ത്രിമാനചിത്രങ്ങള്‍ കതിരിടുന്ന നെല്‍പ്പാടങ്ങള്‍

ത്രിമാനചിത്രങ്ങള്‍ കതിരിടുന്ന നെല്‍പ്പാടങ്ങള്‍

കണ്ണെത്താദൂരം നീണ്ടു കിടക്കുന്ന ഓപ്പണ്‍എയര്‍ ആര്‍ട്ട് ഗ്യാലറിയാകുന്ന നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിക്കാന്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ജപ്പാനിലേക്ക് ആസ്വാദകപ്രവാഹം. എല്ലാവര്‍ഷവും ജീവന്‍തുടിക്കുന്ന കൂറ്റന്‍ ത്രിമാന ചിത്രങ്ങള്‍ കൊണ്ട് ലോകശ്രദ്ധയാകര്‍ഷിക്കുന്ന നെല്‍പ്പാടങ്ങളാണ് ജപ്പാനിലെ വടക്കന്‍ ഔമോറിയിലെ ഗ്രാമത്തിലുള്ളത്

ജപ്പാനിലെ ഇനകഡേറ്റ് എന്ന ഗ്രാമത്തില്‍ നെല്‍പ്പാടങ്ങളെല്ലാം വിളവെടുപ്പിനായി പാകപ്പെട്ട് കഴിഞ്ഞു. എന്നാല്‍ ഏറെ കൗതുകം നിറഞ്ഞ കാഴ്ചകളാണ് ഈ നെല്‍പ്പാടങ്ങള്‍ സമ്മാനിക്കുന്നത്. കണ്ണെത്താ ദൂരം പച്ചപ്പരവതാനി വിരിച്ച പാടങ്ങളാണ് മനസ്സില്‍ കരുതുന്നതെങ്കില്‍ തെറ്റി.

ഗോഡ്സ്സില്ലയും മോണാലിസയും തുടങ്ങി വൈവിധ്യമാര്‍ന്ന ചിത്രരൂപങ്ങളാണ് ഈ പാടത്ത് വിരിഞ്ഞിരിക്കുന്നത്. അടുത്ത് നിന്നു നോക്കിയാല്‍ യാതൊരു പ്രത്യേകതകളും കാണാന്‍ സാധിക്കില്ല. പക്ഷെ കുറച്ചു വിദൂരതയില്‍ പലതരം ദൃശ്യങ്ങളാണ് കതിരിട്ടുനില്‍ക്കുന്നത്. ക്യാമറയുടെ സാധാരണ ഫ്രെയിമില്‍ ഉള്‍ക്കൊള്ളിക്കാനാവില്ല ഈ ദൃശ്യവൈവിധ്യം.

എല്ലാ വര്‍ഷവും ജപ്പാനിലെ ഔമോറി പ്രവിശ്യയിലെ ഗ്രാമങ്ങളില്‍ ഈ കാഴ്ചകള്‍ പതിവാണ്. വെള്ള, ഊത, പച്ച തുടങ്ങിയ വിവിധ തരം നിറങ്ങളിലുള്ള നെല്ലുകള്‍ നട്ടുവളര്‍ത്തിയാണ് ഇത്തരത്തില്‍ റൈസ് പാഡി ആര്‍ട് തയ്യാറാക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ഈ കാഴ്ചകള്‍ കാണാന്‍ ദിവസേന എത്തുന്നത്. ടാന്‍ബോ ആര്‍ട്ട് എന്നാണ് നെല്‍പ്പാടങ്ങളിലെ ത്രിമാന ചിത്രനിര്‍മ്മാണരീതി അറിയപ്പെടുന്നത്. 1992ലാണ് ഈ ആശയം ഉടലെടുത്തത്. പിന്നീട് ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന വിധം ഒന്നായി ഇതിനെ രൂപപ്പെടുത്താന്‍ ജീവനക്കാരോട്് മേയര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

‘ഒരു ജീവനക്കാരനാണ് പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിലെ നെല്‍പ്പാടത്ത് മഞ്ഞ, ഊത, പച്ച നിറങ്ങളോട് കൂടിയ ഞാറുകള്‍ നട്ടുകൊണ്ട് ആദ്യം ഈ പരിപാടിക്ക് തുടക്കമിട്ടത്. തുടക്കത്തില്‍ കലാഗ്രാമം എന്ന വലിയൊരാശയം മുന്നില്‍ കണ്ടുകൊണ്ടല്ല ആരംഭിച്ചത്, ‘ വിനോദസഞ്ചാര, ആസൂത്രണ വകുപ്പിലെ തകതോഷി അസാരി അഭിപ്രായപ്പെടുന്നു. ഈ ഗ്രാമങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് നെല്‍ക്കൃഷിയാണ് അതിനാല്‍ പാടത്തെ ഈ ചിത്രകലയ്ക്കു നെല്ലുതന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഏതാണ്ട് 8,000 ആളുകളാണ് ഈ ഉള്‍നാടന്‍ ഗ്രാമത്തിലുള്ളത്.

കാര്‍ഷികവൃത്തിയാണ് പ്രധാന ഉപജീവനമാര്‍ഗ്ഗം. 2,000 വര്‍ഷത്തിലധികമായി നെല്ലുല്‍പ്പാദനമാണ് ഈ മേഖലയില്‍ ചെയ്ത് വരുന്നത്. നെല്ലിന്റെ പൂവാണ് ഇനകഡേറ്റിലെ ഔദ്യോഗിക പുഷ്പം. കൂടാതെ നെല്‍പ്പൂവുമായി ബന്ധപ്പെട്ടതാണ് ഇവിടത്തെ നാടോടിപ്പാട്ടുകള്‍ പോലും. അത്രയ്ക്ക് നെല്ലുമായി ഇഴചേര്‍ന്നബന്ധമാണ് ഇവിടത്തുകാര്‍ക്കുള്ളത്. ത്രിമാന ചിത്രങ്ങളുള്ള നെല്‍ക്കൃഷിക്കായി ആദ്യവര്‍ഷത്തില്‍ 100 ഗ്രാമവാസികളാണ് സഹകരിച്ചത്.

മൗണ്ട് ഇവാകിയുടെ പരിസരത്തായി ലളിതമായ ജ്യാമിതീയരൂപങ്ങളില്‍ ‘നെല്ല് സംസ്‌കാരഗ്രാമം ഇനകഡേറ്റ്’ എന്നു ജാപ്പനീസില്‍ എഴുതിയായിരുന്നു ആദ്യപരീക്ഷണം. എന്നാല്‍ കൂടുതല്‍ ഹൃദ്യമായി, വ്യത്യസ്തചിത്രങ്ങളൊരുക്കാന്‍ ഗ്രാമം തയ്യാറെടുക്കുകയായിരുന്നു.

എല്ലാവര്‍ഷവും വിവിധ നിറങ്ങളിലുള്ള നെല്‍ച്ചെടികള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കേണ്ടതായി വരികയാണെന്നും അതിനാല്‍ പാടത്തെ ചിത്രകലയുടെ വികസനത്തിനായി സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയുമാണെന്നാണ് അസാരി പറയുന്നത്.

പ്രാദേശികസ്‌കൂളിലെ ചിത്രകലാധ്യാപകന്‍ അട്‌സുഷി യമാമോടോയാണ് നെല്‍ക്കൃഷിക്കായുള്ള ചിത്രങ്ങള്‍ വരയ്ക്കുന്നത്. ‘ നെല്‍ച്ചിത്രങ്ങല്‍ക്കായി എന്റെ ബന്ധു 2003 ല്‍ മോണാലിസയുടെ ചിത്രം വരച്ച് നല്‍കുകയുണ്ടായി. എന്നാല്‍ അത്തരത്തില്‍ സങ്കീര്‍ണമായ കൂടുതല്‍ ചിത്രങ്ങള്‍ തയാറാക്കുന്നതിനെക്കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു.’ പക്ഷെ കഴിഞ്ഞ പത്ത് വര്‍ഷമായി ഇദ്ദേഹം തന്നെയാണ് വിജയകരമായി ഈ കൃത്യം ചെയ്യുന്നത്.

അട്‌സുഷിയുടെ കഴിവുകള്‍ നേരിട്ട് കാണാന്‍ അധികാരികള്‍ എത്താറുമുണ്ട്. നിഗൂഢതകള്‍ ഒളിപ്പിച്ച മുഖഭാവത്തോടെയുള്ള മോണാലിസയുടെ ചിത്രം അട്‌സുഷി നെല്‍ച്ചെടികള്‍ കൊണ്ട് വീണ്ടും തയ്യാറാക്കിയിരുന്നു.

‘ നെല്‍ക്കൃഷിയിലെ ചിത്രരചന തുടക്കത്തില്‍ പോരായ്മകള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ പരീക്ഷണങ്ങള്‍ക്കും അബദ്ധങ്ങള്‍ക്കുമൊടുവിലാണ് മികച്ച ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിച്ചത്, ‘ അട്‌സുഷി പറയുന്നു. ടാന്‍ബോ ആര്‍ട്ട് ആസൂത്രണം ചെയ്യുന്ന സമയമാണിപ്പോള്‍. വിളവെടുപ്പിന് ശേഷം ഏപ്രിലോടെയാണ് അടുത്ത കൃഷിക്കായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുന്നതെന്ന് മേയര്‍ ക്യോയു സുസുകി വ്യക്തമാക്കുന്നു.

ഗ്രാമ പുനരുജ്ജീവന ഉന്നതതലസമിതിയാണ് ഓരോ തവണയും കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. വ്യത്യസ്ത വിഭാഗത്തിലുള്ള ആളുകള്‍ക്ക് ആസ്വാദ്യകരമാകുന്ന തരത്തിലുള്ള ചിത്രങ്ങളാണ് തങ്ങള്‍ കണ്ടെത്തുന്നതെന്ന് സുസുകി പറയുന്നു.
അട്‌സുഷിയുടെ ചിത്രങ്ങള്‍ കംപ്യൂട്ടര്‍ സഹായത്താല്‍ ബ്ലൂപ്രിന്റ് എടുത്താണ് ഉപയോഗിക്കുന്നത്. ഇത് ഓരോ വശങ്ങളില്‍ നിന്നുമുള്ള കാഴ്ചയെ ശരിയായി നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നു. വസന്തകാലത്തിന്റെ അവസാനത്തോടെ നടീല്‍ ആരംഭിക്കുന്നു.

മെയ് മുതല്‍ ഒകേ്റ്റാബര്‍വരെ വളര്‍ച്ചയുടെ കാലഘട്ടമാണ്. ഏഴ് നിറങ്ങളിലുള്ള 12 വ്യത്യസ്തങ്ങളായ നെല്‍ച്ചെടികളാണ് ഇവിടെ ഉപയോഗിക്കുന്നത്. നെല്‍ച്ചെടികള്‍ വളര്‍ന്നതിന് ശേഷമാണ് നിറങ്ങളുടെ വ്യത്യാസങ്ങള്‍ തിരിച്ചറിയുന്നതെന്ന് ഇനകഡേറ്റ് ടൂറിസം സെക്ഷന്റെ ചീഫ് മസറു ഫുകുഷി പറയുന്നു. ഇദ്ദേഹത്തിനാണ് നെല്‍പ്പാടങ്ങളിലെ ജോലികള്‍ക്കുള്ള ചുമതല നല്‍കിയിരിക്കുന്നത്. ഏതാണ്ട് ജൂണോട് കൂടി നെല്‍പ്പാടങ്ങളില്‍ ചിത്രങ്ങള്‍ തെളിഞ്ഞ് തുടങ്ങും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ചിത്രങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നു.

1990 മുതല്‍ 2016 വരെ 3,40,000ലധികം സന്ദര്‍ശകരാണ് നെല്‍പ്പാടങ്ങളിലെ ചിത്രങ്ങള്‍ കാണാന്‍ ഗ്രാമത്തിലെത്തിയിട്ടുള്ളത്. ചിത്രങ്ങളെ ത്രിമാന രീതിയില്‍ കാണുന്നതിനായി വമ്പന്‍ ടവറുകളും നെല്‍പ്പാടങ്ങള്‍ക്ക് സമീപം ഉയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല സന്ദര്‍ശകര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനായി ഗ്രാമത്തില്‍ റെയില്‍വേ സ്റ്റേഷനും സജ്ജീകരിച്ച് കഴിഞ്ഞു.

Comments

comments

Categories: FK Special, Life, World