലുകളില്‍ രണ്ടെണ്ണം പുതിയതും മറ്റ് രണ്ടെണ്ണം പരിഷ്‌കരിച്ച മോഡലുകളുമായിരിക്കും. അടുത്ത വര്‍ഷം മൂന്നാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കും. ജനീവ മോട്ടോര്‍ ഷോയില്‍ ഈ കാര്‍ അനാവരണം ചെയ്തു. പ്രീമിയം ക്രോസ്ഓവറായ എസ്-ക്രോസിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ വര്‍ഷം പുറത്തിറക്കാനാണ് മാരുതി സുസുകി തയ്യാറെടുക്കുന്നത്. മറ്റ് കാറുകളുടെ വിശദാംശങ്ങള്‍ കല്‍സി പങ്കുവെച്ചില്ല.

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ വേഗം വര്‍ധിപ്പിക്കാനാണ് മാരുതി സുസുകി തയ്യാറെടുക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മികച്ച രീതിയിലാണ് വളര്‍ച്ച കൈവരിക്കുന്നതെന്നും അടുത്ത സാമ്പത്തിക വര്‍ഷം ഇരട്ടയക്ക വളര്‍ച്ച നേടുമെന്നും ആര്‍എസ് കല്‍സി പ്രതീക്ഷ പ്രകടിപ്പിച്ചു.

2016 ഏപ്രില്‍ മുതല്‍ 2017 ഫെബ്രുവരി വരെ 13 ലക്ഷം വാഹനങ്ങളാണ് മാരുതി സുസുകി വിറ്റത്.

 

Comments

comments

Categories: Auto, FK Special