നോട്ട് അസാധുവാക്കലില്‍ ഇന്ത്യക്ക് നഷ്ടമായത് 11 ശതകോടീശ്വരന്മാരെ

നോട്ട് അസാധുവാക്കലില്‍ ഇന്ത്യക്ക് നഷ്ടമായത് 11 ശതകോടീശ്വരന്മാരെ

അംബാനി ഇപ്പോഴും മുന്നില്‍, അതിസമ്പന്നരുടെ സമ്പത്തില്‍ 16 ശതമാനം വര്‍ധന

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. അതേസമയം. അതിധനികരായവരുടെ മൊത്തം സമ്പത്തില്‍ കഴിഞ്ഞ വര്‍ഷം 16 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നോട്ട് അസാധുവാക്കല്‍ നയം നടപ്പിലാക്കിയതു മുതല്‍ രാജ്യത്ത് 11 ശതകോടീശ്വരന്മാരെ നഷ്ടമായിട്ടുണ്ടെന്നാണ് ഹരുണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇ-കൊമേഴ്‌സ് പോസ്റ്റര്‍ ബോയ് എന്നറിയപ്പെടുന്ന ഫഌപ്കാര്‍ട്ട് സാരഥികളായ സച്ചിന്‍ ബന്‍സാലും, ബിന്നി ബന്‍സാലും ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്.

ഹരുണ്‍ ഗ്ലോബലിന്റെ രാജ്യത്തെ 132 ശതകോടീശ്വരന്മാരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് മൂന്നില്‍. 175,400 കോടി രൂപയാണ് (26 ബില്യണ്‍ ഡോളര്‍) മുകേഷ് അംബാനിയുടെ സമ്പത്ത് കണക്കാക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ തന്നെ ശതകോടീശ്വരന്മാരുടെ റെക്കോഡ് ബുക്കില്‍ 28-)o സ്ഥാനത്താണ് അംബാനി.

ഹിന്ദുജാ ഗ്രൂപ്പ് ചെയര്‍മാന്‍ (ആഗോള തലത്തില്‍ 74-)o സ്ഥാനം) എസ് പി ഹിന്ദുജ 14 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി പട്ടികയില്‍ രണ്ടാമത് ഇടം നേടി. തൊട്ടുപുറകെ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപകന്‍ ദിലിപ് സാംഗ്‌വി മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു. സണ്‍ ഫാര്‍മയുടെ ഓഹരിയിലുണ്ടായ 18 ശതമാനത്തിന്റെ ഇടിവ് കാരണം സാംഗ്‌വിയുടെ സമ്പത്തില്‍ (99,000 കോടി രൂപയുടെ ആസ്തി) 22 ശതമാനം കുറവ് അനുഭവപ്പെട്ടതാണ് അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ആഗോള തലത്തില്‍ 97-)o ശതകോടീശ്വരനായ പല്ലോന്‍ജി മിസ്ട്രിയാണ് ഇന്ത്യയിലെ നാലാമത്തെ അതി സമ്പന്നന്‍. ടാറ്റ സണ്‍സ് ലിമിറ്റഡിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ കൂടിയാണ് അദ്ദേഹം. 82,700 കോടി രൂപയാണ് അദ്ദേഹത്തിന്റെ സമ്പത്ത്. ആര്‍സെലര്‍ മിത്തല്‍ ചെയര്‍മാന്‍ ലക്ഷ്മി എന്‍ മിത്തലാണ് (81,800 കോടി രൂപയുടെ സമ്പത്ത്) പട്ടികയില്‍ അഞ്ചാമത് ഇടം നേടിയത്. വ്യാവസായിക പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ ശിവ് നഡാര്‍ (81,200 കോടി), സൈറസ് എസ് പൂനവാല (75,400 കോടി) എന്നിവര്‍ യഥാക്രമം ആറും ഏഴും സ്ഥനത്ത് നിലയുറപ്പിച്ചു.

വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയാണ് എട്ടാമതുള്ളത്. 66,300 കോടി രൂപയാണ് അദ്ദേഹത്തിന്റെ സമ്പത്ത്. ഉദയ് കൊട്ടക് രാജ്യത്തെ ഒമ്പതാം സ്ഥാനത്തുള്ള ശതകോടീശ്വരനായപ്പോള്‍ ഇന്ത്യന്‍ വംശജരായ റൂബീന്‍ സഹോദരന്മാര്‍ (ഡേവിഡ്, സൈമണ്‍) 45,600 കോടി രൂപയുടെ സമ്പത്തുമായി പട്ടികയില്‍ പത്താം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം റൂബീന്‍ സഹോദരന്മാരുടെ വരുമാനത്തില്‍ 29 ശതമാനത്തിന്റെ വളര്‍ച്ചയാണ് നിരീക്ഷിച്ചിട്ടുള്ളത്.

പേടിഎം സ്ഥാപന്‍ വിജയ് ശേഖര്‍ ശര്‍മയും ഡയറക്റ്റീസിന്റെ ദിവ്യാങ്ക് ടുരാകിയയുമാണ് പട്ടികയിലെ പുതിയ സാന്നിധ്യം. അതിസമ്പന്നരുടെ തലസ്ഥാന നഗരമായി തെരഞ്ഞെടുക്കപ്പെട്ടത് മുംബൈയാണ്. 42 ശതകോടീശ്വരന്മാരാണ് മുംബൈ നഗരത്തെ പ്രതിനിധീകരിക്കുന്നത്. 21 അതി സമ്പന്നരുമായി ഡെല്‍ഹിയും 9 അതിസമ്പന്നരുമായി അഹമ്മദാബാദും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടിയിട്ടുണ്ട്.

Comments

comments