ജിഎം വിളകള്‍: വിവാദങ്ങളുടെ കളിത്തോഴന്‍

ജിഎം വിളകള്‍: വിവാദങ്ങളുടെ കളിത്തോഴന്‍

അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞ് കാലമിത്ര കഴിഞ്ഞിട്ടും ജനിതകമാറ്റം വരുത്തിയ വിളകളെ കുറിച്ചുള്ള ആശങ്കകള്‍ ഒഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ വിശദമായി പഠിക്കാന്‍ സര്‍ക്കാരുകള്‍ തയാറാവണം

അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞ് 20 വര്‍ഷമാകുമ്പോഴും ലോകത്തെ 3.7 ശതമാനം കൃഷിഭൂമിയിലാണ് ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്നത്. ആഗോളതലത്തില്‍ ഒരു ശതമാനം കര്‍ഷകരാണ് ഇത് കൃഷി ചെയ്യുന്നത്. ഇന്ത്യയിലാകട്ടെ ഇത്തരത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അനുവദിച്ചിട്ടുള്ളത് ജിഎം കോട്ടണ്‍ (ബിടി കോട്ടണ്‍) മാത്രമാണ്. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ നിരവധി വര്‍ഷങ്ങളായി പരീക്ഷിച്ചുവരുന്നുണ്ട്.

കാര്‍ഷിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ കാരണമാണ് ഇത് ഇന്നും പരീക്ഷണഘട്ടത്തില്‍ തുടരുന്നത്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങളില്‍ നിന്നുമാറി ഭക്ഷ്യസുരക്ഷയ്ക്കും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുമായി ജിഎം വിളകള്‍ കൃഷി ചെയ്യുന്നത് യാഥാര്‍ത്ഥ്യമാക്കണമെന്ന് വാദിക്കുന്നവരുമുണ്ട്.

ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ പ്രോല്‍സാഹിപ്പിക്കാനും അവ ഇന്ത്യയില്‍ കൃഷി ചെയ്യണമെന്നും വാദിക്കുമ്പോള്‍ തന്നെ എന്താണ് ജെനിറ്റിക്കലി മോഡിഫൈഡ് അഥവാ ജിഎം സാങ്കേതികവിദ്യ എന്നതിനെക്കുറിച്ചു കൂടി മനസിലാക്കണം. ജനിതകമായി പരിവര്‍ത്തനം ചെയ്ത വിളകളാണ് ജി.എം വിളകള്‍. വിളകളുടെ ഡിഎന്‍എകളില്‍ ജനിതക എന്‍ജിനീയറിംഗ് വഴി മാറ്റം വരുത്തി ഉണ്ടാക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളാണ് ഇവ.

1994ല്‍ വാണിജ്യരീതിയില്‍ ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന ആരംഭിച്ചു. മിക്ക ജനിതകമാറ്റങ്ങളും കേന്ദ്രീകരിച്ചിരുന്നത് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്ന വിളകളായ സൊയാബീന്‍, ചോളം, കടുക്, പരുത്തി തുടങ്ങിയ ധാന്യവിളകളെയായിരുന്നു. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ പ്രധാനമായും രോഗമുണ്ടാക്കുന്ന വസ്തുക്കള്‍, സസ്യനാശകങ്ങള്‍ എന്നിവയെ തടയാനും കൂടുതല്‍ പോഷകമൂല്യം ഉണ്ടാക്കാനുമുള്ള രീതിയിലാണ് വികസിപ്പിക്കപ്പെട്ടത്.

ജനിതകവ്യത്യാസം വരുത്തിയ കന്നുകാലികളെയും വികസിപ്പിച്ചെങ്കിലും ഇപ്പോള്‍ ഇവ വിപണിയില്‍ ഇല്ല. യാതൊരു ദൂഷ്യഫലങ്ങളും മനുഷ്യരില്‍ ജനിതകപരിവര്‍ത്തനം വരുത്തിയ ഭക്ഷണം ഉണ്ടാക്കുന്നില്ലെന്ന് ശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ അഭിപ്രായ ഐക്യമുണ്ട്. സാധാരണ വിളകള്‍ ഉപയോഗിച്ചുള്ള ഭക്ഷണത്തില്‍ നിന്ന് ജനിതകമാറ്റം വരുത്തിയ വിളകള്‍ കൊണ്ട് പാകം ചെയ്ത ആഹാരത്തിന് ഗുണപരമായി വ്യത്യാസമുണ്ടാകില്ല. എന്നാല്‍ ഓരോ ഭക്ഷണപദാര്‍ത്ഥവും വേറിട്ടു തന്നെ പരീക്ഷിച്ചു നോക്കിയിട്ടേ പുറത്തിറക്കാവൂ എന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

പക്ഷേ, ജനങ്ങള്‍ ശാസ്ത്രജ്ഞരുടെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ക്ക് നിയമപരവും നിയന്ത്രണപരവുമായി പലരാജ്യങ്ങളിലും വ്യത്യസ്തകാഴ്ചപ്പാടുകളാണ്. പല രാജ്യങ്ങളും അവയെ നിരോധിക്കുമ്പോള്‍ മറ്റു പലയിടങ്ങളിലും വ്യത്യസ്തതരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ട്. ജനങ്ങളുടെ ഉല്‍ക്കണ്ഠകളില്‍ ഭക്ഷ്യസുരക്ഷ, നിയന്ത്രണങ്ങള്‍, പരിസ്ഥിതിപ്രശ്‌നം, ഗവേഷണരീതികള്‍, കുത്തകവല്‍ക്കരണം എല്ലാം പെടുന്നു.

ഇത്തരത്തിലുള്ള ആശങ്കകള്‍ക്കെല്ലാം രണ്ട് തരത്തിലാണ് മറുപടി പറയാന്‍ സാധിക്കുക. ഏത് വിഷയത്തിന്റെയും രണ്ട് ഫലങ്ങള്‍ പരിഗണിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉദാഹരണത്തിന് ആധുനികമായ മരുന്നുകള്‍ ക്ഷയം, മലേറിയ തുടങ്ങിയ മാരകമായ പലരോഗങ്ങളും തടയാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ലാഭം വര്‍ധിപ്പിക്കാനായി ഫാര്‍മസ്യൂട്ടിക്കല്‍ മേഖല സ്വീകരിക്കുന്ന പല നടപടികളും അതേസമയം തന്നെ പല കുടുംബംഗങ്ങളെയും കടത്തിലേക്കും മനുഷ്യന്റെ പ്രതിരോധശേഷിയുടെ തകര്‍ച്ചയിലേക്കും നയിക്കുന്നു.

ഈ രീതിയില്‍ ചിന്തിക്കുമ്പോള്‍ ഏതൊരു പുരോഗതിക്കും അതിന്റേതായ ദൂഷ്യവശങ്ങള്‍ കൂടിയുണ്ടെന്ന് മനസിലാവും. അത് സാങ്കേതികമോ സാമ്പത്തികമോ പാരിസ്ഥിതികമോ ആവാം. ഇവയുടെയെല്ലാം സംയോജനവുമാകാം. ചില തരത്തിലുള്ള പുരോഗതികളെ വിലയിരുത്തുന്നതിന് തലമുറകളോളം അവയെ പരിശോധിക്കേണ്ടതായി വരും. അത്തരത്തിലൊന്നാണ് ജനിതകമാറ്റം വരുത്താനുള്ള നീക്കവും. തലമുറകള്‍ നീണ്ടു നില്‍ക്കുന്ന പഠനങ്ങള്‍ തന്നെ വേണം അവയെ കൃത്യമായി വിശകലനം ചെയ്യാന്‍.

ജിഎം വിളകളുടെ കൃഷി ഇപ്പോഴും പരീക്ഷണമായി തുടരുകയാണ്. ഇന്ത്യയില്‍ 41 ഇനം ഭക്ഷ്യവിളകളില്‍ ജനിതക പരീക്ഷണങ്ങള്‍ക്ക് അനുമതി കൊടുത്തിട്ടുണ്ട്. കേരളത്തില്‍ ആറുതരം വിളകള്‍ക്കാണ് അനുമതി: കുരുമുളക്, ഇഞ്ചി, ഉരുളക്കിഴങ്ങ്, കാച്ചില്‍, മരച്ചീനി, മുളക്. കര്‍ണാടകയില്‍ 20 ഇനങ്ങള്‍ക്കും ആന്ധ്രയില്‍ മൂന്ന് ഇനങ്ങള്‍ക്കും തമിഴ്‌നാട്ടില്‍ 13 ഇനങ്ങള്‍ക്കും അനുമതിയുണ്ട്.

ഉയര്‍ന്ന വിളവ്, ഉയര്‍ന്ന രോഗപ്രതിരോധശേഷി, രാസകീടനാശിനികളുടെ ഉപയോഗം കുറയ്ക്കല്‍ എന്നിവയാണു ബിടി വിളകളെപ്പറ്റിയുള്ള അവകാശവാദങ്ങള്‍. എന്നാല്‍ 2002 ല്‍ മൊണ്‍സാന്റോ കമ്പനി വികസിപ്പിച്ചെടുത്ത ബിടി പരുത്തി ആന്ധ്രയില്‍ വന്‍തോതില്‍ കൃഷി ചെയ്ത കര്‍ഷകര്‍ വന്‍ നഷ്ടത്തിലായ ചരിത്രം നമുക്കു മുമ്പിലുണ്ടുതാനും. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ഒറ്റത്തവണത്തെ കൃഷിക്കേ ഉപയോഗിക്കാന്‍ പറ്റൂ. നമ്മുടെ തനതു വിത്തിനങ്ങള്‍ അന്യംനിന്നുപോകുമെന്നും ജിഎം വിത്തുകളെ എതിര്‍ക്കുന്നവര്‍ പറയുന്നു. വളരെ ചുരുങ്ങിയ ഇടങ്ങളില്‍ മാത്രമേ ഇന്ന് ജിഎം വിളകള്‍ കൃഷി ചെയ്യുന്നുള്ളു.

യൂറോപ്യന്‍ യൂണിയനിലെ 15 രാജ്യങ്ങളില്‍ ജിഎം വിത്തുകള്‍ക്കും വിളകള്‍ക്കും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയ മേഖലകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവെന്ന കാരണം കൊണ്ട് തന്നെ ഇത് സുരക്ഷിതമാണെന്ന് ന്യായീകരിക്കാന്‍ ലോകത്താകമാനമുള്ള ബയോടെക്‌നോളജി മേഖലയ്ക്കും കൃഷിയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങള്‍ക്കും സാധിക്കുന്നില്ല.

ഭക്ഷണത്തിന്റെ പോഷകഗുണങ്ങളില്‍ പ്രവചിക്കാനാവാത്ത മാറ്റങ്ങള്‍ ജിഎം ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുമെന്ന് 2002ല്‍ യുകെയിലെ റോയല്‍ സൊസൈറ്റി വ്യക്തമാക്കിയിരുന്നു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, വിട്ടുമാറാത്ത അസുഖങ്ങള്‍ ഉള്ള പ്രായമായ ആളുകള്‍, കുഞ്ഞുങ്ങള്‍ എന്നിവരിലേക്ക് ഇത് എത്തുന്നതിന് മുന്‍പ് ജിഎം വിളകളുടെ ആരോഗ്യ സാധ്യതകളെ കുറിച്ച് കൃത്യമായി ഗവേഷണം നടത്തേണ്ടതുണ്ടെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

ഇത്തരത്തിലുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ടും അത്യാവശ്യമാണ്. ഈ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് പറയുന്ന രാഷ്ട്രീയക്കാരനോ ശാസ്ത്രജ്ഞനോ കള്ളം പറയുന്നവനോ വിവേകശൂന്യനോ ആയിരിക്കുമെന്ന് ജനിതകശസ്ത്രജ്ഞ ഡേവിഡ് സുസുകി പറയുന്നു. നിരന്തരമായ എതിര്‍പ്പുകളാണ് എല്ലാകാലത്തും ജിഎം വിളകള്‍ക്കെതിരായി ഉയര്‍ന്നു വന്നിട്ടുള്ളത്. വര്‍ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ ഇത്തരം പുതുവിളകള്‍ ആവശ്യമാണെന്നാണ് ജിഎം വിളകളെ അനുകൂലിക്കുന്നവരുടെ വാദം.

എന്നാല്‍ പരമ്പരാഗതമായി പിന്തുടര്‍ന്നു പോരുന്ന കൃഷിരീതികളെയും വിത്തുല്‍പന്നങ്ങളെയും പാടെ തള്ളിക്കളഞ്ഞ് കൃത്രിമമായി രൂപപ്പെടുത്തിയ പുതുവിളകള്‍ക്കു പിന്നാലെ പോയാല്‍ അതു മനുഷ്യകുലത്തിന്റെ തന്നെ വിനാശത്തിനു കാരണമാകുമോ എന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. കുത്തകക്കമ്പനികളുടെ നിയന്ത്രണത്തിലുള്ള ഈ സാങ്കേതികവിദ്യയെ കച്ചവടലാഭത്തിനപ്പുറം ധാര്‍മികത നോക്കി വേണം സ്വീകരിക്കാനെന്നു വാദിക്കുന്നവരുമുണ്ട്.

ജിഎം വിത്തുകളെക്കുറിച്ചും വിളകളെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഇവയെ സംബന്ധിച്ച് പഠിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരിച്ചത്. കൃഷിക്കാര്‍, കാര്‍ഷിക വിദഗ്ധര്‍, പൊതുസമൂഹം എന്നിവരില്‍ നിന്ന് വലിയ തോതില്‍ അഭിപ്രായം സമാഹരിച്ചതിന് ശേഷം നീണ്ട കാലയളവിനുള്ളിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

സുരക്ഷിതമായ പരീക്ഷണങ്ങള്‍ നടത്തുന്നതിലെ വീഴ്ചകള്‍, വിളകളുടെ വാണിജ്യവല്‍ക്കരണത്തിന് ശേഷമുള്ള നിരീക്ഷണത്തിന്റെ അഭാവം എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കാര്‍ഷിക കയറ്റുമതിയില്‍ ജിഎം വിളകള്‍ ഉണ്ടാക്കുന്ന അനന്തരഫലത്തെക്കുറിച്ചും റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. മറ്റു രാജ്യങ്ങള്‍, ഇന്ത്യന്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നിരോധിക്കുന്ന തരത്തിലുള്ള നീക്കം ഉണ്ടാകാനടക്കമുള്ള സാധ്യതകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ലോകത്താകമാനം രാസവസ്തുക്കളില്ലാത്ത, കീടനാശിനി രഹിത ഭക്ഷ്യവസ്തുക്കള്‍ക്ക് പ്രാധാന്യം കൈവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജിഎം വിളകള്‍ പോലെ വിവാദങ്ങള്‍ ഏറെയുള്ള കാര്‍ഷിക പരീക്ഷണത്തിന് മുതിര്‍ന്നാല്‍ അത് രാജ്യത്തിന് താങ്ങാനാകാത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.

നിലവില്‍ പരീക്ഷണങ്ങള്‍ നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും കൃഷിയിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടി നിര്‍ത്തലാക്കാനാണ് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലുള്ള വ്യത്യസ്ത രാഷ്ട്രീയ കക്ഷികളിലെ അംഗങ്ങള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ്. ഇത്തരത്തിലുള്ള സമഗ്രറിപ്പോര്‍ട്ട് പുറത്തുവന്ന് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ വേണ്ട വിധത്തില്‍ പ്രാമാണീകരിച്ചിട്ടില്ല.

ഇതുപോലെ ജിഎം വിളകളുടെ ഉപയോഗത്തെ വിലക്കുന്ന മറ്റ് മൂന്ന് ഉന്നതതല റിപ്പോര്‍ട്ടുകളും ഇത്തരത്തില്‍ അവഗണിക്കപ്പെട്ടിട്ടുണ്ട്. 2010 ഫെബ്രുവരിയില്‍ പുറത്തു വന്ന ജയറാം രമേഷിന്റെ റിപ്പോര്‍ട്ട്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ബിടി ബ്രിഞ്ചാള്‍: ദ സ്പൗസ് കമ്മിറ്റി റിപ്പോര്‍ട്ട്, സുപ്രീംകോടതിയുടെ ടെക്‌നിക്കല്‍ എക്‌പേര്‍ട്ട് കമ്മറ്റി റിപ്പോര്‍ട്ട് എന്നിവയാണ് ഇവ.

മികച്ച വിളവാണ് ജിഎം ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത്. കുറഞ്ഞ തോതില്‍ വളവും കീടനാശിനികളും പ്രയോഗിച്ചാല്‍ മതിയെന്നതും ഗുണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷേ, ഈ വിലയിരുത്തലുകള്‍ പരിശോധനയില്‍ തകരുകയും ചെയ്തു. ഇന്ത്യയില്‍ കൃഷി ചെയ്ത ബിടി പരുത്തി പരാജയപ്പെട്ടത് തന്നെ ഇതിന് ഉദാഹരണമാണ്.

കാലിഫോര്‍ണിയ ആസ്ഥാനമാക്കിയുള്ള കാര്‍ഷിക ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പഠനത്തില്‍ ഇന്ത്യയിലെ കര്‍ഷകആത്മഹത്യകളെ ബിടി കോട്ടണ്‍ കാര്‍ഷിക പരീക്ഷണവുമായി ബന്ധിപ്പിക്കുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രണ്ട് ലക്ഷത്തിലധികം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യയില്‍ പരുത്തിക്കൃഷി ചെയ്യുന്ന പ്രദേശങ്ങളിലായിരുന്നു ഇത് അധികവും.

വിലയേറിയ ജിഎം വിത്തുകള്‍ വര്‍ഷാവര്‍ഷം വാങ്ങുന്നതിന് കര്‍ഷകര്‍ നിര്‍ബന്ധിതരാവുന്നുവെന്നും ഇത് അവരെ കടക്കെണിയിലേക്ക് നയിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ മണ്ണിന്റെ നിലവാരത്തകര്‍ച്ചയിലേക്കും ജലസ്രോതസുകള്‍ മലിനപ്പെടുത്തുന്നതിലേക്കും ഇത് നയിക്കുന്നു.

ഏതൊരു നാടിനും കൃഷിയിലൂന്നിയ ഒരു പൈതൃകവും പാരമ്പര്യവുമുണ്ട്. ആ നാടിന്റെ സംസ്‌കൃതി അടങ്ങിയിട്ടുള്ളത് ദേശത്തനിമയാര്‍ന്ന വിളകളിലും കൃഷിരീതികളിലുമാണ്. എന്നാല്‍ ലബോറട്ടറികളില്‍ കൃത്രിമസാഹചര്യങ്ങളില്‍ സൃഷ്ടിച്ചെടുക്കുന്ന വിളകള്‍ ഇത്തരം തനിമകളെ കാലക്രമേണ ഇല്ലായ്മ ചെയ്തുകളയും എന്ന കാര്യം ഉറപ്പാണെന്നതുകൂടി മനസിലാക്കേണ്ടിയിരിക്കുന്നു.

Comments

comments

Categories: FK Special, Life