ഇതൊന്നും കുട്ടിക്കളികളല്ല!

ഇതൊന്നും കുട്ടിക്കളികളല്ല!

വയസ് 20 തികഞ്ഞിട്ടില്ലെങ്കിലും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുണ്ടെന്ന് തോന്നും ചിലപ്പോള്‍. ചെറിയ പ്രായത്തില്‍ തന്നെ തങ്ങളുടെ കഴിവ് കൊണ്ട് പ്രശസ്തരായ ചില കുട്ടിമിടുക്കരെ പരിചയപ്പെടാം.

ഇന്നത്തെ കുട്ടികള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണ് എന്നു പറഞ്ഞത് എത്ര ശരിയാണെന്നു തോന്നിപ്പിക്കുന്ന ചിലരുണ്ട് നമ്മുടെ കണ്‍മുമ്പില്‍. അത്തരക്കാരായ ഒരുകൂട്ടം കുട്ടികളെ നമുക്ക് പരിചയപ്പെടാം.

ഗോള്‍ഫ് താരമായ അതിഥി അശോക് മുതല്‍ ചെസ് കളിയിലെ രാജകുമാരനായ ആര്‍ പ്രജ്ഞാനന്ദവരെയുള്ള നിരവധി കുട്ടികളാണ് ചെറുപ്രായത്തില്‍ തന്നെ ജീവിതവിജയമെന്തെന്ന് നമുക്ക് കാണിച്ചു തരുന്നത്. തങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന് അത് നേടിയെടുക്കുന്നതിന് പ്രായമൊരു തടസ്സമേയല്ലെന്നു പറഞ്ഞു തരികയാണ് ഇവര്‍.

അതിഥി അശോക്

ഒരുപാട് മല്‍സരങ്ങള്‍ ഒന്നാം സ്ഥാനം നേടിയ പട്ടികയില്‍ ഈ പതിനെട്ടുകാരിയുടെ പേര് നാം കണ്ടിട്ടുണ്ടാകാം. ലേഡീസ് യൂറോപ്യന്‍ ടൂര്‍സ് ക്വാളിഫയിംഗ് സ്‌കൂള്‍ മത്സരത്തില്‍ വിജയിയാകുന്ന ഇന്ത്യയില്‍ നിന്നുമുള്ള ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ഫറാണ് അതിഥി. ലേഡീസ് യൂറോപ്യന്‍ ടൂര്‍ ടൈറ്റിലില്‍ വിജയിക്കുന്ന ആദ്യഇന്ത്യക്കാരിയും റിയോ ഒളിംപിക്‌സില്‍ ഇന്ത്യയില്‍ നിന്നു വനിതാ വിഭാഗത്തില്‍ മത്സരിച്ച ഒരേയൊരാളുമാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഈ ഗോള്‍ഫുകാരി.

ലോകത്തിലെ 100 വനിതാതാരങ്ങളടങ്ങിയ ഗോള്‍ഫ് റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തേക്ക് ഫെബ്രുവരി മാസത്തില്‍ ഈ ബെംഗളൂരു സ്വദേശി എത്തിച്ചേരുകയും ചെയ്തു. അഞ്ചര വയസ് പ്രായമുള്ളപ്പോഴാണ് അതിഥി ഗോള്‍ഫ് കളിക്കാന്‍ ആരംഭിക്കുന്നത്. ഏഴാം വയസില്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും ഒമ്പതാംവയസില്‍ ആദ്യവിജയം കൈപ്പിടിയിലാക്കുകയും ചെയ്തു. അതിഥിയുടെ ചെറുപ്രായത്തില്‍ ഗോള്‍ഫ് കോഴ്‌സുള്ള ഒരു റെസ്‌റ്റോറന്റില്‍ കുടുംബം ഭക്ഷണം കഴിക്കാനെത്തുമായിരുന്നു.

അതുകൊണ്ട് തന്നെ ആ കായികവിനോദം ആ കൊച്ചുപെണ്‍കുട്ടിയെ ഏറെ ആകര്‍ഷിക്കുകയും ചെയ്തു. 2016ല്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം അവള്‍ പ്രോ മത്സരയിനത്തിലേക്ക് തിരിയുകയായിരുന്നു. പിന്നീട് ഗോള്‍ഫിനായി മുഴുവന്‍ സമയവും മാറ്റിവെക്കുകയും ചെയ്തു. തനിക്ക് കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങളില്‍ തന്റെ കുടുംബം വഹിച്ച പങ്ക് ചില്ലറയല്ലെന്നാണ് അതിഥി പറയുന്നത്. പ്രോ മത്സരങ്ങളിലേക്ക് ആദ്യമായി കടന്നപ്പോള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. അപ്പോഴൊക്കെ മാതാപിതാക്കളായിരുന്നു എല്ലാ പിന്തുണയും നല്‍കിയതെന്നും അതിഥി വ്യക്തമാക്കുന്നു.

അദ്വൈ രമേശ്

ശ്രീലങ്കയുമായുള്ള രാജ്യാന്തര സമുദ്ര പരിധി മറികടന്നതിന്റെ പേരില്‍ രാമേശ്വരത്ത് നിന്നുമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് ഒരുകാലത്ത് നമ്മുടെ നാട്ടിലെ പത്രങ്ങളില്‍ നിറഞ്ഞു നിന്ന ഒരു വാര്‍ത്തയായിരുന്നു. ഇത്തരം പ്രാദേശിക മത്സ്യത്തൊഴിലാളികളെ സുരക്ഷിതരാക്കുക, അവരുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നതിനും അതിനുവേണ്ടി ഒരു ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നതിനുമുള്ള ചിന്ത അദ്വൈ രമേശ് എന്ന കുട്ടിയുടെ ചിന്തയില്‍ ഇടം പിടിക്കുന്നത് ഇത്തരം പത്രവാര്‍ത്തകളില്‍ നിന്നുമാണ്.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് കോഡിംഗ് ചെയ്തു തുടങ്ങിയ ഈ 15കാരന്‍, ഇന്ന് ആപ്പ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിരിക്കുന്നു. സമുദ്രാതിര്‍ത്തി ഭാഗത്ത് തങ്ങളുടെ ബോട്ട് എത്തുമ്പോഴും അപകടകരമായ കാലാവസ്ഥാ പ്രശ്‌നങ്ങളെ അതിജീവിക്കേണ്ടി വരുമ്പോഴുമൊക്കെ ജാഗ്രതാസന്ദേശം നല്‍കുന്ന ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ജിപിഎസില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്.

മത്സ്യത്തൊഴിലാളികള്‍ക്ക് തങ്ങളുടെ സഞ്ചാരദിശ മനസിലാക്കുന്നതിനും ഓരോ പ്രദേശത്തുമുള്ള വ്യത്യസ്തയിനത്തില്‍പ്പെട്ട മത്സ്യങ്ങളെക്കുറിച്ചറിയുന്നതിനുമൊക്കെ ആപ്പ് ഏറെ സഹായിക്കുകയും ചെയ്യുന്നു. ഫിഷര്‍മെന്‍ ലൈഫ്‌ലൈന്‍ ടെര്‍മിനല്‍ ആപ്പ് 2016ല്‍ ഗൂഗിളിന്റെ കമ്യൂണിറ്റി ഇംപാക്റ്റ് അവാര്‍ഡ് നേടുകയുണ്ടായി. 10,000 ഡോളര്‍ വിലമതിക്കുന്നതായിരുന്നു അവാര്‍ഡ്. ഇന്റര്‍നെറ്റ് സഹായമാവശ്യമില്ലാത്ത, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ലക്ഷ്യമിടുന്ന ഒരു ആപ്പ് ഉടന്‍ തയാറാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ കൊച്ചുപയ്യന്‍.

തെനിത് ആദിത്യ

കുട്ടി ശാസ്ത്രജ്ഞനായ തെനിത് ആദിത്യ ഒരു കണ്ടുപിടിത്തശൃംഖലയുടെ ഉടമ മാത്രമല്ല, ഒരു ഗവേഷകനും സോഫ്റ്റ്‌വെയര്‍ ഡെവലപ്പെറുമൊക്കെയാണ്. ഇതുവരെ 19ലധികം കണ്ടുപിടുത്തങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. 14 അന്തര്‍ദേശീയ അവാര്‍ഡുകളും 9 ദേശീയ അവാര്‍ഡുകളും ഈ പത്തൊന്‍പതുകാരനെ തേടിയെത്തിയിട്ടുണ്ട്. ദൈനംദിനജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളില്‍ നിന്നാണ് ഈ കണ്ടുപിടുത്തങ്ങളൊക്കെ എത്തിയിട്ടുള്ളതെന്നാണ് ആദിത്യ പറയുന്നത്. എന്നും പ്രശ്‌നങ്ങളുടെ നടുവില്‍ ജീവിക്കാന്‍ കഴിയില്ലെന്നും തനിക്കാകും പോലെ അവ പരിഹരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

തമിഴ്‌നാട്ടിലെ വിരുധുനഗര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു ആദിത്യ വളര്‍ന്നത്. യാതൊരു വിധ രാസവസ്തുക്കളും ഉപയോഗിക്കാതെ പ്രകൃതിസൗഹൃദസാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വര്‍ഷത്തോളം വാഴയില കേടുകൂടാതെ സംരക്ഷിക്കാന്‍ സാധ്യമാക്കുന്ന കണ്ടുപിടുത്തമായിരുന്നു ഏറ്റവും പ്രശസ്തം. ഒരുപാട് കാലം ഈടു നില്‍ക്കുന്നതും പ്രതിരോധക്ഷമത വര്‍ദ്ധിപ്പിക്കുന്നതുമായ ഇലകളെ തയ്യാറാക്കിയെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

പ്രകൃതിസൗഹൃദ പാത്രങ്ങളും കപ്പുകളും നിര്‍മിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ഇതുവഴി പ്ലാസ്റ്റിക്, പേപ്പര്‍ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുകയുമാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ, പ്രതിരോധ മേഖലകളില്‍ ഉപയോഗിക്കുന്നതിന് കഴിയുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം തയാറാക്കിയെടുക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇന്ന് ആദിത്യ.

ഹര്‍ഷ്‌വര്‍ദ്ധന്‍ സാല

തന്റെ പ്രായത്തിലുള്ള ആരും ചെയ്യാത്ത ഒരു കാര്യം ചെയ്യാന്‍ 14കാരനായ ഹര്‍ഷ്‌വര്‍ദ്ധന്‍ ഒരുങ്ങുന്നത് 2017ലാണ്. യുദ്ധം നടക്കുന്ന സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കുഴിബോംബുകള്‍ കണ്ടെത്തുന്നതിനായി ഒരു ലേസര്‍ ഡ്രോണ്‍ ഉണ്ടാക്കുന്നതിനായി ഗുജറാത്ത് സര്‍ക്കാരുമായി ചേര്‍ന്ന് അഞ്ചു കോടി രൂപയുടെ കരാറില്‍ അദ്ദേഹം ഒപ്പു വെച്ചിരുന്നു. തന്റെ ചെറുപ്രായത്തില്‍ വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയായി കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് പട്ടാളക്കാര്‍ക്ക് അപകടം സംഭവിക്കുന്നത് അവന്‍ കണ്ടിട്ടുണ്ടായിരുന്നു.

അങ്ങനെയാണ് 2015ല്‍ ഈ ഡ്രോണ്‍ നിര്‍മിക്കുന്നതിനു വേണ്ട പ്രോട്ടോടൈപ് ഉണ്ടാക്കുന്നതിന് അവന്‍ തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ രണ്ട് പ്രോട്ടോടൈപ്പുകളും നിര്‍മിക്കുന്നതിനായി ഏകദേശം 3.2 ലക്ഷം രൂപയാണ് ഹര്‍ഷവര്‍ദ്ധന്റെ മാതാപിതാക്കള്‍ മുടക്കിയത്. അവസാനത്തെ പ്രോട്ടോടൈപ്പ് നിര്‍മിക്കുന്നതിന് ആവശ്യമായ പണമാണ് ഗുജറാത്ത് സര്‍ക്കാര്‍ നിക്ഷേപിച്ചിരിക്കുന്നത്. ഡ്രോണില്‍ ഇന്‍ഫ്രാറെഡ്, തെര്‍മല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്യാമറ നിര്‍മിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

വെറും 10 വയസ് പ്രായമുള്ളപ്പോഴാണ് ഇലക്ട്രോണിക്‌സിനോടുള്ള ഹര്‍ഷ്‌വര്‍ദ്ധന്റെ ഇഷ്ടം ആരംഭിക്കുന്നത്. അതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളും സ്വയം പഠിച്ചെടുത്തതായിരുന്നു. ഇന്റര്‍നെറ്റ് മുഖേനയാണ് താന്‍ പ്രാഥമിക കാര്യങ്ങളൊക്കെ പഠിച്ചതെന്നും കൂടുതല്‍ നൂതനസാങ്കേതികവിദ്യ സജ്ജമാക്കുന്നതിനുമുള്ള ചിന്തയും പ്രവര്‍ത്തനങ്ങളുമായിരുന്നു പിന്നീടു നടത്തിയതെന്നും ഹര്‍ഷ്‌വര്‍ദ്ധന്‍ പറയുന്നു. അദ്ദേഹംനിര്‍മ്മിച്ച അഞ്ചാമത്തെ ഡ്രോണാണിത്. ഇതുവരെ 12 റോബോട്ടുകളെയും ഈ കൊച്ചുശാസ്ത്രജ്ഞന്‍ നിര്‍മിച്ചിട്ടുണ്ട്.

അര്‍ഷ് ഷാ ദില്‍ബാഗി

പാനിപ്പറ്റിലെ സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് അര്‍ഷ് ഷാ ദില്‍ബാഗി പക്ഷാഘാതം മൂലം സംസാരശേഷി നഷ്ടമായ ഒരാളെ കാണാനിടയായി. എന്തുകൊണ്ട് അദ്ദേഹം സഹായഉപകരണങ്ങളൊന്നും ഉപയോഗിച്ചില്ല എന്ന കാര്യം അര്‍ഷില്‍ വളരെയധികം ആശ്ചര്യം സൃഷ്ടിച്ചു. ഉപകരണങ്ങളില്‍ പലതും വളരെയധികം വിലയേറിയതും വലിപ്പം കൂടിയതുമാണെന്ന് അന്വേഷിച്ചപ്പോള്‍ മനസിലായി. ശ്വാസോച്ഛ്വാസം സംസാരമാക്കി മാറ്റുന്ന ചെലവ് കുറഞ്ഞതും കൂടെക്കൊണ്ടു നടക്കാന്‍ കഴിയുന്നതുമായ ടോക് എന്ന ഉപകരണം ദില്‍ബാഗി നിര്‍മിക്കുന്നത് തന്റെ പതിനാറാമത്തെ വയസിലാണ്.

സംസാരശേഷി നഷ്ടമായി ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ സഹായകരമാകുന്ന വിധത്തിലാണ് ഈ ഉപകരണം അദ്ദേഹം സജ്ജമാക്കിയിരിക്കുന്നത്. ശ്വാസോച്ഛ്വാസത്തെ മോര്‍സ് കോഡ് ഉപയോഗിച്ച് ഇലക്ട്രിക്കല്‍ സന്ദേശങ്ങളായി മാറ്റിയാണ് ഇതിന്റെ പ്രവര്‍ത്തനം. 2014ല്‍ ദില്‍ബഗിയുടെ ഈ ഉപകരണം ഗൂഗിളിന്റെ ഗ്ലോബല്‍ സയന്‍സ് ഫെയറില്‍ വോട്ടേഴ്‌സ് ചോയിസ് അവാര്‍ഡ് കരസ്ഥമാക്കുകയുമുണ്ടായി. ദില്‍ബഗിക്ക് 12 വയസ് പ്രായമുള്ളപ്പോഴാണ് അദ്ദേഹത്തിന് റോബോട്ടിക് വിഷയങ്ങളില്‍ താല്‍പര്യമുണ്ടാകുന്നത്.

ഇതുവരെ നമ്മള്‍ കാണാത്തയത്ര യോഗ്യതയുള്ള കാര്യങ്ങള്‍ തയ്യാറാക്കുന്നതിന് ടെക്‌നോളജി വഴി സാധിക്കുമെന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. 18കാരനായ ദില്‍ബഗി ഇന്ന് പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് വിഷ്വല്‍ ആര്‍ട്‌സ് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.

ആര്‍ പ്രജ്ഞാനന്ദ

ചെന്നൈയിലെ ചെസ് കളിയിലെ രാജകുമാരനായ ആര്‍ പ്രജ്ഞാനന്ദ എന്ന പതിനൊന്നുകാരന്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ആകുന്നത് കഴിഞ്ഞ വര്‍ഷമാണ്. തനിക്ക് മൂന്ന് വയസ് പ്രായമുള്ളപ്പോഴാണ്പ്രജ്ഞാനന്ദ ചെസ് കളിക്കാന്‍ തുടങ്ങുന്നത്. ചെസ് കളിയിലെ ഇന്റര്‍നാഷണല്‍ മാസ്റ്ററായ ചേച്ചി ആര്‍ വൈശാലിയാണ് ചെസിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുത്തത്.

2013ല്‍ എട്ടു വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തിലും 2015ല്‍ 10 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തിലും വേള്‍ഡ് യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പുകള്‍ ഈ കൊച്ചുബാലന്‍ കരസ്ഥമാക്കുകയുണ്ടായി. ചെസ്‌ലോകം മുഴുവന്‍ ആരാധിക്കുന്ന വിശ്വനാഥന്‍ ആനന്ദിന്റെ പക്കല്‍ നിന്നും ലഭിച്ച അഭിനന്ദനമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമെന്നാണ് പ്രജ്ഞാനന്ദ പറയുന്നത്.

ചെന്നൈയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായ പ്രജ്ഞാനന്ദയ്ക്ക് സ്‌കൂള്‍ പഠനവും ചെസ് മല്‍സരവും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിന് കഴിയുന്നുണ്ടെന്നാണ് അച്ഛന്‍ രമേഷ്ബാബു വ്യക്തമാക്കുന്നത്. ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന നേട്ടം കൈവരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പ്രജ്ഞാനന്ദയിന്ന്.

ബിസ്മാന്‍ ദേയു

കൊയ്ത്തിനു ശേഷം കര്‍ഷകര്‍ പാടത്തെ മാലിന്യങ്ങള്‍ കത്തിച്ചുകളയുന്ന കാലത്താണ് അന്തരീക്ഷ മലിനീകരണം ഏറ്റവും മോശമാകുന്നതെന്ന് 18കാരി ബിസ്മന്‍ ദേയു തിരിച്ചറിഞ്ഞത് അമൃത്സറില്‍ കുടുംബ കൃഷിയിടം സന്ദര്‍ശിച്ച സമയത്താണ്. പലരും വിളവെടുപ്പിന് ശേഷം കൃഷിയിടത്തില്‍ ബാക്കിയാവുന്ന കച്ചിയും മറ്റും അവിടെ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.

പാടത്ത് ഉപേക്ഷിക്കപ്പെട്ട മലിനവസ്തുക്കളാണ് അവളെ ഒരു പുതിയ കാര്യം ചെയ്യുന്നതിന് പ്രേരിപ്പിച്ചത്. നെല്ലിന്റെ അവശിഷ്ടഭാഗങ്ങളെടുത്ത് സുസ്ഥിരമായ ഒരു ഗൃഹനിര്‍മ്മാണ വസ്തു ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ചായിരുന്നു അവളുടെ ചിന്ത. ചെലവു കുറച്ച് പരിസ്ഥിതിസൗഹൃദ വീടുകള്‍ നിര്‍മിക്കുന്നതിന് സഹായിക്കുന്ന ഗ്രീന്‍വുഡ് എന്ന ഉല്‍പ്പന്നമാണ് അവര്‍ ഇതില്‍ നിന്ന് ഉണ്ടാക്കിയെടുത്തത്.

നനവിനെ പ്രതിരോധിക്കുന്നതിനാല്‍ വിവിധകാര്യങ്ങള്‍ക്ക് ഏറെ ഉപയോഗയോഗ്യമാണിത്. വീട്ടുപകരണങ്ങള്‍ തയ്യാറാക്കുന്നതിനും ഗ്രീന്‍വുഡ് ഉപയോഗിക്കാറുണ്ട്. 2013ലെ എച്ച്പിയുടെ സോഷ്യല്‍ ഇന്നൊവേഷന്‍ റിലേ മത്സരത്തില്‍ ഈ സാങ്കേതികവിദ്യ വിജയം നേടുകയും ചെയ്തു.

പാടത്ത് നെല്ലിന്റെ അവശിഷ്ടങ്ങള്‍ കത്തിച്ചപ്പോഴുണ്ടായ പുക ശ്വസിച്ചുണ്ടായ അസുഖങ്ങളാണു കൂടുതല്‍ പഠനം നടത്തി ഇത്തരമൊരു ഒരു പരിഹാരം കണ്ടെത്തുന്നതിനു തന്നെ പ്രേരിപ്പിച്ചതെന്ന് ദേയു പറയുന്നു. വീട്ടിലെ അടുക്കളയില്‍ തന്നെ ഗ്രീന്‍ വുഡ് തയാറാക്കുകയുമായിരുന്നു ദേയു. യുകെയിലെ വാര്‍വിക്ക് സര്‍വകലാശാലയില്‍ പഠനം നടത്തുകയാണ് ബിസ്മന്‍ ദേയു.

കാര്‍ബണ്‍ കുറച്ചുകൊണ്ട് ഗ്രീന്‍ വുഡ് എങ്ങിനെ കൂടുതല്‍ മികച്ചതാക്കി മാറ്റാം എന്ന ചിന്തയിലാണ് ഇപ്പോള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് വരുന്ന ആള്‍ക്കാരിലേക്ക് ഈ ഉല്‍പ്പന്നത്തെ എത്തിക്കുകയും അവരില്‍ ഇതുവഴി മാറ്റങ്ങള്‍ വരുത്തുകയുമാണ് ദേയു ലക്ഷ്യമിടുന്നത്.

Comments

comments

Categories: Education, FK Special, Life
Tags: children, India