യുഎഇയിലേക്ക് ഭക്ഷ്യ കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യ

യുഎഇയിലേക്ക് ഭക്ഷ്യ കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യ

പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കു സമാനമായി ഭക്ഷ്യോല്‍പ്പാദനത്തിന് ഫാമുകള്‍ ആരംഭിക്കും

ന്യൂഡെല്‍ഹി: യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയുടെ ഭക്ഷ്യ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പരിഗണിച്ച് പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു.

യുഎഇയുടെ ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രത്യേകം ഫാം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വളര്‍ത്തിയെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. അടുത്തിടെ അബുദാബി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശന വേളയിലും ഇക്കാര്യം ചര്‍ച്ചയായതായാണ് സൂചന.

2015ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ മേഖലകളില്‍ പരസ്പരം സഹകരിക്കുന്നതിനുള്ള അവസരം ഒരുക്കിയിരുന്നു. 2015ല്‍ ഒപ്പുവച്ച സംയുക്ത ഉടമ്പടി പ്രകാരമുള്ള ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഇരു രാഷ്ട്രങ്ങളും. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ‘ഫാം-ടു-പോര്‍ട്ട്’ എന്ന പേരിലുള്ള ഒരു പദ്ധതിയാണ് ആണ് ഇന്ത്യ വിഭാവനം ചെയ്തിട്ടുള്ളതെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി അമര്‍ സിന്‍ഹ പറഞ്ഞു.

ഒരു തരത്തില്‍ പ്രത്യേക സാമ്പത്തിക മേഖല (എസ്ഇഇസഡ്)യ്ക്ക് സമാനമാണിത്. എന്നാല്‍, കോര്‍പോറേറ്റൈസ്ഡ് ഫാമുകളുടെ മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇരു സര്‍ക്കാരുകളും ഈ ആശയം അംഗീകരിച്ചിട്ടുണ്ടെന്നും സിന്‍ഹ വ്യക്തമാക്കി.

ഈ പദ്ധതിയുടെ ഭാഗമായി ഇത്തരം പ്രത്യേക ഭക്ഷ്യ മേഖലയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വിളകള്‍ക്ക് ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ പരിഷ്‌ക്കരണ നിയമങ്ങള്‍ ബാധകമാകില്ലെന്നും സിന്‍ഹ അറിയിച്ചു. പദ്ധതി വിജയിക്കുകയാണെങ്കില്‍ കാര്‍ഷിക വ്യാവസായിക രംഗത്ത് പുതിയൊരു മേഖല സൃഷ്ടിക്കാന്‍ സാധിക്കുമെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു.

ഇന്ത്യയും ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ഊന്നല്‍ നല്‍കുന്നത് പ്രതിരോധത്തിലും പ്രതിരോഘ മേഖലയിലെ ഉല്‍പ്പാദനത്തിലും ആണ്. രാജ്യത്തിന്റെ വൈദഗ്ധ്യവും സാങ്കേതികവിദ്യയും മൂലധനവും ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും ഉല്‍പ്പാദന അവസരങ്ങള്‍ക്കു വേണ്ടി അന്താരാഷ്ട്ര തലത്തിലുള്ള കമ്പനികളുമായി സഹകരിക്കണമെന്നും സിന്‍ഹ വ്യക്തമാക്കി.

Comments

comments

Tags: India, UAE