ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിക്കുന്നു

ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിക്കുന്നു

ന്യൂഡെല്‍ഹി: ട്രേഡ്മാര്‍ക്ക് അഥവാ വ്യാപാര മുദ്രയുടെ രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലഘൂകരിക്കുന്നു. രാജ്യത്തെ ബൗദ്ധിക സ്വത്തവകാശം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ വകുപ്പിന്റെ (ഡിഐപിപി) പുതിയ നീക്കം. ട്രേഡ് മാര്‍ക്ക് അപേക്ഷ ഫോമിന്റെ എണ്ണം 74 ല്‍നിന്ന് 8 ആക്കി കുറച്ചിട്ടുണ്ട്.

2002ലെ ട്രേഡ് നിയമങ്ങള്‍ മാറ്റി പുതുക്കിയ ട്രേഡ്‌നിയമങ്ങള്‍ നടപ്പാക്കുന്നതിന്റെ വിജ്ഞാപനം ഡിഐപിപി തിങ്കളാഴ്ച പുറത്തിറക്കിയിട്ടുണ്ട്. ട്രേഡ് മാര്‍ക്കിനുള്ള അപേക്ഷാ ഫീസ് 4000ല്‍ നിന്ന് 10000 ആയി വര്‍ധിപ്പിച്ചുണ്ട്. അപേക്ഷാ ഫീസ് അവസാനം വര്‍ധിപ്പിച്ചത് 2009 ലാണ്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് വര്‍ധനവ് വളരെ കുറവാണെന്നാണ് ഡിഐപിപി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫീസിനത്തില്‍ 10 ശതമാനം ഇളവ് നല്‍കി 9000 രൂപയാക്കിയിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മറ്റ് ചെറുകിട സംരംഭങ്ങള്‍ക്കുമുള്ള ഫീസ് കരട് നിയമത്തില്‍ ശുപാര്‍ശ ചെയ്തിരുന്ന 8000 ല്‍നിന്ന് 4500 ആക്കി കുറച്ചിട്ടുണ്ട്.

ഇതുവരെ പരിശോധനാ ഘട്ടത്തില്‍ മാത്രം ലഭ്യമായിരുന്ന ട്രേഡ്മാര്‍ക്കുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇനി മുതല്‍ രജിസ്‌ട്രേഷന്‍ ഘട്ടത്തില്‍ തന്നെ ലഭ്യമാകും. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രിയകളും ത്വരിതപ്പെടുത്തുന്നതിന് അപേക്ഷകന്‍ ഇ മെയില്‍ ഐഡി സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ പരമാവധി നീട്ടിവെക്കാവുന്ന അവധികള്‍ രണ്ടാണ്. ഇതിന് പുറമേ വീഡിയോ കോണ്‍ഫറന്‍സും അവതരിപ്പിച്ചിട്ടുണ്ട്.

വിപണിയില്‍ പ്രശസ്തമായ ബ്രാന്‍ഡുകള്‍ക്ക് ഒരു ലക്ഷം രൂപ ഫീസ് അടച്ച് ഓണ്‍ലൈന്‍ വഴി അതേ ട്രേഡ്മാര്‍ക്കിനായി തന്നെ അപേക്ഷിക്കാവുന്നതാണ്. ട്രേഡ്മാര്‍ക്ക് പരിശോധനയ്ക്കായുള്ള സമയം 13 മാസത്തില്‍ നിന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ ഒരുമാസമായി കുറച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷനില്‍ 35 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

പുതിയ നിയമപ്രകാരം ആപ്ലിക്കേഷന്‍ ഫോമുകളുടെ എണ്ണത്തില്‍ വരുത്തിയ കുറവും രജിസ്‌ട്രേഷനിലെ ത്വരിതപ്പെടുത്തലും കൃത്യമായ സമയത്ത് രജിസ്‌ട്രേഷന്‍ നടപ്പിലാക്കാന്‍ സഹായിക്കുന്നതാണെന്ന് പ്രമുഖ ഐപി അഭിഭാഷകയായ പ്രതിഭ സിങ് പറയുന്നു. ഡിജിറ്റല്‍ ഇന്ത്യ പോലുള്ള ഡിജിറ്റല്‍ പദ്ധതികളുമായി ബൗദ്ധിക സ്വത്തവകാശത്തെ (ഐപി) സംയോജിപ്പിക്കാന്‍ ഇതുവഴി കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തീരുമാനം പ്രതീക്ഷിച്ചിരിക്കുന്ന പേറ്റന്റ് അപേക്ഷകളിന്മേലുള്ള നടപടികള്‍ വേഗത്തിലാക്കാനും ഡിഐപിപി ലക്ഷ്യമിടുന്നുണ്ട്.

Comments

comments

Tags: India, Trade Mark