കൈക്കൂലി നല്‍കുന്നതില്‍ ഇന്ത്യ മുന്നിലെന്ന് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍

കൈക്കൂലി നല്‍കുന്നതില്‍ ഇന്ത്യ മുന്നിലെന്ന് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍

മുംബൈ: പതിനാറ് ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ കൈക്കൂലി നിരക്കില്‍ ഏറ്റവും മുന്നില്‍ ഇന്ത്യയാണെന്ന് ബര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പേരന്‍സി ഇന്റര്‍നാഷണല്‍. പത്ത് ഇന്ത്യക്കാരില്‍ ഏകദേശം ഏഴോളം പേര്‍ പൊതുസേവനങ്ങള്‍ക്കായി കൈക്കൂലി നല്‍കിയിട്ടുള്ളവരാണ്.

സര്‍ക്കാരിന്റെ ആരോഗ്യപരിപാലന സേവനങ്ങള്‍ക്കും തിരിച്ചറിയലുമായി ബന്ധപ്പെട്ട രേഖകള്‍ക്കുമാണ് ഏറ്റവും കൂടുതലായി ഇന്ത്യയില്‍ കൈക്കൂലി നല്‍കുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും ഉയര്‍ന്ന തോതില്‍ കൈക്കൂലി നല്‍കുന്നുണ്ട്.

കൈക്കൂലിക്കെതിരായുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പോസിറ്റിവായി കാണുമ്പോഴും അഴിമതി വര്‍ധിച്ചുവെന്ന് തന്നെ നിരവധി പേര്‍ അഭിപ്രായപ്പെടുന്നു. സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം ആളുകളും കഴിഞ്ഞ 12 മാസത്തിനുള്ളില്‍ അഴിമതി വര്‍ധിച്ചെന്ന് വിലയിരുത്തി. 63 ശതമാനം പേര്‍ വ്യക്തികള്‍ എന്ന നിലയില്‍ അഴിമതിക്കെതിരെ പോരാടാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് അഭിപ്രായപ്പെടുന്നവരാണ്.

ഇന്ത്യ, ചൈന എന്നിവ ഉള്‍പ്പടെ ഏഷ്യാ പസഫിക്കിലെ 16 രാജ്യങ്ങളില്‍ ഉള്‍പ്പെട്ട ഏകദേശം 90 കോടി ആളുകള്‍ പൊതുസേവനങ്ങള്‍ക്കായി കൈക്കൂലി നല്‍കുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. 16 രാജ്യങ്ങളിലെ ഏകദേശം 22,000 ആളുകള്‍ അഴിമതി സംബന്ധമായ അവരുടെ സമീപകാല അനുഭവങ്ങള്‍ പങ്കുവെച്ചെന്ന് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.

22 ശതമാനം ആളുകള്‍ ഏഷ്യാ പസഫിക് മേഖലയില്‍ അഴിമതി കുറഞ്ഞെന്നു കരുതുമ്പോള്‍ എന്നാല്‍ 40 ശതമാനം പേര്‍ അഴിമതി വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി. ചൈനയില്‍ നിന്ന് പ്രതികരിച്ച 73 ശതമാനം പേരും അഴിമതി വളരെ മോശമായി സാഹചര്യമായി മാറിയെന്നാണ് അറിയിച്ചത്. മറ്റ് രാജ്യങ്ങളെയെല്ലാം അപേക്ഷിച്ച് ഇത് വളരെ കൂടുതലായിരുന്നു.

Comments

comments

Categories: FK Special, Top Stories, World
Tags: India, Mumbai