കാറില്‍നിന്ന് ബസ്സിലേക്ക് : സെല്‍ഫ് ഡ്രൈവിംഗ് ബസ്സുകള്‍ പരീക്ഷണ ഓട്ടം തുടങ്ങി

കാറില്‍നിന്ന് ബസ്സിലേക്ക് : സെല്‍ഫ് ഡ്രൈവിംഗ് ബസ്സുകള്‍ പരീക്ഷണ ഓട്ടം തുടങ്ങി

ഫ്രഞ്ച് സ്വകാര്യ കമ്പനിയായ ഈസിമൈല്‍ ആണ് പന്ത്രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ബസ്സുകള്‍ പരീക്ഷിക്കുന്നത്

കാലിഫോര്‍ണിയ : സാന്‍ ഫ്രാന്‍സിസ്‌കോ ബേ പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് തിങ്കളാഴ്ച്ച രണ്ട് ബസ്സുകള്‍ കാലിഫോര്‍ണിയയിലെ ഒരു പൊതുനിരത്തിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. സ്റ്റിയറിംഗ് വളയമോ ഹ്യൂമണ്‍ ഓപ്പറേറ്ററോ ഇല്ലാത്ത 2,50,000 ഡോളര്‍ വില വരുന്ന ഓട്ടോണമസ് ബസ്സുകളാണ് ഇതാദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ പൊതുനിരത്തില്‍ സഞ്ചരിക്കുന്നത്.

ഭാവിയില്‍ പൊതുഗതാഗത രംഗത്ത് പ്രയോഗിക്കാവുന്ന സാങ്കേതികവിദ്യകളുടെ പരീക്ഷണ ഹബ് ആയി കാലിഫോര്‍ണിയയും മറ്റ് സംസ്ഥാനങ്ങളും മാറുന്ന കാഴ്ച്ചയാണ് ഇതിന് സമാന്തരമായി കാണുന്നത്.

മിക്ക സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെയും പരീക്ഷണ ഓട്ടം നടത്തുന്ന സമയത്ത് ആവശ്യം വന്നാല്‍ വാഹനം ഏറ്റെടുത്ത് ഓടിക്കുന്നതിനായി സ്റ്റിയറിംഗ് വളയത്തിന് സമീപം സീറ്റില്‍ ഒരാള്‍ ഇരിക്കുന്നുണ്ടാവും. എന്നാല്‍ 2015 തുടക്കത്തില്‍ ടെക്‌സാസിലെ ഓസ്റ്റിനില്‍ ആല്‍ഫബെറ്റിനുകീഴിലെ വേമോ സ്റ്റിയറിംഗ് വളയമോ പെഡലോ ഇല്ലാത്ത കാറാണ് പരീക്ഷിച്ചത്.

എന്നാല്‍ ഇപ്പോള്‍ ഫ്രഞ്ച് സ്വകാര്യ കമ്പനിയായ ഈസിമൈല്‍ ആണ് പന്ത്രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ഷട്ടില്‍ ബസ്സുകള്‍ പരീക്ഷിക്കുന്നത്. ബസ് പ്രോജക്റ്റിന് സ്വകാര്യ കമ്പനികളുടെയും പൊതുഗതാഗത, അന്തരീക്ഷ ഗുണനിലവാര അധികൃതരുടെയും പിന്തുണയുണ്ടെന്ന് പ്രോഗ്രാം മാനേജര്‍ ഹബീബ് ഷംസ്ഖു വ്യക്തമാക്കി.

സംസാരിക്കുന്നതിനിടെ ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് ഹബീബ് കയറിനിന്നു. പ്രോഗ്രാം മാനേജറെ കണ്ടതോടെ ഇടിച്ചുതെറിപ്പിക്കാതെ ബസ് തനിയെ നിന്നു.

പൊതുനിരത്തുകളില്‍ സ്റ്റിയറിംഗ് വളയങ്ങളോ പെഡലുകളോ ഇല്ലാത്ത പൂര്‍ണ്ണ ഓട്ടോണമസ് വാഹനങ്ങളുടെ സ്ലോ-സ്പീഡ് ടെസ്റ്റിന് അനുമതി നല്‍കുന്ന നിയമം കാലിഫോര്‍ണിയ സംസ്ഥാന നിയമസഭ കഴിഞ്ഞ വര്‍ഷമാണ് അംഗീകരിച്ചത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി തേടുന്നതിന് മുമ്പ് കുറച്ച് മാസം ഈ ബസ്സുകളുടെ പരീക്ഷണഓട്ടം നടത്താനാണ് ഫ്രഞ്ച് കമ്പനിയുടെ തീരുമാനം. ഈ വര്‍ഷം അവസാനമോ 2018 തുടക്കത്തിലോ ഡ്രൈവറില്ലാ ബസ്സുകള്‍ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Comments

comments

Categories: Auto, Trending, World