മൊസൂളിലെ തിരിച്ചടി ഐഎസിന്റെ അന്ത്യം കുറിക്കുമോ ?

മൊസൂളിലെ തിരിച്ചടി ഐഎസിന്റെ അന്ത്യം കുറിക്കുമോ ?

സമീപകാലം വരെ ഒരു യഥാര്‍ഥ ഇസ്ലാമിക സ്‌റ്റേറ്റ് തന്നെയായിരുന്നു സിറിയയും ഇറാഖും. അബൂബക്കര്‍ അല്‍ ബാഗ്ദാദി വിഭാവനം ചെയ്ത കാലിഫേറ്റ് ഭരണത്തിന്‍ കീഴിലായിരുന്നു സിറിയയിലെയും ഇറാഖിലെയും ചില പ്രവിശ്യകള്‍. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് യുഎസ് വ്യോമസേനയുടെ സഹായത്തോടെ ഇറാഖി സേന നടത്തിയ മുന്നേറ്റം മൊസൂളില്‍ ഐഎസിന്റെ അടിത്തറ ഇളക്കിയിരിക്കുന്നു. ഐഎസിന് ഇനി നിലനില്‍പ്പില്ലെന്നു സംഘടനയുടെ പരമോന്നത നേതാവ് അല്‍ ബാഗ്ദാദി മനസിലാക്കിയിരിക്കുന്നു.

കഴിഞ്ഞയാഴ്ച ഇസ്ലാമിക സ്‌റ്റേറ്റിന്റെ പരമോന്നത നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടേതെന്നു പറയപ്പെടുന്ന വിടവാങ്ങള്‍ പ്രസംഗത്തിന്റെ പകര്‍പ്പുകള്‍ ഐഎസ് പുരോഹിതരുടെയും ആത്മീയ നേതാക്കളുടെയുമിടയില്‍ വിതരണം ചെയ്യുകയുണ്ടായി. രണ്ട് വര്‍ഷത്തിലേറെക്കാലം നിയന്ത്രിച്ചിരുന്ന ഇറാഖിലെ മൊസൂള്‍ ഐഎസിനു നഷ്ടമായെന്ന സൂചനയാണു ബാഗ്ദാദി വിടവാങ്ങല്‍ പ്രസംഗത്തില്‍ നല്‍കിയത്.

ഇറാഖി സേനയുമായി പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ഐഎസിന്റെ പടയാളികളോട്, തോല്‍വിയേറ്റു വാങ്ങേണ്ടി വരുമെന്നു തോന്നിയാല്‍ ആ നിമിഷം സ്വയം ചാവേറായി പൊട്ടിത്തെറിക്കാന്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ ബാഗ്ദാദി ആഹ്വാനം ചെയ്യുന്നുണ്ട്.

2014 ജൂണിലാണ് ഇറാഖിലെ മൊസൂള്‍ നഗരത്തിന്റെ നിയന്ത്രണം ഐഎസ് പിടിച്ചെടുത്തത്. വടക്കന്‍ ഇറാഖി നഗരമായ മൊസൂളിലേക്ക് അന്ന് ഐഎസിന്റെ പടയാളികള്‍ ഇരമ്പിയാര്‍ത്തു മുന്നേറിയപ്പോള്‍ ഇറാഖി സേന ഒരു ചെറുത്തുനില്‍പ്പ് പോലും നടത്താതെ ഭയന്ന് വിറച്ച് പിന്മാറിയിരുന്നു. ഇറാഖ് ഭരണകൂടത്തിലെ പല മന്ത്രിമാരും എംപിമാരും അയല്‍രാജ്യമായ ജോര്‍ദാനില്‍ അഭയം പ്രാപിക്കുകയും ചെയ്തിരുന്നു.

2014 ജൂണിലെ സംഭവം കഴിഞ്ഞ് 2017 മാര്‍ച്ചിലെത്തുമ്പോള്‍, ഇറാഖി സേന രണ്ടര വര്‍ഷം മുന്‍പ് അഭിമുഖീകരിച്ച അവസ്ഥയാണ് ഇപ്പോള്‍ ഐഎസിനുള്ളത്. ഇറാഖി സേനയുടെ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ഐഎസിന് പിന്മാറേണ്ടി വന്നിരിക്കുന്നു.

2014ല്‍ ഇറാഖി സേനയെ തോല്‍പ്പിച്ച് ഐഎസ് മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍, ദൈവം തങ്ങളുടെ ഭാഗത്താണെന്നായിരുന്നു ഐഎസ് പ്രസ്താവിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇതേ ന്യായവാദം അവര്‍ക്ക് മേല്‍ തിരിഞ്ഞുവന്നിരിക്കുകയും ചെയ്തിരിക്കുന്നു. യുഎസ് വ്യോമസേനയുടെ പിന്തുണയോടെയാണ് ഇറാഖി സേന ഐഎസിനെതിരേ പോരാട്ടം നടത്തുന്നത്.

മൂന്ന് മാസത്തിലേറെയായി ഇറാഖി സേന നടത്തിയ നീക്കം വിജയത്തിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ശക്തികേന്ദ്രമായ മൊസൂളില്‍നിന്നും ഐഎസിനു പിന്മാറേണ്ടി വന്നിരിക്കുകയും ചെയ്തിരിക്കുന്നു. ഐഎസിനെതിരേ ഇറാഖി സേന വിജയം വരിച്ചെങ്കിലും പോരാട്ടം തുടരുമെന്നു തന്നെയാണു സൂചന.

മൊസൂളിലെ ഐഎസിന്റെ പരാജയം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന പ്രധാന ചോദ്യം അബൂബക്കര്‍ അല്‍ ബാഗ്ദാദി 2014 ജൂണ്‍ 29ന് പ്രഖ്യാപിച്ച കാലിഫേറ്റ് എന്ന ആശയത്തിന്റെ അന്ത്യം കുറിക്കുമോ എന്നതാണ് ?

സിറിയയിലും ഇറാഖിലും അഞ്ച് മുതല്‍ ആറ് വരെ മില്യണ്‍ ജനങ്ങള്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ സമീപ കാലത്ത് അബൂബക്കര്‍ അല്‍ ബാഗ്ദാദി വിഭാവനം ചെയ്ത കാലിഫേറ്റ് ഭരണത്തിന്‍ കീഴിലായിരുന്നു. ഒരു യഥാര്‍ഥ ഇസ്ലാമിക സ്‌റ്റേറ്റ് തന്നെയായിരുന്നു ഇൗ പ്രദേശങ്ങള്‍. ഇതാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. മൊസൂളില്‍ തിരിച്ചടി നേരിടുമ്പോഴും ഐഎസിന് ഇന്നും ചില മേഖലകളില്‍ ശക്തി ക്ഷയിച്ചിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.

പടിഞ്ഞാറന്‍ മൊസൂളില്‍ എന്തിനും ഏതിനും തയാറായി നില്‍ക്കുന്ന നാലായിരത്തോളം പോരാളികള്‍ ഐഎസിനുണ്ടെന്നു ഇന്റലിജന്‍സ് കണക്കുകള്‍ പറയുന്നു. ഇപ്പോള്‍ മൊസൂളില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇറാഖി സേനയിലെ 500-ലേറെ ഭടന്മാരെ കൊല്ലാനും 3000-ത്തിലേറെ ഭടന്മാരെ മാരകമായി പരിക്കേല്‍പ്പിക്കാനും ഇവര്‍ക്കു സാധിച്ചെന്നതു ഐഎസിന്റെ ശക്തി ചോര്‍ന്നിട്ടില്ലെന്നതിനു തെളിവാണ്.

മൊസൂളില്‍ തിരിച്ചടി നേരിടുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയം ഐഎസിനു ഗുണകരമാകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അതില്‍ ഒന്നാമത്തേത് സിറിയയില്‍ നടക്കുന്ന സംഭവവികാസങ്ങളാണ്. സിറിയയില്‍ ഇപ്പോള്‍ അരങ്ങേറുന്നത് വളരെ സങ്കീര്‍ണമായ ത്രികോണ പോരാട്ടമാണ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, സിറിയന്‍ കുര്‍ദ്ദുകള്‍, പിന്നെ തുര്‍ക്കി തുടങ്ങിയവരാണ് ത്രികോണ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്നത്.

ഐഎസ് പിന്മാറുന്ന പ്രദേശത്തിനു വേണ്ടി ഇവര്‍ മൂവരും നേര്‍ക്കുനേര്‍ പോരാട്ടം നടത്തുകയാണ്. ഇതാകട്ടെ ഭാവിയില്‍ വടക്കന്‍ സിറിയയില്‍ തുര്‍ക്കി-കുര്‍ദ്ദ് യുദ്ധത്തിനുള്ള സാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ഐഎസിന് ഒരു പാരമ്പര്യമുണ്ട്. യുദ്ധമുഖത്ത് പരാജയം രുചിക്കുമ്പോള്‍ പ്രതികരിക്കുമെന്നതാണ് ആ പാരമ്പര്യം. പ്രതികരണം നടത്തുന്നതാകട്ടെ, സമീപപ്രദേശത്ത് തീവ്രവാദ ആക്രമണം നടത്തി കൊണ്ടായിരിക്കും.

യൂറോപ്പിലും തുര്‍ക്കിയിലും 2015ലും 2016ലും നടത്തിയ ആക്രമണങ്ങള്‍ ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ നടത്തുന്ന ആക്രമണങ്ങളിലൂടെ തങ്ങള്‍ പരാജിതരല്ലെന്ന തോന്നല്‍ ഉളവാക്കാന്‍ ഐഎസിന് ഒരുപരിധി വരെ സാധിച്ചിട്ടുമുണ്ട്.

Comments

comments

Categories: FK Special, World
Tags: ISS, Mosul