50% വരുമാന വിപണി വിഹിതം ലക്ഷ്യമിട്ട് ജിയോ

50% വരുമാന വിപണി വിഹിതം ലക്ഷ്യമിട്ട് ജിയോ

വൊഡാഫോണിനും, ഐഡിയയ്ക്കും മല്‍സരം കൂടുതല്‍ കടുക്കും

കൊല്‍ക്കത്ത: 2021 സാമ്പത്തിക വര്‍ഷത്തോടെ 50 ശതമാനം വരുമാന വിപണി വിഹിതം നേടാനുള്ള റിലയന്‍സ് ജിയോ ഇന്‍ഫൊകോമിന്റെ ഊര്‍ജിത ശ്രമങ്ങള്‍ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുക വൊഡാഫോണ്‍ ഇന്ത്യയെയും ഐഡിയ സെല്ലുലാറിനെയും ആയിരിക്കുമെന്ന് ടെലികോം മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, 4ജി ഇന്റര്‍നെറ്റ് സാന്നിധ്യം ശക്തമാക്കാനുള്ള ജിയോയുടെ ശ്രമങ്ങള്‍ അത്ര എളുപ്പമാകില്ലെന്നും അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

ഐഡിയ സെല്ലുലാറിനും വൊഡാഫോണിനും നിലവില്‍ താരതമ്യേന വിപുലമായ 4ജി സാന്നിധ്യമില്ല. ഇരുവമ്പനികള്‍ തമ്മില്‍ ലയിക്കുകയാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ മറികടക്കാനും ഒരു വര്‍ഷത്തോളം വേണ്ടി വരും.

ലയനം സാധ്യമാകുന്നതോടെ അടുത്ത പന്ത്രണ്ട് മുതല്‍ പതിനഞ്ച് മാസം വരെ പദ്ധതി ചെലവ് വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയും ഇരു കമ്പനികളുടെയും വരുമാന വിപണി വിഹിതത്തില്‍ വലിയ രീതിയില്‍ പ്രതിഫലിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിരീക്ഷണം.

ടെലികോം രംഗത്ത് ലയനം പ്രാവര്‍ത്തികമാക്കുന്നത് കുറച്ച് ശ്രമകരമാണ്, എന്നാല്‍ ലയനത്തിനു മുന്‍പ് തന്നെ പദ്ധതി ചെലവ് കുറയ്ക്കാനാണ് ഐഡിയയുടെയും വൊഡാഫോണിന്റെയും തീരുമാനമെങ്കില്‍ ജിയോയുമായുള്ള മത്സരത്തില്‍ കമ്പനികള്‍ വലിയ തിരിച്ചടി നേരിടുമെന്ന് എച്ച്എസ്ബിസി ടെലികോം അനലിസ്റ്റ് രാജീവ് ശര്‍മ പറഞ്ഞു.

അടുത്ത സാമ്പത്തിക വര്‍ഷം ഐഡിയ സെല്ലുലാര്‍ പദ്ധതി ചെലവില്‍ 40 ശതമാനത്തിന്റെ കുറവ് വരുത്തിയേക്കുമെന്ന് എച്ച്എസ്ബിസി നിരീക്ഷിക്കുന്നു. തങ്ങളുടെ യോജിച്ച ശേഷീ വര്‍ധിപ്പിക്കുന്നതിനായി ഡാറ്റ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഐഡിയയും വോഡഫോണും ഏര്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും രാജീവ് ശര്‍മ സൂചിപ്പിക്കുന്നു.

നിലവില്‍ ഐഡിയ സെല്ലുലാറിന്റെയും വൊഡാഫോണിന്റെയും സംയുക്ത വരുമാന വിപണി വിഹിതം (ആര്‍എംഎസ്) 44 ശതമാനമാണ്. ഇത് 20 ശതമാനത്തില്‍ താഴേക്ക് ചുരുങ്ങുമോ എന്ന ഭയവും എച്ച്എസ്ബിസി പ്രകടിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ പാദത്തില്‍ ഇരു കമ്പനികളുടെയും വരുമാന വിപണി വിഹിതം യഥാക്രമം 24 ശതമാനം, 19 ശതമാനം എന്നിങ്ങനെ ചുരുങ്ങിയിരുന്നു.

അതേസമയം ഇന്ത്യന്‍ ടെലികോം രംഗത്ത് മുന്‍ നിരയിലുള്ള ഭാരതി എയര്‍ടെല്‍ 30 ശതമാനം വരുമാന വിപണി വിഹിതം നിലനിര്‍ത്തുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ ഭാരതി എയര്‍ടെലിന് 33 ശതമാനം വരുമാന വിപണി വിഹിതമാണുള്ളത്.

അടുത്തിടെ അനലിസ്റ്റുകള്‍ക്ക് നല്‍കിയ കണക്കനുസരിച്ച് നാല് വര്‍ഷത്തിനുള്ളില്‍ (അതായത് 2021 സാമ്പത്തിക വര്‍ഷത്തോടെ) ഇന്ത്യന്‍ മൊബീല്‍ നെറ്റ്‌വര്‍ക്ക് വിപണിയിലെ വരുമാന വിഹിതത്തിന്റെയും പ്രവര്‍ത്തന ലാഭത്തിന്റെയും 50 ശതമാനവും നേടാനാണ് റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നത്.

എന്നാല്‍ ഇക്കാലയളവിനുള്ളില്‍ 50 ശതമാനം വിപണി വിഹിതം നേടാനുള്ള ജിയോയുടെ സ്വപ്നത്തെ ‘ആക്രമണോത്സുകം’ എന്നാണ് ഗോള്‍ഡ്മാന്‍ സാച്ചസില്‍ നിന്നുള്ള അനലിസ്റ്റുകള്‍ വിശേഷിപ്പിച്ചത്. സേവനം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ കമ്പനിക്ക് 10 ശതമാനം വരുമാന വിപണി വിഹിതം നേടാനാകുമെന്ന നിരീക്ഷണമാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടേത്.

ഏപ്രില്‍ മുതല്‍ നിരക്ക് അടിസ്ഥാനത്തിലുള്ള ജിയോ സേവനം പ്രാബല്യത്തില്‍ വരുമ്പോഴും കമ്പനി സ്വന്തമാക്കിയ 120 മില്യണ്‍ വരിക്കാരില്‍ മൂന്നില്‍ രണ്ടു ഭാഗത്തെ നിലനിര്‍ത്താന്‍ കഴിയുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി കൂട്ടിച്ചേര്‍ത്തു.

Comments

comments