‘ അടിസ്ഥാന സൗകര്യങ്ങള്‍ അത്യാവശ്യം’

‘ അടിസ്ഥാന സൗകര്യങ്ങള്‍ അത്യാവശ്യം’

സ്വര്‍ണിമ സി എം

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപതതയാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിനോദസഞ്ചാരമേഖല നേരിടുന്ന പ്രധാനവെല്ലുവിളിയെന്ന് കേരള ട്രാവല്‍ ഇന്റര്‍സെര്‍വ് ജോയിന്റ് മാനേജിംഗ് ഡയറക്റ്റര്‍ ഗീതിക സുദിപ് ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ട്രാവല്‍ ഏജന്‍സിയാണ് കേരളാ ട്രാവല്‍ ഇന്റര്‍സെര്‍വ്.

സംസ്ഥാനത്തേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി 1958ല്‍ ആരംഭിച്ച ഈ ഏജന്‍സി അറുപതാം വര്‍ഷത്തിലേക്ക് അടുത്തിരിക്കുകയാണ്. ആസൂത്രണത്തിന്റെ പോരായ്മകളാണ് കേരളത്തെ എപ്പോഴും പിറകോട്ടുവലിക്കുന്നതെന്നും പല രംഗങ്ങളിലും രണ്ട്പടി പുറകിലാണ് സംസ്ഥാനം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാലിന്യ നിര്‍മ്മാര്‍ജ്ജനവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കേരളം നേരിടുന്ന മുഖ്യവെല്ലുവിളിയായി ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. പലതവണ പണിതിട്ടും പണിതീരാത്ത റോഡുകളിലെ കുഴികള്‍ മഴക്കാലമാകുന്നതോടെ കുളങ്ങളാകുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കൂടാതെ ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വൃത്തിയും ശുചിത്വവുമുള്ള സാഹചര്യമല്ല ഇവിടെയുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സഞ്ചാരികള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ഗീതിക ചൂണ്ടിക്കാട്ടുന്നു.

അതോടൊപ്പം പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യത്തെ പ്രയോജനപ്പെടുത്താനുള്ള സാധ്യതകളാണ് അധികാരികള്‍ ആസൂത്രണം ചെയ്യേണ്ടതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. പൊതു ശൗചാലയങ്ങളുടെ അഭാവമാണ് യാത്രാവേളകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രധാന ദുരിതം. വിനോദ സഞ്ചാര മേഖലയ്ക്ക് വേണ്ടി മാത്രമല്ല സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

‘പരിമിതികളില്‍ നിന്നുകൊണ്ട് മികച്ച ടൂറിസം സാധ്യകള്‍ പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളെ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. പലപ്പോഴും പല ട്രിപ്പുകള്‍ നടത്തിക്കഴിഞ്ഞതിന് ശേഷവും വിദേശസഞ്ചാരികള്‍ നമ്മുടെ റോഡുകളെ കുറിച്ചും ഗതാഗത പ്രശ്‌നങ്ങളെ കുറിച്ചും മാലിന്യങ്ങള്‍ വിലച്ചെറിയുന്നതിനെ പറ്റിയും പരാതി പറയാറുണ്ട്. വിനോദസഞ്ചാരികളല്ല നമ്മള്‍ തന്നെയാണ് ഇവിടെ മലിനമാക്കുന്നതെന്ന കാര്യം നമ്മള്‍ പലപ്പോഴും വിസ്മരിച്ച്‌പോകുന്നു. ‘ ഗീതിക പറയുന്നു.

കേരള സംസ്ഥാനത്തോളം പ്രായമുള്ള കേരളാ ട്രാവല്‍ ഇന്റര്‍സെര്‍വ് ഇന്ന് ടൂറിസം രംഗത്തെ മുന്‍നിര ഏജന്‍സികളിലൊന്നാണ്.

Comments

comments