2016 – ജീവകാരുണ്യമേഖലയില്‍ ഇന്ത്യന്‍ കമ്പനികളും വ്യക്തികളും സംഭാവന നല്‍കിയത് 70,000 കോടി

2016 –  ജീവകാരുണ്യമേഖലയില്‍ ഇന്ത്യന്‍ കമ്പനികളും വ്യക്തികളും സംഭാവന നല്‍കിയത് 70,000 കോടി

മുംബൈ: ജീവകാരുണ്യങ്ങള്‍ക്കായി ഇന്ത്യന്‍ കമ്പനികളും വ്യക്തികളും 2016ല്‍ ചിലവഴിച്ചത് ഏകദേശം 70,000 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തിലിത് 23,000 കോടിയായിരുന്നു.അമേരിക്കന്‍ ആഗോള കമ്പനിയായ ബൈന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

വിദേശത്തു നിന്നുള്ള സ്വകാര്യ ജീവകാരുണ്യ സംഭാവനകള്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വര്‍ധിച്ചുവെങ്കിലും ആഭ്യന്തര ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അതിനെ മറികടന്നു. വ്യക്തിപരമായുള്ള സംഭാവനകള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് കാരണമായി.

കമ്പനീസ് ആക്റ്റ് അനുസരിച്ച് രാജ്യത്തെ കമ്പനികള്‍ അവയുടെ ലാഭത്തിന്റെ രണ്ട് ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ക്കായി (സിഎസ്ആര്‍) ഉപയോഗിക്കേണ്ടതുണ്ട്. 500 കോടി ആസ്തി അല്ലെങ്കില്‍ 1000 കോടി രൂപ വിറ്റുവരവ് അതുമല്ലെങ്കില്‍ 5 കോടി അറ്റാദായം ഉള്ള കമ്പനികള്‍ തങ്ങളുടെ ലാഭത്തിന്റെ ഏകദേശം 2 ശതമാനം സിഎസ്ആറിനായി ചെലവഴിക്കണമെന്നാണ് കമ്പനി നിയമം അനുശാസിക്കുന്നത്. ടോപ്പ് 100ല്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് അവരുടെ സിഎസ്ആര്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും കെപിഎംജി സര്‍വേയില്‍ പറയുന്നു.

പൊതു, സ്വകാര്യ മേഖലകളില്‍ ഒരുപോലെ ജീവകാരുണ്യ വ്യവസ്ഥ വളര്‍ച്ച നേടുന്നുണ്ട്. ഏതാണ്ട് 150,000 കോടിയില്‍ നിന്ന് 220,000 കോടിയുടെ വളര്‍ച്ചയാണ് ഉണ്ടായത്. ഏകദേശം 9 ശതമാനമെന്ന ആരോഗ്യകരമായ നിരക്കിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ മേഖലയ്ക്കുള്ള ഫണ്ടില്‍ വര്‍ധന ഉണ്ടായത്. 2016ല്‍ ജീവകാരുണ്യ മേഖലയില്‍ എത്തിയ 70,000 കോടി രൂപയില്‍ 32 ശതമാനവും സ്വകാര്യ സംഭാവനകളാണ്.

2011 ല്‍ ഇത് 15 ശതമാനം മാത്രമായിരുന്നു. നിലവിലെ പ്രവണതകള്‍ പ്രതീക്ഷാജനകമാണെങ്കിലും ജീവകാരുണ്യ മേഖലയിലെ മുന്നേറ്റത്തിന് കൂടുതല്‍ ധനവും സ്രോതസ്സുകളും ആവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: FK Special, Life, Top Stories, World
Tags: CSR, India