രാജ്യത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിന് 300 കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചു

രാജ്യത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിന് 300 കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് 62 ബില്യണ്‍ ഡോളറിനടുത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാരും ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയും 300ഓളം ഇന്ത്യന്‍, വിദേശ കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചു. ഈ നീക്കത്തിലൂടെ ഇന്ത്യയില്‍ 17 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലക്ഷ്യമിടുന്ന നിക്ഷേപത്തിന്റെ നേര്‍ പകുതി അതായത് 32 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ചൈനീസ് കമ്പനികളില്‍ നിന്നും നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയില്‍ വലിയ ഇടിവ് വരുത്തുന്നതിന് ഈ നീക്കം സഹായകമായേക്കും.

നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന കമ്പനികളുടെ പട്ടികയില്‍ മുന്‍ നിരയിലുള്ളത് മെഷിനറി, മാനുഫാക്ച്ചറിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ സാനിയാണ്. കാറ്റില്‍ നിന്നുള്ള ഊര്‍ജോല്‍പ്പാദന രംഗത്ത് സാനി 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് സൂചന.

ഇതിനു പുറമെ റിയല്‍റ്റി, കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഡാലിയന്‍ വാന്‍ഡ ഗ്രൂപ്പ് ഉള്‍പ്പടെയുള്ള കമ്പനികളും രാജ്യത്ത് നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കമ്പനികളുടെ പട്ടികയിലുണ്ട്. വിവിധ റിയല്‍റ്റി പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് ഹരിയാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ് ഡാലിയന്‍ വാന്‍ഡ ഗ്രൂപ്പ്.

ഓരോ പദ്ധതിയിലും അഞ്ച് ബില്യണ്‍ ഡോളര്‍ വീതം നിക്ഷേപം നടത്താനാണ് കമ്പനിയുടെ പദ്ധതി.
സയിക് (എസ്എഐസി) മോട്ടോഴ്‌സും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹാലോള്‍ പ്ലാന്റ് ജനറല്‍ മോട്ടോഴ്‌സുമായുള്ള ചര്‍ച്ചയിലാണ് കമ്പനി. ലിഫാന്‍ മോട്ടോഴ്‌സ്, ഫോസന്‍ ഫാര്‍മ എന്നിവ ഏറ്റെടുക്കാനും കമ്പനി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിനടുത്ത് നിക്ഷേപം നടത്തുന്നതിന് ധാരണയായിട്ടുണ്ട്. ഇതിലൂടെ രാജ്യത്ത് മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് നിക്ഷേപം തേടുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രെമോഷന്‍ 150ല്‍ അധികം കമ്പനികളെ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ നിരവധി കമ്പനികള്‍ രാജ്യത്ത് സാന്നിധ്യം പോലും ഇല്ലാത്തവയാണ്. സിസ്‌കോ, എച്ച് ആന്‍ഡ് എം പോലുള്ള കമ്പനികളെ ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനു വേണ്ടിയും ഡിഐപിപി പ്രോത്സാഹിപ്പിച്ചിരുന്നു. വരും മാസങ്ങളില്‍ ഇതില്‍ ചില കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments