ഹില്‍ട്ടണ്‍ ഇന്ത്യയില്‍ 18 പുതിയ ഹോട്ടലുകള്‍ തുടങ്ങും

ഹില്‍ട്ടണ്‍ ഇന്ത്യയില്‍ 18 പുതിയ ഹോട്ടലുകള്‍ തുടങ്ങും

ബെംഗളൂരു, ലക്‌നൗ, ഗോവ, അഹമ്മദാബാദ്, മുംബൈ തുടങ്ങി രാജ്യത്തെല്ലായിടത്തും പുതിയ ഹോട്ടലുകള്‍ ഉയരും

ന്യൂ ഡെല്‍ഹി : ആഗോള ഹോസ്പിറ്റാലിറ്റി കമ്പനിയായ ഹില്‍ട്ടണ്‍ 2021 ഓടെ ഇന്ത്യയില്‍ പതിനെട്ട് പുതിയ ഹോട്ടലുകള്‍ തുറക്കും. ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രധാന വിപണികളിലൊന്നായി കമ്പനി ഇന്ത്യയെ ആണ് കാണുന്നത്.

അമേരിക്ക ആസ്ഥാനമായ ആതിഥേയ ബിസിനസ് ശൃംഖലയ്ക്ക് ഇന്ത്യയില്‍ നിലവില്‍ ആകെ 2,400 മുറികളുമായി പതിനഞ്ച് ഹോട്ടലുകളുണ്ട്. കോണ്‍റാഡ്, ഹില്‍ട്ടണ്‍ ഹോട്ടല്‍സ് & റിസോര്‍ട്‌സ്, ഡബ്ള്‍ട്രീ ബൈ ഹില്‍ട്ടണ്‍, ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍, ഹാംപ്ടണ്‍ ബൈ ഹില്‍ട്ടണ്‍ എന്നീ അഞ്ച് ബ്രാന്‍ഡുകളിലാണ് ഇന്ത്യയിലെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്.

2021 ഓടെ ഇന്ത്യയില്‍ പുതുതായി പതിനെട്ട് ഹോട്ടലുകള്‍ കൂടി തുടങ്ങാനാണ് പദ്ധതിയെന്ന് ഹില്‍ട്ടണ്‍ ഇന്ത്യ മേധാവി ആന്‍ഡ്രി എ ഗോമസ് വ്യക്തമാക്കി. ഇന്ത്യ വളരെ തന്ത്രപ്രധാന വിപണിയാണെന്നും ഇവിടെ മറ്റ് സാധ്യതകള്‍ ആരായുന്നത് കമ്പനി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു, ലക്‌നൗ, ഗോവ, അഹമ്മദാബാദ്, മുംബൈ തുടങ്ങി രാജ്യത്തെല്ലായിടത്തും പുതിയ ഹോട്ടലുകള്‍ ഉയരും. രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയക്കുറിച്ച് സംസാരിച്ച ഗോമസ്, നികുതി പരിഷ്‌കാരങ്ങളും വര്‍ധിച്ചുവരുന്ന മധ്യവര്‍ഗ്ഗവും ഇന്ത്യയെ അതിവേഗം വളരുന്ന വിപണിയായി മാറ്റുന്നതായും അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡുകളില്‍തന്നെയാണ് പുതിയ ഹോട്ടലുകള്‍ തുടങ്ങുന്നത്. ഓരോ ലൊക്കേഷനും യോജിച്ച ബ്രാന്‍ഡില്‍ അവിടങ്ങളില്‍ ഹോട്ടല്‍ പണിയുമെന്ന് ഗോമസ് വ്യക്തമാക്കി. മാനേജ്‌മെന്റ് കോണ്‍ട്രാക്റ്റ് മാതൃകയനുസരിച്ചായിരിക്കും ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്.

കമ്പനിയുടെ പ്രധാന ബിസിനസ് ഈ വിധമാണെന്നും ആന്‍ഡ്രി എ ഗോമസ് പറഞ്ഞു. മിഡ്-മാര്‍ക്കറ്റ് സെഗ്‌മെന്റ് മികച്ച സാധ്യതയാണെന്നും അതേസമയം ലക്ഷ്വറി സെഗ്‌മെന്റിനെ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നതെന്നും ഇന്ത്യാ മേധാവി നിലപാടെടുത്തു.

ലോകത്തെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനികളിലൊന്നായ ഹില്‍ട്ടണ് 104 രാജ്യങ്ങളിലും ടെറിട്ടറികളിലുമായി 4,900 പ്രോപ്പര്‍ട്ടികളും ഇവയിലാകെ എട്ട് ലക്ഷം മുറികളുമുണ്ട്.

ആഗോളതലത്തില്‍ പതിനാല് ബ്രാന്‍ഡുകളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഹില്‍ട്ടണ്‍ ഹോട്ടല്‍സ് & റിസോര്‍ട്‌സ്, വാല്‍ഡോര്‍ഫ് ആസ്റ്റോറിയ ഹോട്ടല്‍സ് & റിസോര്‍ട്‌സ്, കോണ്‍റാഡ് ഹോട്ടല്‍സ് & റിസോര്‍ട്‌സ്, കാനോപി ബൈ ഹില്‍ട്ടണ്‍, ടാപിസ്ട്രി കളക്ഷന്‍ ബൈ ഹില്‍ട്ടണ്‍, ഡബ്ള്‍ട്രീ ബൈ ഹില്‍ട്ടണ്‍, ട്രു ബൈ ഹില്‍ട്ടണ്‍, ഹോംവുഡ് സ്യൂട്ട്‌സ് ബൈ ഹില്‍ട്ടണ്‍ തുടങ്ങിയവയാണ് ബ്രാന്‍ഡുകളില്‍ ചിലത്.

 

Comments

comments

Tags: Hilton, India