2.3 ബില്യണ്‍ ഡോളറിന് ഒപെല്‍ യൂണിറ്റ് പിഎസ്എ ഗ്രൂപ്പ് ഏറ്റെടുക്കും

2.3 ബില്യണ്‍ ഡോളറിന് ഒപെല്‍ യൂണിറ്റ് പിഎസ്എ ഗ്രൂപ്പ് ഏറ്റെടുക്കും

ഒപെല്‍, യുകെയിലെ വോക്‌സ്ഹാള്‍, ജിഎം യൂണിറ്റിന്റെ ഫിനാന്‍സിംഗ് ഓപ്പറേഷന്‍സ് എന്നിവയാണ് ഏറ്റെടുക്കുന്നത്

പാരിസ് : ജനറല്‍ മോട്ടോഴ്‌സ് കമ്പനിയുടെ ഒപെല്‍ യൂണിറ്റ് 2.2 ബില്യണ്‍ യൂറോയ്ക്ക് (2.3 ബില്യണ്‍ ഡോളര്‍) പ്യുഷോ, സിട്രോയിന്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന പാരിസ് ആസ്ഥാനമായ പിഎസ്എ ഗ്രൂപ്പ് ഏറ്റെടുക്കും. ഒപെല്‍ യൂണിറ്റ് വാങ്ങുന്നതിലൂടെ യൂറോപ്പിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാണ കമ്പനിയാവുന്ന പിഎസ്എ ഗ്രൂപ്പ് യൂറോപ്യന്‍ വിപണിയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒപെലിനെ ഏറ്റെടുത്തതുവഴി 2026 ഓടെ പിഎസ്എ ഗ്രൂപ്പിന് 1.7 ബില്യണ്‍ യൂറോ ലാഭം കൈവരിക്കാന്‍ കഴിയുമെന്ന് ജനറല്‍ മോട്ടോഴ്‌സും പിഎസ്എ ഗ്രൂപ്പും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവില്‍ നഷ്ടം വരുത്തിക്കൊണ്ടിരിക്കുന്ന ഒപെല്‍ യൂണിറ്റ് 2020 ഓടെ രണ്ട് ശതമാനം പ്രവര്‍ത്തന ലാഭവും 2026 ഓടെ ആറ് ശതമാനം പ്രവര്‍ത്തന ലാഭവും കൊണ്ടുവരുമെന്ന കണക്കുകൂട്ടലിലാണ് വാര്‍ത്താക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ജര്‍മ്മനി ആസ്ഥാനമായ ഒപെല്‍, ഒപെലിന്റെ അനുബന്ധ കമ്പനിയായ യുകെയിലെ വോക്‌സ്ഹാള്‍, ജിഎം യൂണിറ്റിന്റെ ഫിനാന്‍സിംഗ് ഓപ്പറേഷന്‍സ് എന്നിവയെല്ലാമാണ് മേല്‍പ്പറഞ്ഞ തുകയ്ക്ക് പിഎസ്എ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഫിനാന്‍സിംഗ് ബിസിനസ്സിന്റെ അമ്പത് ശതമാനം 450 മില്യണ്‍ യൂറോ നല്‍കി ബിഎന്‍പി പാരിബ സ്വന്തമാക്കും.

ഏകദേശം 90 വര്‍ഷത്തെ ബന്ധം വിച്ഛേദിച്ചാണ് ജനറല്‍ മോട്ടോഴ്‌സ് ഒപെലിനെ പിഎസ്എ ഗ്രൂപ്പിന് കൈമാറുന്നത്. 2016 ല്‍ ബ്രേക്ഈവന്‍ ആകുമെന്ന ലക്ഷ്യം പാളിയതോടെയാണ് ഒപെല്‍ വിറ്റൊഴിക്കാന്‍ ജിഎം അന്തിമ തീരുമാനമെടുത്തത്. 2009 നുശേഷം ഒപെല്‍ യൂണിറ്റ് ആകെ ഒമ്പത് ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ജനറല്‍ മോട്ടോഴ്‌സിന് വരുത്തിവെച്ചത്.

വര്‍ഷംതോറും വിറ്റഴിക്കുന്ന വാഹനങ്ങളുടെ കൂട്ടത്തില്‍ ഒപെലിന്റെ ഏകദേശം 1.2 മില്യണ്‍ വാഹനങ്ങള്‍ കൂടി ചേരുന്നതോടെ കൂടുതല്‍ വിശാലമായ വിപണിയില്‍ പുതിയ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് മെച്ചപ്പെട്ട രീതിയില്‍ പണം ചെലവഴിക്കാമെന്നാണ് പിഎസ്എ ഗ്രൂപ്പ് കരുതുന്നത്.

ജര്‍മ്മനി, ഫ്രാന്‍സ്, യുകെ എന്നിവിടങ്ങളിലെ നിര്‍മ്മാണ കേന്ദ്രങ്ങളില്‍നിന്ന് യൂറോപ്യന്‍ വിപണിയില്‍ പിഎസ്എ ഗ്രൂപ്പും ഒപെലും സമാനമായ കാറുകള്‍ വലിയതോതില്‍ പുറത്തിറക്കിയിരുന്നതിനാല്‍ ഇനി ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നതും ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതും കാണേണ്ടിവരും.

ഒപെല്‍, വോക്‌സ്ഹാള്‍ എന്നിവ ഏറ്റെടുക്കുന്നത് പിഎസ്എ ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാര്‍ലോസ് ടാവറെസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒപെല്‍/വോക്‌സ്ഹാള്‍ ശരിയായ പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. നേരാംവണ്ണം പ്രവര്‍ത്തിക്കാത്ത ആസ്തികള്‍ വില്‍ക്കുന്നത് ജനറല്‍ മോട്ടോഴ്‌സ് തുടരാന്‍ തന്നെയാണ് സാധ്യത. ഓഹരികള്‍ തിരികെ വാങ്ങുന്നതിന് രണ്ട് ബില്യണ്‍ ഉപയോഗിക്കാനും ജനറല്‍ മോട്ടോഴ്‌സിന് കഴിയും.

കരാറിന്റെ ഭാഗമായി വാറന്റ് അനുവദിച്ചതിനാല്‍ യുഎസ് വാഹന നിര്‍മ്മാണ കമ്പനിക്ക് ഭാവിയില്‍ പിഎസ്എ ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങാന്‍ കഴിയും. ഒപെല്‍ പിഎസ്എ ഗ്രൂപ്പിന് കൈമാറുകയാണെങ്കിലും ജനറല്‍ മോട്ടോഴ്‌സിന്റെ തന്നെ ഓസ്‌ട്രേലിയയിലെ ഹോള്‍ഡന്‍ എന്ന വാഹനനിര്‍മ്മാണ കമ്പനിക്കും ബ്യുയിക് എന്ന ഓട്ടോമൊബീല്‍ ബ്രാന്‍ഡിനും തുടര്‍ന്നും ഒപെലിന്റെ ചില മോഡലുകള്‍ ലഭ്യമാക്കണമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഫ്യൂവല്‍ സെല്‍ സംബന്ധിച്ചും ഇരു കമ്പനികളും സഹകരിച്ചുപ്രവര്‍ത്തിക്കും.

ഒപെലിനെ ഏറ്റെടുക്കുന്നതിലൂടെ ഫോക്‌സ് വാഗണ്‍ കഴിഞ്ഞാല്‍ യൂറോപ്പിലെ രണ്ടാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായി പിഎസ്എ ഗ്രൂപ്പ് വീണ്ടും മാറും. ഈ അടുത്ത കാലത്തായി വിപണി വിഹിതം കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് റെനോയാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്.

ഒപെല്‍ വരുന്നതോടെ ചെലവുകള്‍ വെട്ടിക്കുറച്ചും അധ്വാനം ഏകീകരിച്ചും ജര്‍മ്മന്‍ എന്‍ജിനീയറിംഗിന്റെ വശ്യത പ്രയോജനപ്പെടുത്തിയും പിഎസ്എ ഗ്രൂപ്പിന് യൂറോപ്യന്‍ ചാംപ്യനായി മാറാമെന്നാണ് സിഇഒ കാര്‍ലോസ് ടാവറെസ് കണക്കുകൂട്ടുന്നത്. ഒപെല്‍ കൂടി ചേരുമ്പോള്‍ യൂറോപ്യന്‍ വാഹന വിപണിയിലെ പിഎസ്എ ഗ്രൂപ്പിന്റെ പങ്കാളിത്തം 16 ശതമാനമായി വര്‍ധിക്കും. 24 ശതമാനവുമായി ഫോക്‌സ്‌വാഗണ്‍ മുന്നിലാണ്.

കഴിഞ്ഞ മാസം ഒപെല്‍ പുതിയ കോംപാക്റ്റ് എസ്‌യുവിയായ ക്രോസ്‌ലാന്‍ഡ് X പുറത്തിറക്കിയിരുന്നു. ഒപെലിന്റെ കൂടുതല്‍ വലിയ എസ്‌യുവി ഫ്രാന്‍സിലെ പിഎസ്എ കേന്ദ്രത്തില്‍നിന്ന് ഈ വര്‍ഷം പുറത്തിറങ്ങും.

ഒപെല്‍ യൂണിറ്റില്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുക, വില്‍പ്പന കുറഞ്ഞതും ലാഭകരമല്ലാത്തതുമായ മോഡലുകള്‍ നിര്‍ത്തലാക്കുക തുടങ്ങിയ സമഗ്ര പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കാര്‍ലോസ് ടവാറെസ് ശ്രമിച്ചേക്കും. 2012 ല്‍ നഷ്ടത്തിലായിരുന്ന പിഎസ്എ ഗ്രൂപ്പ് 2015 ഓടെ ലാഭം തിരിച്ചുപിടിച്ചിരുന്നു. 2016 ല്‍ 2.7 ബില്യണ്‍ യൂറോ നേടിയെടുക്കുകയും ചെയ്തു. 2011 നുശേഷം ഇതാദ്യമായി കമ്പനി ഈ വര്‍ഷം ലാഭവിഹിതം നല്‍കും.

 

Comments

comments

Categories: Auto, FK Special, World