ഇന്ത്യന്‍ ഐടി മേഖലയിലെ മധ്യനിര തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തില്‍

ഇന്ത്യന്‍ ഐടി മേഖലയിലെ മധ്യനിര തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തില്‍

ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങളും പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവും പ്രതിസന്ധി സൃഷ്ടിക്കും

ന്യൂഡല്‍ഹി: ഓട്ടോമേഷന്റെയും പുതിയ സാങ്കേതിക വിദ്യകളുടെയും കടന്നുവരവ് ഇന്ത്യന്‍ ഐടി മേഖലയിലെ മധ്യനിര തൊഴിലാളികളുടെ ഭാവി അനിശ്ചിതമാക്കുന്നു. ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങളും പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവും ഐടി വ്യവസായത്തില്‍ ആകെ സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് പ്രതിസന്ധിക്ക് കാരണം.

ഇത് 8-12 വര്‍ഷം പരിചയസമ്പത്തുള്ള 12-18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള മധ്യനിരയിലുള്ള ജീവനക്കാരെയാണ് കൂടുതലായി ബാധിക്കുക. ഏകദേശം 1.4 മില്യണ്‍ വരുന്ന ഈ മധ്യനിര ജീവനക്കാരെ കേന്ദ്രീകരിച്ചാണ് ഐടി വ്യവസായത്തിലെ പുനഃക്രമീകരണ ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നത്.

‘ഓരോ കമ്പനികളും തങ്ങളുടെ നവീകരണത്തിനായി ദശലക്ഷക്കണക്കിന് ഡോളറുകളാണ് കണ്‍സള്‍ട്ടന്റുകള്‍ക്കായി ചെലവിടുന്നത്. അപ്പോള്‍ മക്കിന്‍സി പോലുള്ള ആഗോള കണ്‍സള്‍ട്ടന്‍സികള്‍ പറയുന്നു നിങ്ങളുടെ മിഡില്‍ മാനേജുമെന്റ് തകര്‍ന്നുവെന്ന്. യഥാര്‍ത്ഥത്തില്‍ മിഡില്‍ മാനേജ്‌മെന്റന് മാത്രമായി മാറ്റത്തെ കൊണ്ടുവരാനോ തടയാനോ സാധിക്കില്ല,’ ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിത്.

ഐടി ജീവനക്കാരുടെ ശ്രേണിയില്‍ ഏറ്റവും ദുര്‍ബലമായതായാണ് മിഡില്‍ മാനേജ്‌മെന്റിനെ കണക്കാക്കുന്നതെന്ന് ഇവൈ ഇന്ത്യയുടെ ടെക്‌നോളജി മേഖലാ തലവനായ മിലന്‍ ഷെത്ത് പറയുന്നു. കമ്പനിയുടെ ഉന്നത നേതൃത്വം നിരന്തരും ക്ലൈന്റ്‌സുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും വിപണിയിലെ പുതിയ മാറ്റങ്ങള്‍ മനലിസാക്കുകയും ചെയ്യുന്നു.

താഴെത്തട്ടിലുള്ള താരതമ്യേന പുതിയ ജീവനക്കാര്‍ക്ക് മാറ്റങ്ങള്‍ എളുപ്പത്തില്‍ സ്വീകരിക്കാനും പഠിക്കാനും കഴിയുന്നു. മാറ്റങ്ങള്‍ പ്രയാസകരമാകുന്നത് മിഡില്‍ മാനേജ്‌മെന്റിനാണെന്നും മിലന്‍ ഷെത്ത് കൂട്ടിച്ചേര്‍ക്കുന്നു.

ഐടി വ്യവസായത്തിന്റെ പരമ്പരാഗത രീതികളെ ഓട്ടോമേഷനും ഡിജിറ്റല്‍ സാങ്കേതികവിദ്യകളും തകിടം മറിക്കുകയാണ്. മാറ്റങ്ങള്‍ ഇതിനകം തന്നെ കാണാന്‍ സാധിക്കും. പത്ത് വര്‍ഷത്തോളം അനുഭവസമ്പത്ത് ഉള്ളവരുടെ ജോലികള്‍ യന്ത്രങ്ങള്‍ ഏറ്റെടുക്കുകയാണ്. ഫ്രഞ്ച് ഐടി ഭീമനായ കാപ്‌ജെമിനി പ്രോജക്റ്റുകള്‍ നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുക്കല്‍ നടത്തുന്നത് ഐബിഎമ്മിന്റെ സൂപ്പര്‍ കംപ്യൂട്ടറായ വാട്‌സണ്‍ ഉപയോഗിച്ചാണ്.

ഇന്‍ഫോസിസ് ആകട്ടെ മെഷിന്‍ ലേണിങ് പ്ലാറ്റ്‌ഫോം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നു. കഠിനമായ തീരുമാനങ്ങളില്‍ പ്രോജക്റ്റ് മാനേജര്‍മാരെ സഹായിക്കുന്നതിനും കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് ചെയ്യേണ്ട ജോലിയുടെ ഭാരം കുറയ്ക്കാനും മെച്ചപ്പെട്ട വ്യാപാരം സൃഷ്ടിക്കുന്നതിനും വേണ്ടിയാണിത്.

തങ്ങളുടെ പ്രാപ്തി ഉയര്‍ത്താം എന്നതിനൊപ്പം മധ്യവര്‍ഗ ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളവും നല്‍കേണ്ടി വരുന്നില്ലാ എന്നതും ഓട്ടോമേഷനിലേക്ക് കടക്കുന്നതിന് കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. ആറ് വര്‍ഷത്തിലധികമായ ജീവനക്കാരുടെ ശമ്പള നവീകരണം മാനേജ്‌മെന്റ് വിശകലനം ചെയ്യുന്നത് വരെ താല്‍ക്കാലികമായി നീട്ടിവെച്ചിരിക്കുകയാണ് ടെക്മഹീന്ദ്ര കമ്പനി.

ഇന്ത്യയിലെ ജീവനക്കാര്‍ പദവികളിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പദവി മെച്ചപ്പെടുന്നതിനൊപ്പം സാങ്കേതിക വിദ്യയില്‍ അപ്‌ഡേറ്റഡ് ആകുന്നതില്‍ നിന്ന് പലരും അകലുകയാണെന്നും നിരീക്ഷണമുണ്ട്.

അളുകളെ നിയന്ത്രിക്കുന്നതിന് വേണ്ടി മാത്രമുള്ള തൊഴിലുകള്‍ക്ക് ഇന്നത്തെ ഊര്‍ജ്ജ്വസ്വലമായ സാഹചര്യങ്ങളില്‍ സ്ഥാനമില്ലെന്നും എല്ലാവരും റിസള്‍ട്ട് ഉണ്ടാക്കേണ്ടതുണ്ടെന്നും ഒരു യൂറോപ്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ടെക്‌നോളജി തലവന്‍ പറയുന്നു. കൂടുതവല്‍ വൈദഗ്ധ്യം നേടിയ ജീവനക്കാരെ പ്രതിസന്ധി കാര്യമായി ബാധിക്കുന്നില്ല.

Comments

comments

Categories: FK Special, Life, Tech, Top Stories
Tags: IT, IT Employees