എച്ച്1-ബി പ്രീമിയം വിസയ്ക്കുള്ള വിലക്ക് വലിയ വിലങ്ങുതടിയാകില്ല: നാസ്‌കോം

എച്ച്1-ബി പ്രീമിയം വിസയ്ക്കുള്ള വിലക്ക് വലിയ വിലങ്ങുതടിയാകില്ല: നാസ്‌കോം

ഇന്ത്യന്‍ ഐടി സംരംഭങ്ങള്‍ക്ക് എച്ച്1 ബി വിസ അനുവദിക്കുന്നതില്‍ ആറ് മാസത്തെ കാലതാമസം ഉണ്ടാകും

ബെംഗളൂരു: എച്ച്1-ബി പ്രീമിയം വിസകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യന്‍ ഐടി കമ്പനികളെ പ്രതികൂലമായി ബാധിക്കുമെങ്കിലും വലിയ വിലങ്ങുതടിയാകില്ലെന്ന് സ്സമല്ലെന്നും നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ സര്‍വീസസ് ആന്‍ഡ് കമ്പനീസ് (നാസ്‌കോം) അഭിപ്രായപ്പെട്ടു.

എച്ച്1-ബി വിസ ലഭ്യാക്കുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ക്ക് കാലതാമസം നേരിടേണ്ടിവരും. സാധാരണഗതിയില്‍ മൂന്ന് മുതല്‍ ആറ് മാസം വരെ സമയമെടുത്താണ് യുഎസ് വിസയ്ക്കുള്ള അപേക്ഷ പരിഗണിക്കുന്നത്. എന്നാല്‍ പണമടച്ച് വേഗത്തില്‍ ലഭിക്കുന്ന പ്രീമിയം വിസ 15 ദിവസത്തിനുള്ളില്‍ ലഭ്യമാകും. നിലവില്‍ ഇതിനു മാത്രമാണ് യുഎസ് താല്‍ക്കാലിക വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

എച്ച്1-ബി പ്രീമിയം വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയതോടെ ഇന്ത്യന്‍, അമേരിക്കന്‍ കമ്പനികള്‍ക്കു വേണ്ടിയുള്ള ചില നടപടിക്രമങ്ങളില്‍ കാലതാമസം നേരിടുമെന്നും, പക്ഷെ, ഇതത്ര വലിയ തടസ്സമല്ലെന്നും നാസ്‌കോം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ മൂന്ന് മുതല്‍ ആറ് മാസത്തേക്കാണ് പ്രീമിയം എച്ച്1-ബി വിസകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. സ്വദേശിവല്‍ക്കരണവും അമേരിക്കന്‍ കമ്പനികളെ യുഎസിലേക്ക് മടക്കികൊണ്ടുവരുന്നതും ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന ഈ താല്‍ക്കാലിക വിലക്ക് 110 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള എക്‌സ്‌പോര്‍ട്ടിംഗ് സോഫ്റ്റ്‌വെയര്‍ വ്യവസായത്തിന് വലിയ തടസ്സമാകില്ല. പക്ഷേ, ഇന്ത്യന്‍ ഐടി സംരംഭങ്ങള്‍ക്ക് എച്ച്1 ബി വിസ അനുവദിക്കുന്നതില്‍ ആറ് മാസത്തെ കാലതാമസം എടുക്കുമെന്നും നാസ്‌കോം ചൂണ്ടിക്കാട്ടി.

വിസ പ്രശ്‌നം കുടിയേറ്റ പ്രശ്‌നമായി വിലയിരുത്തുന്നതിനു പകരം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സേവന ബന്ധത്തെ മുന്‍നിര്‍ത്തി കൈകാര്യം ചെയ്യണമെന്നും എച്ച്1 ബി വിസ അനുവദിക്കുന്നത് തുടരണമെന്നും യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറും കൊമേഴ്‌സ് സെക്രട്ടറി റിത ടിയോതിയയും യുഎസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആവശ്യം മുഖവിലയ്‌ക്കെടുക്കാതെയുള്ള നിലപാടാണ് യുഎസ് സ്വീകരിച്ചത്.

വിസ അനുവദിക്കുന്നതിനുള്ള ക്രമീകരണങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയാല്‍ ഇന്ത്യന്‍ ഐടി കമ്പനികളെ അത് സമ്മര്‍ദത്തിലാക്കും. ഇത് കമ്പനികളുടെ പ്രവര്‍ത്തന ചെലവ് വര്‍ധിക്കുന്നതിനും വിദഗ്ധരായ തൊഴിലാളികളുടെ അഭാവത്തിനും കാരണമാകുമെന്നാണ് നാസ്‌കോമിന്റെ പ്രതികരണം.

വിസാ പ്രശ്‌നം ഇന്ത്യയിലെ യുഎസ് എംബസ്സിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളുടെ അമേരിക്കന്‍ സ്വപ്‌നത്തിന് ഇത് വെല്ലുവിളി സൃഷ്ടിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും നാസ്‌കോം അറിയിച്ചു.

ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ എന്നിവയുടെ കയറ്റുമതി വരുമാനത്തില്‍ ഏകദേശം 60 ശതമാനത്തിനടുത്ത് സംഭാവന ചെയ്യുന്നത് യുഎസ് വിപണിയാണ്.

Comments

comments

Categories: FK Special, Life, World
Tags: H 1 B visa, India, US