റിയല്‍റ്റി വില വര്‍ധിക്കുന്ന സാഹചര്യമുണ്ടാകില്ലെന്ന് വെങ്കയ്യ നായിഡു

റിയല്‍റ്റി വില വര്‍ധിക്കുന്ന സാഹചര്യമുണ്ടാകില്ലെന്ന് വെങ്കയ്യ നായിഡു

ചെലവുകുറഞ്ഞ വീടുകളെ സേവന നികുതി പരിധിയില്‍ നേരത്തെ ഒഴിവാക്കിയിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കുമ്പോഴും ഈ ഇളവ് തുടരും

മുംബൈ : നിര്‍ദ്ദിഷ്ട ചരക്ക് സേവന നികുതി നിയമം റിയല്‍ എസ്റ്റേറ്റ് വില, പ്രത്യേകിച്ച് ചെലവ് കുറഞ്ഞ വീടുകളുടെ, വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര നഗര വികസന, ഭവനകാര്യ, ദാരിദ്ര്യ ലഘൂകരണ മന്ത്രി എം വെങ്കയ്യ നായിഡു. ചെലവ് കുറഞ്ഞ വീടുകളെ സേവന നികുതി പരിധിയില്‍ നേരത്തെ ഒഴിവാക്കിയിട്ടുണ്ട്.

ജിഎസ്ടി നടപ്പാക്കുമ്പോഴും ഈ ഇളവ് തുടരണമെന്നാണ് തന്റെ മന്ത്രാലയത്തിന്റെ നിലപാട്. ഈ മേഖലയില്‍ ഉയര്‍ന്ന നികുതി ചുമത്തരുതെന്ന് ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. റിയല്‍റ്റര്‍മാരുടെ സംഘടനയായ ക്രെഡായ്‌യുടെ രണ്ട് ദിവസത്തെ സമ്മേളനം ന്യൂ ഡെല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാക്കുന്നതിലൂടെ ഈ രംഗത്തെ എല്ലാ ഇടപാടുകളും ഔദ്യോഗിക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുന്നതിന് സാധിക്കും. ചെലവ് കുറഞ്ഞ വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നയതീരുമാനങ്ങളെല്ലാം വിവിധ മേഖലകളില്‍ സുതാര്യത കൊണ്ടുവരുന്നതാണെന്ന് പറഞ്ഞ വെങ്കയ്യ നായിഡു റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം, ചരക്ക് സേവന നികുതി എന്നിവ എടുത്തുകാട്ടി.

ചെലവുകുറഞ്ഞ വീടുകള്‍ക്ക് അടിസ്ഥാനസൗകര്യ പദവി നല്‍കിയത് ജനങ്ങളുടെ കൈവശം വീട് വെയ്ക്കുന്നതിന് പണമുണ്ടെന്ന് ഉറപ്പാക്കുമെന്നും രാജ്യത്തെ മധ്യവര്‍ഗ്ഗ ജനവിഭാഗത്തിന് ചെലവ് കുറഞ്ഞ വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്നും വെങ്കയ്യ നായിഡു പ്രതീക്ഷ പ്രകടിപ്പിച്ചു.

പുതിയ ബിനാമി ഇടപാട് നിരോധന നിയമം ഈ കാഴ്ച്ചപ്പാടിനെ സഹായിക്കുന്നതാണ്. പദ്ധതികള്‍ക്ക് വിവിധ അനുമതികള്‍ ലഭിക്കാന്‍ വൈകുന്നത് സംബന്ധിച്ച് വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്നും ചില നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സ്ഥല വില റോക്കറ്റ്‌പോലെ കുതിച്ചുയരുന്നത് സംബന്ധിച്ച് ഡെവലപ്പര്‍മാര്‍ ആത്മപരിശോധന നടത്തണം. ഹൈദരാബാദിലെയും വിജയവാഡയിലെയും സ്ഥലങ്ങള്‍ക്ക് ന്യൂ യോര്‍ക്കിലെയും പാരിസിലെയും അതേ വിലയാണ്. ഇത് ചെലവ് കുറഞ്ഞ രീതിയില്‍ വീട് വെയ്ക്കുന്നത് അസാധ്യമാക്കിത്തീര്‍ക്കുകയാണ്.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ എല്ലാ സാമ്പത്തിക ഇടപാടുകളും ഡിജിറ്റലാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഉത്തരവാദിത്തം, സുതാര്യത, അതിവേഗ അനുമതി തുടങ്ങിയ പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മന്ത്രാലയം കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും കേന്ദ്ര നഗര വികസന, ഭവനകാര്യ മന്ത്രി വ്യക്തമാക്കി.

 

Comments

comments

Categories: FK Special, Life, Politics, Trending