വംശീയാക്രമണത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കും: ഇന്ത്യയ്ക്ക് യുഎസിന്റെ ഉറപ്പ്

വംശീയാക്രമണത്തിന്  ഇരയായവര്‍ക്ക് നീതി ലഭ്യമാക്കും: ഇന്ത്യയ്ക്ക് യുഎസിന്റെ ഉറപ്പ്

വാഷിംഗ്ടണ്‍: യുഎസില്‍ സമീപകാലത്തു വംശീയാക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ദ്രുതഗതിയില്‍ നീതി ലഭ്യമാക്കുമെന്നു ഞായറാഴ്ച യുഎസ് ഭരണകൂടം ഇന്ത്യയ്ക്ക് ഉറപ്പുനല്‍കിയതായി യുഎസിലുള്ള ഇന്ത്യന്‍ എംബസി അറിയിച്ചു.

കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇന്ത്യന്‍ വംശജരായ ഹര്‍ണിഷ് പട്ടേലിനും ദീപ് റായ്ക്കുമെതിരേ നടന്ന വെടിവെപ്പാണ് അമേരിക്കയില്‍ നടന്ന വംശീയാക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവം. ഇതിലുള്ള ആശങ്ക അറിയിക്കാന്‍ യുഎസിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി നവ്‌തേജ് സര്‍ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെത്തുകയും ചെയ്തു.

ഇന്ത്യന്‍ സമൂഹത്തിനു നേരെ അരങ്ങേറുന്ന ഇത്തരം അനിഷ്ടകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണു യുഎസ് ഭരണകൂടത്തിനു വേണ്ടി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഞായറാഴ്ച പ്രസ്താവന പുറപ്പെടുവിച്ചത്.

ദക്ഷിണ കരോലിനയിലുള്ള ലങ്കാസ്റ്റര്‍ കൗണ്ടിയില്‍ വ്യാപാരശാല നടത്തുകയായിരുന്നു 43-കാരനും ഇന്ത്യന്‍ വംശജനുമായ ഹര്‍ണിഷ് പട്ടേല്‍. ഇദ്ദേഹം സ്വന്തം വീടിനു സമീപം വച്ചാണു വ്യാഴാഴ്ച വെടിയേറ്റ് മരിച്ചത്. 39-കാരന്‍ ദീപ് റായ്ക്ക് വെള്ളിയാഴ്ചയാണ് വെടിയേറ്റത്. ഗുരുതര പരിക്കേറ്റ ദീപ് സുഖം പ്രാപിച്ചുവരികയാണ്. നിങ്ങളുടെ രാജ്യത്തേയ്ക്കു തിരികെ പോകൂ എന്ന് ആക്രോശിച്ചു കൊണ്ടാണു ദീപിനെ വെടിവെച്ചത്.

അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. കഴിഞ്ഞ മാസം 22നു കന്‍സാസ് സിറ്റിയില്‍ വച്ച് ഇന്ത്യന്‍ വംശജനും എന്‍ജിനീയറുമായ ശ്രീനിവാസ് കുചിബോട്ട്‌ല, വെടിയേറ്റ് മരിച്ചത് വന്‍ പ്രതിഷേധത്തിനു കാരണമായി തീര്‍ന്നിരുന്നു. ഇൗ സംഭവത്തെ യുഎസ് പ്രസിഡന്റ് ട്രംപ് അപലപിക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: FK Special, Top Stories, World
Tags: America, India