ജിയോയുടെ ലൈസന്‍സ് ഫീസ്; സര്‍ക്കാരിന് നഷ്ടമെന്ന് കരട് ഓഡിറ്റ് റിപ്പോര്‍ട്ട്

ജിയോയുടെ ലൈസന്‍സ് ഫീസ്; സര്‍ക്കാരിന് നഷ്ടമെന്ന് കരട് ഓഡിറ്റ് റിപ്പോര്‍ട്ട്

വിദേശ വിനിമയ വരുമാനം മൊത്ത വരുമാനത്തില്‍ ഉള്‍പ്പെടുത്തിയില്ല

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവാദങ്ങള്‍ ഉയരുന്നു. ലൈസന്‍സ് ഫീസില്‍ ഇളവു നേടുന്നതിനായി ജിയോ 2012 ഏപ്രില്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള വിദേശവിനിമയ നേട്ടമായ 63.77 കോടി രൂപ റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് കരട് ഓഡിറ്റ് റിപ്പോര്‍ട്ട്.

ഡയറക്റ്റര്‍ ജനറല്‍ ഓഫ് ഓഡിറ്റ് ഫോര്‍ പോസ്റ്റ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ തയാറാക്കിയ അഞ്ച് പേജുകളുള്ള കരട് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിനും മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോമിനും അയച്ചിട്ടുണ്ട്.

കരട് ഓഡിറ്റ്പ്രകാരം 2012-13 മുതല്‍ 2014-15 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ജിയോയുടെ വിദേശവിനിമയ ലാഭം 63.77 കോടിയാണ്. കമ്പനിയുടെ വാര്‍ഷിക സാമ്പത്തിക പ്രസ്താവനകളും വരുമാന അനുരഞ്ജനപത്രവും കമ്പനിയുടെ വാര്‍ഷിക വരുമാന പ്രസ്താവനകളും നല്‍കിയിട്ടുണ്ട്.

2013 സാമ്പത്തിക വര്‍ഷത്തില്‍ 1.29 കോടിയും, 2014ല്‍ 41.67 കോടിയും, 2015ല്‍ 20.81 കോടിയുമാണ് കമ്പനിയുടെ വിദേശവിനിമയ നേട്ടം. എന്നാല്‍ ലൈസന്‍സ് ഫീസിനായി നല്‍കിയ ക്രമീകരിച്ച മൊത്ത വരുമാനത്തില്‍ (എജിആര്‍) ഈ നേട്ടം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിലൂടെ സര്‍ക്കാരിന് നല്‍കേണ്ട ലൈസന്‍സ് ഫീസ് ഇനത്തില്‍ ജിയോയ്ക്ക് ഏറെ ഇളവ് നേടാന്‍ സാധിച്ചെന്നാണ് നിഗമനം.

വിദേശവിനിമയ നേട്ടം എജിആറില്‍ ഉള്‍പ്പെടുത്താത്തത് ലൈസന്‍സ് വ്യവസ്ഥകളുടെ ലംഘനമാണെന്ന കാര്യം ചൂണ്ടിക്കാട്ടി ജിയോയ്ക്ക് അയച്ച മെയിലിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. മറുപടി നല്‍കുന്നതിനായി ജിയോയ്ക്ക് മൂന്നാഴ്ചയും, ടെലികോം മന്ത്രാലയത്തിന് ആറാഴ്ചയുമാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് ലഭിക്കുന്ന മറുപടികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുക.

എന്നാല്‍ ഇക്കാര്യം 2015 ഏപ്രിലിലും ഡിസംബറിലും ടെലികോം ഡിസ്പ്യൂട്ട്‌സ് സെറ്റില്‍മെന്റ് അപ്പലേറ്റ് ആന്റ് ട്രൈബ്യൂണലില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെട്ടതാണെന്നും ഓഡിറ്ററിന്റെ നടപടി സംശയമുയര്‍ത്തുന്നതാണെന്നുമാണ് കമ്പനി വൃത്തങ്ങളുടെ വാദം.

എജിആര്‍ കംപ്യൂട്ടിങ് സമയത്ത് ജിയോ മാത്രമല്ല ടെലികോം മേഖലയിലെ മറ്റു കമ്പനികളും വിദേശവിനിമയ നേട്ടമോ നഷ്ടമോ ഉള്‍പ്പെടുത്തുന്ന രീതിയല്ല പിന്തുടര്‍ന്നിരുന്നത്, ഇരുവിധികളിലും ട്രൈബ്യൂണല്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു.

വിദേശവിനിമയ നേട്ടം പ്രതിപാദിക്കാത്തത് സംബന്ധിച്ച് ജിയോ മാനേജ്‌മെന്റ് ആ സമയത്ത് വിശദീകരണം നല്‍കിയെങ്കിലും ഓഡിറ്റര്‍ അതില്‍ തൃപ്തനായില്ലെന്നാണ് കരട് ഓഡിറ്റ് റിപ്പോര്‍ട്ട് എടുത്തു പറയുന്നത്.

Comments

comments