സംസ്ഥാനത്ത് കൃത്രിമ മഴയ്ക്ക് സാധ്യത തേടുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൃത്രിമ മഴയ്ക്ക് സാധ്യത തേടുമെന്ന് മുഖ്യമന്ത്രി

വരള്‍ച്ച നേരിടുന്നതിന് മനുഷ്യസാധ്യമായ എല്ലാം ചെയ്യും

തിരുവനന്തപുരം: ജലക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വരള്‍ച്ച അതിരൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമ മഴയ്ക്കുള്ള സാധ്യത തേടുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള സാധ്യതകള്‍ പരിഗണിക്കുന്നതായാണ്് വരള്‍ച്ചാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയവെ മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്.

നൂറ്റാണ്ട് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വരള്‍ച്ചയാണ് കേരളം നേരിടുന്നത്. വരള്‍ച്ച തടയാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരള്‍ച്ച നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

വരള്‍ച്ചാ പ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ നോട്ടീസ് നല്‍കിയത്. യോഗങ്ങള്‍ കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും മാത്രം പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും നടപടികള്‍ അനിവാര്യമാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ടി ഷാഫി പറഞ്ഞു.

വരള്‍ച്ചയെ കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള സര്‍വ്വ കക്ഷി സംഘം, ഈ മാസം 20, 21 തീയതികളില്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചെങ്കിലും പ്രധാനമന്ത്രി തിരക്കിലാണെന്ന് പറഞ്ഞ് അനുമതി നിഷേധിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തില്‍ ശരാശരിയേക്കാള്‍ ഈ വര്‍ഷം ചൂട് കൂടുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍,മെയ് മാസങ്ങളില്‍ സംസ്ഥാനത്ത് സൂര്യതാപത്തിന് സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. വേണ്ടത്ര ജലം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കുമെന്നുമള്ള ആശങ്ക ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.

കടുത്ത കുടിവെള്ളക്ഷാമമാണ് സംസ്ഥാനത്ത് ഉടനീളം അനുഭവപ്പെടുന്നത്. കടുത്ത ചൂടും ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ആശങ്കയുണ്ട്.

ധാരാളം മേഘങ്ങളുണ്ടെങ്കിലും മഴ പെയ്യാത്ത അവസ്ഥയിലാണു പ്രധാനമായും ക്ലൗഡ് സീഡിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മഴ പെയ്യിക്കുന്നത്. മേഘപടലങ്ങളിലെ നീരാവിയെ കൃത്രിമമായി ഘനീഭവിപ്പിച്ച് വെള്ളത്തുള്ളികളാക്കുകയാണ് ചെയ്യുന്നത്.

Comments

comments

Categories: FK Special, Life, Top Stories