ടോപ് വര്‍ത്തില്‍ നിന്നുള്ള കിട്ടാക്കടം വീണ്ടെടുക്കാന്‍ ബാങ്കുകള്‍ കോടതിയിലേക്ക്

ടോപ് വര്‍ത്തില്‍ നിന്നുള്ള കിട്ടാക്കടം വീണ്ടെടുക്കാന്‍ ബാങ്കുകള്‍ കോടതിയിലേക്ക്

മുംബൈ: രാജ്യത്തെ ബാങ്കുകള്‍ കിട്ടാക്കടംമൂലം നേരിടുന്ന സമ്മര്‍ദ്ദം പരിഹാരമാകാതെ തുടരുന്ന സാഹചര്യത്തില്‍ ഇവയില്‍ അല്‍പ്പമെങ്കിലും തിരിച്ചുപിടിക്കാന്‍ നിയമനടപടികള്‍ തേടുകയാണ് വിവിധ കമ്പനികള്‍.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോപ് വര്‍ത്ത് ഗ്രൂപ്പ് ഓഫ് കമ്പനീസിന് നല്‍കിയ 17,300 കോടിയോളം രൂപയുടെ മൊത്തം വായ്പയുമായി ബന്ധപ്പെട്ട് ഒരു ഡസനോളം വായ്പാദാതാക്കളാണ്‌കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും നേതൃത്വത്തില്‍ ബാങ്കുകള്‍ ഓരോന്നും പ്രത്യേകമായോ ഒരു കണ്‍സോര്‍ഷ്യമായോ മുംബൈ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലില്‍ (ഡിആര്‍ടി) കേസ് ഫയല്‍ ചെയ്യുമെന്നാണ് സൂചന.

ടോപ് വര്‍ത്ത് കമ്പനികളായ ഉര്‍ജ ആന്‍ഡ് മെറ്റല്‍സ്, ഫീനിക്‌സ് ഇംപക്‌സ് ആന്റ് പോസ്‌കോ സ്റ്റീല്‍സ് എന്നിവ മൊത്തമായി വായ്പാ തിരിച്ചടവില്‍ 3,200 കോടി രൂപയുടെ വീഴ്ച വരുത്തിയതിനെതിരേയാണ് കേസ്. ബാങ്ക് ഓഫ് ബറോഡ 356 കോടി രൂപ വീണ്ടെടുക്കാന്‍ ടോപ് വര്‍ത്ത് പൈപ്‌സ് ആന്റ് ട്യൂബ്‌സിനെതിരെ ഡിആര്‍ടിയില്‍ ഇതിനകം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ആസ്തി ഗുണമേന്മയയില്‍ കൂടുതല്‍ ഇടിവു സംഭവിക്കുന്നതു തടയാനായി നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ബാങ്കുകളുടെ തീരുമാനം. ‘ ഈ ഗ്രൂപ്പിന് നല്‍കിയിരിക്കുന്ന വായ്പകളെയെല്ലാം ഇപ്പോള്‍ നിഷ്‌ക്രിയാസ്തി എന്ന നിലയ്ക്കാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. മുംബൈ ഡിആര്‍ടിയില്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട് രണ്ടാഴ്ചക്കുള്ളില്‍ കൂടുതല്‍ പരാതികള്‍ കൊടുക്കും,’ പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ടോപ് വര്‍ത്ത് സ്റ്റീല്‍ ആന്‍ഡ് പവര്‍, ക്രെസ്റ്റ് സ്റ്റീല്‍ ആന്‍ഡ് പവര്‍, ടോപ് വര്‍ത്ത് ഊര്‍ജ ആന്റ് മെറ്റല്‍സ്, ടോപ് വര്‍ത്ത് പൈപ്‌സ് ആന്‍ഡ് ട്യൂബ്‌സ് എന്നിങ്ങനെ തങ്ങളുടെ നാല് മുന്‍ നിരകമ്പനികള്‍ നല്‍കാനുള്ളത് 5200 കോടിയാണെന്ന് ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകള്‍ അയച്ച മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള മറ്റ് കമ്പനികള്‍ ഹോള്‍ഡിംഗ് കമ്പനികളാണ്.

ലോണുകള്‍ക്കായി കോര്‍പ്പറേറ്റ് ഗ്യാരന്റി നല്‍കിയിട്ടുള്ള കമ്പനികളാണ് ഇവ. ബാങ്കുകള്‍ വായ്പ മൂല്യം കണക്കാക്കിയതില്‍ പിഴവു സംഭവിച്ചെന്നും ടോപ് വര്‍ത്ത് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അഭയ് ലോധ പറയുന്നു.

Comments

comments