കോര്‍പ്പറേറ്റ് വായ്പയില്‍ ഇടിവ്

കോര്‍പ്പറേറ്റ് വായ്പയില്‍ ഇടിവ്

ദുര്‍ബല വിഭാഗങ്ങളിലേക്ക് കൂടുതല്‍ ബാങ്ക് വായ്പയെത്തുന്നു, കോര്‍പ്പറേറ്റ് വായ്പാ ആവശ്യകതയില്‍ വന്‍ ഇടിവുണ്ടായി

മുംബൈ: രാജ്യത്ത് ദുര്‍ബല വിഭാഗങ്ങള്‍ക്ക് അനുവദിച്ച ബാങ്ക് വായ്പകളുടെ മൂല്യം ആദ്യമായി കോര്‍പ്പറേറ്റ് മേഖല കേന്ദ്രീകരിച്ചുള്ള വായ്പകളുടെ മൂല്യത്തെ പിന്നിലാക്കിയതായി റിപ്പോര്‍ട്ട്. ഗ്രാമീണ ഇന്ത്യയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചതിനൊപ്പം വായ്പാ ആവശ്യകതയിലുണ്ടായ ഇടിവും കമ്പനികള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ സ്വീകരിച്ച സമീപനവും ഈ മാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.

ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് കോര്‍പ്പറേറ്റ് മേഖലയില്‍ അനുവദിച്ച 32 ശതമാനം ബാങ്ക് വായ്പയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ആകെ ബാങ്ക് വായ്പയുടെ 34 ശതമാനം സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മുന്‍ഗണനാ വിഭാഗത്തിനാണ് നല്‍കിയിട്ടുള്ളത്.

ബാങ്ക് വായ്പ സംബന്ധിച്ച റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജനുവരി മാസാന്ത്യത്തെ കണക്ക് പ്രകാരം വന്‍കിട വ്യവസായങ്ങള്‍ക്കായി 21.3 ലക്ഷം കോടി രൂപയാണ് വായ്പ അനുവദിച്ചിട്ടുള്ളത്. ഇക്കാലയളവില്‍ മുന്‍ഗണനാ വിഭാഗത്തിലേക്കായി 22.7 ലക്ഷം കോടി രൂപയാണ് വായ്പ നല്‍കിയിട്ടുള്ളത്.

സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ അനുഭവപ്പെട്ട മാറ്റമാണ് വായ്പാ ആവശ്യകതയിലുണ്ടായ ഇടിവില്‍ പ്രതിഫലിക്കുന്നതെന്നും, വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെ വായ്പയിലുണ്ടായ കുറവ് മൊത്തം വായ്പാ ആവശ്യകത കുറയുന്നതിന് കാരണമായിട്ടുണ്ടെന്നും ആക്‌സിസ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് സൗഗത ഭട്ടാചാര്യ പറഞ്ഞു. സ്വാശ്രയ സംഘങ്ങളുടെ വായ്പ വര്‍ധിച്ചതാണ് ദുര്‍ബല വിഭാഗത്തിനു വേണ്ടിയുള്ള വായ്പയില്‍ നേരിയ വളര്‍ച്ചയ്ക്ക് കാരണമായതെന്നും സൗഗത അഭിപ്രായപ്പെട്ടു.

ബാങ്ക് വായ്പകളെ ആശ്രയിക്കുന്നതിനു പകരം ഇതിനേക്കാള്‍ ആയാസകരവും ചെലവ് കുറഞ്ഞതുമായ ബോണ്ട് മാര്‍ക്കറ്റ് പോലുള്ള മാര്‍ഗ്ഗങ്ങളിലേക്ക് കമ്പനികളുടെ ശ്രദ്ധതിരിഞ്ഞതും ബാങ്ക് വായ്പാ ആവശ്യകതയില്‍ പ്രതിഫലിച്ചിട്ടുണ്ട്.

പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പ്രകാരം അനുവദിച്ച വായ്പകള്‍ മുന്‍ഗണനാ വിഭാഗത്തിന്റെ 23 ശതമാനമാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. അഞ്ചു ലക്ഷം കോടിയാണ് ഇതിന്റെ മൂല്യം. രണ്ടുവര്‍ഷം മുമ്പ് ഇത് 21 ശതമാനമായിരുന്നു. ജന്‍ധന്‍ യോജന പദ്ധതിയിലെ സീറോ ബാലന്‍സ് എക്കൗണ്ടുകള്‍ 2014ല്‍ 75 ശതമാനമായിരുന്നത് 25 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Comments

comments

Categories: Banking, FK Special, Life