ജീവിതം പൂര്‍ണ്ണമായി ജീവിക്കൂ!!

ജീവിതം പൂര്‍ണ്ണമായി ജീവിക്കൂ!!

സ്വാസ്ഥ്യം, കേന്ദ്രീകരണം, തൃപ്തി, ഉള്ളില്‍ നിന്നുള്ള സന്തോഷം ഇവയെല്ലാം ഒരാള്‍ക്കുണ്ടെങ്കില്‍ അയാള്‍ക്ക് സ്‌നേഹിക്കാതിരിക്കാന്‍ കഴിയുകയില്ല. ആ വ്യക്തി സ്‌നേഹം മാത്രമേ പ്രസരിപ്പിക്കൂ

ശ്രീ ശ്രീ രവിശങ്കര്‍

ആരും എന്നെ സ്‌നേഹിക്കുന്നില്ല എന്ന് വിചാരിക്കരുത്. അവര്‍ സ്‌നേഹിക്കുന്നില്ലെങ്കില്‍ അത് അവരുടെ തന്നെ മണ്ടത്തരം! ഈ ലോകത്തില്‍ ആരെങ്കിലും, ബാക്കിയുള്ളവരെ സ്‌നേഹിക്കുന്നില്ലെങ്കില്‍ ആ വ്യക്തി മണ്ടനാണ് എന്നര്‍ത്ഥം.സ്വാസ്ഥ്യം, കേന്ദ്രീകരണം, തൃപ്തി, ഉള്ളില്‍ നിന്നുള്ള സന്തോഷം ഇവയെല്ലാം ഒരാള്‍ക്കുണ്ടെങ്കില്‍ അയാള്‍ക്ക് സ്‌നേഹിക്കാതിരിക്കാന്‍ കഴിയുകയില്ല. ആ വ്യക്തി സ്‌നേഹം മാത്രമേ പ്രസരിപ്പിക്കൂ. നിങ്ങള്‍ നന്മയുള്ള ആളാണെങ്കില്‍ അവര്‍ നിങ്ങളെ സ്‌നേഹിക്കാതിരിക്കുമോ? സ്‌നേഹം ഒരു പ്രവൃത്തിയല്ല, അതുമിതും ചെയ്യുന്നതല്ല, അത് നിങ്ങളുടെ അസ്തിത്വം തന്നെയാണ്.

ചിലര്‍ക്ക് 70 വയസ്സായാലും, അവരുടെ മനസ്സ് പക്വമായിട്ടുണ്ടാകില്ല. അവര്‍ക്ക് തൃപ്തിയില്ല, ബാലിശമായ പെരുമാറ്റമാണ് അവരുടേത്. ഇത്തരക്കാരോട് നിങ്ങള്‍ക്ക് കാരുണ്യമാണ് തോന്നേണ്ടത്.

കഴുതകള്‍ക്കുപോലും വാര്‍ദ്ധക്യം അടുക്കുംതോറും പക്വതയുണ്ടാകും. ചില ആളുകള്‍ സ്വന്തം ജോലിയില്‍ വല്ലാതെ മുഴുകി, സ്വയം നോക്കുകപോലുമില്ല. അവര്‍ ചില മേഖലകളില്‍ ഉന്നതവിജയം നേടിയവരായിരിക്കും. എന്നാല്‍ ജീവിതത്തെക്കുറിച്ചുള്ള അറിവ് അവര്‍ക്കില്ല. പണമോ, പ്രശസ്തിയോ ഉള്ളതുകൊണ്ട് പക്വത ഉണ്ടാകണമെന്നില്ല.

വെറും ഒരു പൊലീസ് കോണ്‍സ്റ്റബിളില്‍ കാണുന്ന പക്വത ഓഫീസറില്‍ കണ്ടുവെന്നുവരികയില്ല. ചിലപ്പോള്‍ പച്ചക്കറിവില്‍പ്പനക്കാരനും അറിവും സംതൃപ്തിയും ഉണ്ടാകാം.
അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, പദവിയും പക്വതയുമായി ഒരു ബന്ധവുമില്ലെന്ന്. പക്വത ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. ഒരു പ്രായം കഴിഞ്ഞാല്‍ പക്വതയുണ്ടാകും എന്നൊന്നുമില്ല.

ഇക്കാലത്ത് കുട്ടികള്‍ക്കുവരെ പക്വതയുണ്ട്. ഈയടുത്ത് എന്നോട് ഒരു കുട്ടി പറയുകയാണ്, ”ഗുരുദേവ്, എന്റെ അച്ഛന് വലിയൊരു വ്യവസായം ഉണ്ട്. പക്ഷെ, അദ്ദേഹത്തെപ്പോലെ തൃപ്തിയില്ലാതെ എനിക്കു ജീവിക്കേണ്ട. ഞാനെന്താണ് ചെയ്യേണ്ടത്?”

ചെറുപ്പത്തില്‍ത്തന്നെ ആ കുട്ടിക്ക് തൃപ്തിയുണ്ട് എന്നാണ് ഇതിന്റെ അര്‍ത്ഥം. തൃപ്തിയുള്ളപ്പോള്‍ ഒന്നും ചെയ്യാതെ കിടക്കയില്‍ കിടന്നാല്‍ മാത്രം മതി എന്നുമല്ല പറയുന്നത്. തൃപ്തിയെന്നാല്‍ അലസതയല്ല, ജോലിയില്‍നിന്ന് ഒളിച്ചോട്ടമല്ല. അത്തരക്കാരെ ഞാന്‍ പ്രോത്സാഹിപ്പിക്കാറേയില്ല. ജോലിയെടുക്കണം. തൃപ്തിയോടെ ജോലിയെടുക്കുമ്പോള്‍ അതിന്റെ സന്തോഷം ഒന്നു വേറെത്തന്നെയാണ്.

എത്രത്തോളം നിങ്ങള്‍ക്ക് തൃപ്തിയുണ്ടോ, അത്രത്തോളം നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ ശ്രമങ്ങള്‍ ഫലവത്താകും. ഇതാണ് നമ്മള്‍ ഓര്‍മ്മിക്കേണ്ടത് – തൃപ്തരാകുക എന്ന്. എന്നാല്‍ ആത്മീയതയിലൂടെയല്ലാതെ സംതൃപ്തിയുണ്ടാവുകയില്ല. ആത്മീയതയില്‍ സ്വസ്ഥരായി ഇരിക്കുന്നതുവരെ, നിങ്ങള്‍ക്ക് സ്വാസ്ഥ്യവും തൃപ്തിയും കണ്ടെത്താന്‍ കഴിയുകയില്ല. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മാത്രമാണ് നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ നിങ്ങള്‍ പലതും ചെയ്യും. പക്ഷെ, നിങ്ങള്‍ സന്തോഷമില്ലാത്തവരായിത്തീരുകയേ ഉള്ളൂ.

പ്രശസ്ത രാഷ്ട്രീയക്കാരുടേയും ജീവിതം അടുത്ത് ശ്രദ്ധിക്കുമ്പോള്‍ ഉള്ളില്‍ അവര്‍ ദുഃഖിതരാണെന്ന് മനസ്സിലാകും. നിങ്ങള്‍ അല്‍പ്പം സംവേദനക്ഷമതയുള്ളവരാണെങ്കില്‍ അവര്‍ അസന്തുഷ്ടരാണെന്ന് മുഖം കാണുമ്പോള്‍ത്തന്നെ അറിയാം. അങ്ങനെയൊരു ജീവിതത്തിന് എന്തര്‍ത്ഥമാണുള്ളത്? മനുഷ്യജന്മം ലഭിച്ചിരിക്കുന്നത് ദുഃഖത്തെ മറികടക്കാനാണ്. ആ മറികടക്കലാണ് ‘യോഗ’, ‘ധ്യാനം.’ ദുഃഖം ഉയരുന്നതിനു മുമ്പുതന്നെ അതിനെ തടയണമെങ്കില്‍ ‘യോഗ’ ചെയ്യണം.

‘ആസനം’ എന്നു മാത്രമല്ല ഉദ്ദേശിക്കുന്നത്. നിങ്ങള്‍ ധ്യാനിക്കണം. എന്നിട്ട് ദൈവികതയുമായി ബന്ധം സ്ഥാപിച്ച് ഒന്നാകണം. പുറത്തുള്ള വായുവും നിങ്ങളുടെ ഉള്ളിലുള്ള വായുവും തമ്മില്‍ ബന്ധമുള്ളതുപോലെത്തന്നെ നിങ്ങളുടെ ഉള്ളിലെ മനസ്സ് പ്രപഞ്ചമനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു.

”എന്റെ ചെറിയ മനസ്സ് പ്രപഞ്ചമനസ്സിന്റെ ഭാഗമാണ്” എന്ന ചിന്ത തന്നെ അതിയായ ശക്തി നിങ്ങള്‍ക്കു തരുന്നു. മറ്റൊന്നിനും തരാനാകാത്ത തൃപ്തി തരുന്നു. അത്രയ്ക്കധികം അന്തസ്സ് തരുന്നു. ഇത് വിവരിക്കാന്‍ വാക്കുകള്‍ക്ക് സാദ്ധ്യമല്ല. നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. ഇത് തിരിച്ചറിഞ്ഞാല്‍ മാത്രം മതി.

ചിലപ്പോള്‍, കണ്ണട തലയിലേക്ക് കയറ്റിവച്ച് ആളുകള്‍ കണ്ണട അന്വേഷിച്ചുകൊണ്ടിരിക്കും.തലയില്‍ കണ്ണടയുണ്ടെന്ന് ഓര്‍മ്മവരുന്നതും, അത് കിട്ടുന്നതും തമ്മില്‍ എന്തെങ്കിലും കാലതാമസമുണ്ടോ? കണ്ണട എവിടെ വച്ചു എന്ന് ഓര്‍മ്മ വന്ന നിമിഷം അവര്‍ക്കത് കിട്ടി. ഒരു സെക്കന്റ് നേരം പോലും താമസമുണ്ടാവില്ല.

”അനന്തമായ മനസ്സില്‍ ഞാനുണ്ട്, ഞാനതിന്റെ ഭാഗമാണ്” എന്നു മാത്രം നിങ്ങള്‍ അറിഞ്ഞാല്‍ മതി. ആദ്യം അറിയേണ്ടത്, ആ മഹാമനസ്സിന്റെ ഭാഗമാണ് നിങ്ങള്‍ എന്നാണ്. കുറച്ചു കഴിയുമ്പോള്‍ നിങ്ങള്‍ മഹാമനസ്സിന്റെ ഭാഗമല്ല, മഹാമനസ്സു തന്നെയാണ് എന്ന തിരിച്ചറിവുണ്ടാകും.”ഞാന്‍ അതാണ്” എന്ന് നിങ്ങള്‍ അറിയും. അപ്പോള്‍ ”ഞാനെല്ലാമാണ്, ഇവിടെ ഞാനല്ലാതെ മറ്റൊന്നുമില്ല” എന്ന് നിങ്ങള്‍ക്ക് അഭിമാനപൂര്‍വ്വം ഉറക്കെ പ്രഖ്യാപിക്കാം.

അതു പറയാനുള്ള അവകാശം അപ്പോഴാണ് നിങ്ങള്‍ക്ക് കിട്ടുക. എന്നാല്‍ അതിനു മുമ്പുതന്നെ, നിങ്ങള്‍ മഹാമനസ്സിന്റെ ഭാഗമാണ് എന്ന് നിങ്ങള്‍ മനസ്സിലാക്കണം. മനസ്സ് ബ്രഹ്മനാണെന്ന് തിരിച്ചറിയൂ – ഇതാണ് മഹാവാക്യം.

നിങ്ങള്‍ സജീവമായ, പ്രകാശിക്കുന്ന ഊര്‍ജ്ജമാണ് എന്നറിയൂ. നിങ്ങള്‍ ആ പ്രകാശമാണ്. ”അപ്പോ ദീപോ ഭാവ്” എന്ന് ശ്രീബുദ്ധന്‍ പറയുന്നു. നിങ്ങള്‍ പ്രകാശമാണെന്നറിയൂ. നിങ്ങള്‍ അഗ്നിയാണ്.

ജീവിതം പൂര്‍ണ്ണമായി ജീവിക്കൂ.ധൈര്യമില്ലാത്ത ജീവിതം എന്തിനാണ്? ചഞ്ചലമായി കത്തുന്ന തിരികൊണ്ട് ഒരു പ്രയോജനവുമില്ല. ഉത്സാഹത്തോടെ, ആളിക്കത്തുന്ന അഗ്നിപോലെ വേണം മുമ്പോട്ട് നീങ്ങാന്‍. ഇരിക്കുമ്പോള്‍ അഗ്നിപോലെ ഇരിക്കൂ. അഗ്നി ഇക്ഷണത്തില്‍ മാത്രമേയുള്ളൂ. അത് ഭൂതകാലത്തെ സംഭവങ്ങളെ മുഴുവന്‍ എരിച്ചുകളയുന്നു.

അഗ്നിയില്‍ എന്ത് ഇട്ടാലും അത് കത്തിപ്പോകും. നിങ്ങളാകുന്ന അഗ്നിയില്‍ കാലം കത്തിയെരിയണം. നിങ്ങള്‍ പോകുന്നിടത്തെല്ലാം ആളുകള്‍ക്ക് പ്രകാശം ലഭിക്കണം. നിങ്ങള്‍ ആനന്ദം പരത്തുന്ന അഗ്നിയാണ്. ഇത് ഓര്‍മ്മിക്കൂ. അതറിഞ്ഞു കഴിയുമ്പോള്‍ ആര്‍ക്കും നിങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നറിയും. ആളുകള്‍ അത്തരക്കാരുടെ ചുറ്റുമെത്താന്‍ ആഗ്രഹിക്കും. കരയുകയും, പരാതിപറയുകയും, ദുഃഖത്തില്‍ മുഴുകുകയും ചെയ്യുന്നവരുടെ കൂട്ട് ആരെങ്കിലും ഇഷ്ടപ്പെടുമോ? അതോ ഒന്നും സ്പര്‍ശിക്കാത്ത വ്യക്തിയെയാണോ ആളുകള്‍ ഇഷ്ടപ്പെടുക?

പരാതിപ്പെടാന്‍ ആയിരക്കണക്കിന് അവസരങ്ങള്‍ ഉണ്ടാകും. എന്നാല്‍, നമ്മള്‍ അഗ്നിയാണെങ്കില്‍ പരാതികളെയെല്ലാം ചവിട്ടി ദൂരെക്കളഞ്ഞ് മുമ്പോട്ട് നീങ്ങാം. ശക്തനായ, ”ഇതെല്ലാം ഒന്നുമല്ല” എന്ന മനോഭാവത്തോടെ നടക്കുന്ന ആളെ, എല്ലാവരും ഇഷ്ടപ്പെടുകയില്ലേ? നിങ്ങള്‍ ഉത്സാഹത്തിന്റെ കുമിളയാണെങ്കില്‍, ആളുകള്‍ നിങ്ങളോടൊപ്പമിരിക്കാന്‍ ഇഷ്ടപ്പെടുകയില്ലേ?

തീപ്പൊരിയാകാതെ തീയാകൂ. ചഞ്ചലമായി കത്തുന്ന അഗ്നിയാകാതെ, മഹത്തായ അഗ്നിയാകൂ. ഇങ്ങനെയാകാന്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. ഈ നിമിഷം ഇതറിഞ്ഞാല്‍ മാത്രം മതി. കാണാതായ കണ്ണട സ്വന്തം തലയില്‍ത്തന്നെ ഉണ്ട് എന്നറിയുന്നതുപോലെയാണത്. ഇതാണ് സാംഖ്യയോഗം.

ഒന്നും ചെയ്യേണ്ട, ഉണര്‍ന്നാല്‍ മാത്രം മതി. ജീവിതത്തില്‍ സന്തോഷവും ദുഃഖവും ഉണ്ട്. എല്ലാവര്‍ക്കും ദുഃഖമുണ്ട്. ശ്രീകൃഷ്ണനും ദുഃഖമുണ്ടായിരുന്നു. കൃഷ്ണന്‍ ജനിച്ചു എന്ന വാര്‍ത്ത അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് വളരെയധികം പ്രശ്‌നങ്ങളുണ്ടാക്കി. കൃഷ്ണനെപ്പോലെ ഒരു പുത്രനുണ്ടായിട്ടും അവര്‍ ജയിലിലടയ്ക്കപ്പെട്ടു; ദുഃഖം അനുഭവിച്ചു. ശ്രീരാമനെപ്പോലെ ഒരു പുത്രന്‍ ഉണ്ടായിട്ടും അദ്ദേഹത്തിന്റെ അച്ഛന്‍ മകനെ പിരിഞ്ഞ ദുഃഖം കാരണം മരിച്ചു. അതുകൊണ്ട് എല്ലാവര്‍ക്കും ദുഃഖമുണ്ട്.

എന്നാല്‍, സ്വന്തം ആത്മാവിനെ അറിയുന്ന ആള്‍ – ആത്മീയപാതയിലുള്ള ആള്‍ – ദുഃഖത്തെ ചവിട്ടിയകറ്റുന്നു.

ഗുരു ഉള്ളവര്‍ ദുഃഖഭാരം കൊണ്ട് കുനിയുകയില്ല. അവര്‍ തലയുയര്‍ത്തി ഭയമില്ലാതെ നടക്കും.

 

Comments

comments

Categories: FK Special, Motivation