ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും പിന്തുണയ്ക്കണമെന്ന് ക്രെഡായ്

ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും പിന്തുണയ്ക്കണമെന്ന് ക്രെഡായ്

ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ക്ക് അടിസ്ഥാനസൗകര്യ പദവി നല്‍കിയശേഷം താല്‍പ്പര്യം വര്‍ധിച്ചു

ന്യൂ ഡെല്‍ഹി : ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ നടപ്പാക്കുന്നതിന് ബില്‍ഡര്‍മാര്‍ക്ക് ബാങ്കുകളുടെയും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുടെയും പിന്തുണ വേണമെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ കൂട്ടായ്മയായ ക്രെഡായ്.

ചെലവുകുറഞ്ഞ ഭവന പദ്ധതികളില്‍നിന്ന് ലാഭ തോത് കുറവാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ അടിസ്ഥാനസൗകര്യ പദവി നല്‍കിയശേഷം ഈ മേഖലയില്‍ താല്‍പ്പര്യം വര്‍ധിച്ചതായി ക്രെഡായ് ദേശീയ തലസ്ഥാന മേഖലാ പ്രസിഡന്റ് മനോജ് ഗൗര്‍ വ്യക്തമാക്കി.

2022 ഓടെ എല്ലാവര്‍ക്കും വീടെന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ക്ക് ബാങ്കുകളുടെയും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുടെയും വലിയ സഹായങ്ങളും പിന്തുണയും വേണമെന്ന് മനോജ് ഗൗര്‍ ഇവിടെ ക്രെഡായ് സമ്മേളനത്തിനിടെ ആവശ്യപ്പെട്ടു.

ലാഭതോത് ചെറുതായതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന് തങ്ങള്‍ക്ക് പ്രത്യേക സഹായങ്ങള്‍ ചെയ്തുതരണം. ചെലവുകുറഞ്ഞ ഭവന പദ്ധതിയുടെ നിര്‍വ്വചനം പൂര്‍ണ്ണമായും അനുസരിച്ചായിരിക്കും ഡെവലപ്പര്‍മാര്‍ പ്രോജക്റ്റുകള്‍ തയ്യാറാക്കുന്നതെന്ന് മനോജ് ഗൗര്‍ വ്യക്തമാക്കി.

പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ സിബിആര്‍ഇ റിയല്‍ എസ്റ്റേറ്റ് മേഖലയെക്കുറിച്ച് ധവളപത്രം പുറത്തിറക്കിയിരുന്നു. നോട്ട് അസാധുവാക്കലിനെതുടര്‍ന്നുള്ള വിഷമതകള്‍ ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നും സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികളിലൂടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കൂടുതല്‍ സുതാര്യത കൈവരികയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ശരിയായ സ്രോതസ്സുകളില്‍നിന്നുള്ള പണത്തിന്റെ വലിയ ഒഴുക്ക് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇനി കാണാനാവുമെന്നും സ്ഥാപന നിക്ഷേപകര്‍ ദീര്‍ഘകാല നിക്ഷേപത്തിന് തയ്യാറാകുമെന്നും ധവളപത്രം വ്യക്തമാക്കുന്നു.

 

Comments

comments

Categories: Banking, FK Special
Tags: Credai, India