ഇലക്ട്രിക് വാഹന നയം : മന്ത്രിതല സമിതി ഈയാഴ്ച്ച യോഗം ചേരും

ഇലക്ട്രിക് വാഹന നയം : മന്ത്രിതല സമിതി ഈയാഴ്ച്ച യോഗം ചേരും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്

ന്യൂ ഡെല്‍ഹി : 2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമെന്ന ഇന്ത്യയുടെ സ്വപ്‌നം ഈയാഴ്ച്ച തളിരിടും. ഇലക്ട്രിക് വാഹന നയം രൂപീകരിക്കുന്നതിന് ഈയാഴ്ച്ച ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, ഘനവ്യവസായ മന്ത്രി അനന്ത് ഗീതെ, പരിസ്ഥിതി മന്ത്രി അനില്‍ ദവെ, ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

2030 ഓടെ രാജ്യത്തെ എല്ലാ പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങളും വൈദ്യുതി ഉപയോഗത്തിലേക്ക് മാറുന്നതിനാണ് നയം ആവിഷ്‌കരിക്കുന്നത്. ഇതിനായി വ്യവസ്ഥകളും മാനദണ്ഡങ്ങളും മറ്റും തയ്യാറാക്കേണ്ടിവരും.

സമ്പദ്‌വ്യവസ്ഥ പ്രതിവര്‍ഷം ശരാശരി 7.5 ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണി നിലവിലെ 3.2 മില്യണ്‍ വാഹനങ്ങളില്‍നിന്ന് 2026 ഓടെ നാല് മടങ്ങിലധികം വര്‍ധിച്ച് 13.4 മില്യണ്‍ വാഹനങ്ങള്‍ വില്‍ക്കപ്പെടുമെന്നാണ് സര്‍ക്കാരിന്റെ ഓട്ടോമോട്ടീവ് മിഷന്‍ പ്ലാന്‍ 2016-26 വ്യക്തമാക്കുന്നത്. കൊമേഴ്‌സ്യല്‍ വാഹന വിപണി 2014-15 ലെ ഏഴ് ലക്ഷം യൂണിറ്റില്‍നിന്ന് 3.9 മില്യണ്‍ ആയി വര്‍ധിക്കുമെന്നുമാണ് കണക്കാക്കിയിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളോടുള്ള ഓരോ താല്‍പ്പര്യവും മലിനീകരണവും എണ്ണ ഇറക്കുമതിയും കുറയ്ക്കുന്നതിന് ഇന്ത്യയെ സഹായിക്കും. നിലവില്‍ 150 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് രാജ്യം എണ്ണ ഇറക്കുമതി ചെയ്യുന്നതെങ്കില്‍ ഇതേനില തുടര്‍ന്നാല്‍ 2030 ഓടെ 300 ബില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടിവരും. രാജ്യത്തിനാവശ്യമായ എണ്ണയുടെ എണ്‍പത് ശതമാനവും പ്രകൃതി വാതകത്തിന്റെ 18 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 2015-16 ല്‍ ഇന്ത്യ 202 മില്യണ്‍ ടണ്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്.

നിലവില്‍ രാജ്യത്തെ ഇലക്ട്രിക് വാഹന വില്‍പ്പന മന്ദഗതിയിലാണ്. 2014-15 ല്‍ 16,000 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റതെങ്കില്‍ 2016 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ 22,000 ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞു. 37.5 ശതമാനം വര്‍ധന. ഇവയില്‍ കാറുകളുടെയും മറ്റ് നാലുചക്ര വാഹനങ്ങളുടെയും എണ്ണം 2,000 മാത്രമാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് വ്യക്തമാക്കുന്നു.

നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാന്‍ (എന്‍ഇഎംഎംപി)2020, ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്ക്ള്‍സ് (എഫ്എഎംഇ) പദ്ധതികളനുസരിച്ച് 2020 ഓടെ പാതകളില്‍ ആറ് മില്യണ്‍ ഇലക്ട്രിക് ആന്‍ഡ് ഹൈബ്രിഡ് വാഹനങ്ങള്‍ കാണണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

എഫ്എഎംഇ പദ്ധതിയനുസരിച്ച് ഇലക്ട്രിക് ആന്‍ഡ് ഹൈബ്രിഡ് ബൈക്കുകള്‍ക്ക് 29,000 രൂപ വരെയും കാറുകള്‍ക്ക് 1.38 ലക്ഷം രൂപ വരെയും കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു.

ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങളുടെ ഘടകഭാഗങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണില്‍ മാരുതി സുസുകി, മഹീന്ദ്ര & മഹീന്ദ്ര, ഫോര്‍ഡ്, മഹീന്ദ്ര രേവാ ഇലക്ട്രിക്, ടാറ്റ മോട്ടോഴ്‌സ് എന്നീ വാഹന നിര്‍മ്മാണ കമ്പനികള്‍ കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഫോര്‍ഡ്, മാരുതി സുസുകി കമ്പനികള്‍ പിന്നീട് പിന്‍മാറി.

 

Comments

comments

Categories: Auto, FK Special, Trending