എസ്എഫ് എക്‌സ്പ്രസ് ഉടമ വാംഗ് വി ചൈനീസ് സമ്പന്നരിലെ മൂന്നാമന്‍

എസ്എഫ് എക്‌സ്പ്രസ് ഉടമ വാംഗ് വി ചൈനീസ് സമ്പന്നരിലെ മൂന്നാമന്‍

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു വഴിയോരക്കടയില്‍ തുടങ്ങിയ കമ്പനി ഇന്ന് ചൈനയിലെ കൊറിയര്‍ രംഗത്തെ ഒന്നാംസ്ഥാനക്കാര്‍. സ്റ്റോക് എക്‌സ്‌ചേഞ്ചിലേക്ക് കാലെടുത്തുവച്ച എസ്എഫ് എക്‌സ്പ്രസ് വളരെ ചുരുങ്ങിയ കാലം കൊണ്ട് കമ്പനിയുടമയെ ചൈനയിലെ സമ്പന്നരുടെ നിരയിലേക്ക് എത്തിച്ചിരിക്കുകയാണ്. സ്വന്തമായി കൊറിയറുകള്‍ എത്തിച്ചുനല്‍കിയിടത്തുനിന്ന് ഇന്ന് ബൃഹത്തായ ഒരു കമ്പനിയുടെ ഉടമയിലേക്ക് വളര്‍ന്നിരിക്കുകയാണ് വാംഗ് വി.

ദശകങ്ങള്‍ക്ക് മുമ്പ് വാംഗ് വി ഭാരമേറിയ സ്യൂട്ട്‌കേസുകളും വലിയ ബാഗുകളുമൊക്കെ ചൈനയുടെ തെക്കേ അതിര്‍ത്തിയിലൂടെ വളരെ പ്രയാസപ്പെട്ട് വലിച്ചിഴയ്ക്കുകയായിരുന്നു. ഹോംങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ കൊറിയര്‍ ബിസിനസ്സ് വിജയകരമാക്കുന്നതിന്റെ ഭാഗമായാണ് വാംഗ് വി ഈ ശ്രമങ്ങളെല്ലാം നടത്തിയിരുന്നത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഒരു കമ്പനിയുടെ മൊത്തം ആസ്തി 2 ബില്ല്യണ്‍ ഡോളര്‍ ഉയരുന്നതിനെകുറിച്ച് ചിന്തിച്ചുനോക്കു. അതാണ് ചൈനയിലെ ഏറ്റവും വലിയ പാഴ്‌സല്‍ കമ്പനിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.

വാംഗ് വി ഉടമസ്ഥനായ എസ്എഫ് എക്‌സ്പ്രസ് കമ്പനിയുടെ നേട്ടം കഴിഞ്ഞയാഴ്ച്ച അദ്ദേഹത്തെ ചൈനയിലെ മൂന്നാമത്തെ സമ്പന്നവ്യക്തിയാക്കി മാറ്റിയിരിക്കുകയാണ്. ടെക്ക് കേന്ദ്രീകൃതമായിട്ടുള്ള നിക്ഷേപ വിനിമയകേന്ദ്രം ഷെന്‍സെന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ പുതിയതായി ലിസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കമ്പനി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം.

മാര്‍ച്ച് രണ്ടിലെ കണക്കുകള്‍ പ്രകാരം ഷെന്‍സെനില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള എസ്എഫ് എക്‌സ്പ്രസ് ഗ്രൂപ്പിന് ഉണ്ടായിരുന്ന മൊത്തം ആസ്തി 27.6 ബില്ല്യണ്‍ ഡോളറാണ്. ഇത് വാംഗ് വിയെ റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍ വാംഗ് ജിയാന്‍ലിനും ആലിബാബയുടെ ജാക് മായ്ക്കും പിന്നിലായി ചൈനയുടെ മൂന്നാമത്തെ പണക്കാരനാക്കി മാറ്റി.

ബ്ലൂംബര്‍ഗ് ബില്ല്യണേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് ലിസ്റ്റ്.

46കാരനായ വാംഗ് 1993ലാണ് തന്റെ കൊറിയര്‍ കമ്പനിക്ക് തുടക്കംകുറിച്ചത്. ഒരു വഴിയോരക്കടയില്‍ നിന്നാണ് വാംഗ് തന്റെ ബിസിനസ്സ് ആരംഭിച്ചത്. 20,000 ഡോളര്‍ അച്ഛനില്‍ നിന്ന് വായ്പയായി വാങ്ങിയാണ് വാംഗ് ബിസിനസ്സിലേക്ക് കാലെടുത്തുവച്ചത്. 68 ശതമാനം ഓഹരിയായിരുന്നു അദ്ദേഹത്തിന് അന്നുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം തുടക്കം മുതല്‍ മൂല്യം ഉയരുകയായിരുന്നു. 489 ശതമാനത്തിലേക്കാണ് ഇത് കുതിച്ചത്.

കഴിഞ്ഞ വര്‍ഷം ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുമായി 6.6 ബില്ല്യണ്‍ ഡോളറിന്റെ കരാറില്‍ എസ്എഫ് ഹോള്‍ഡിംഗ്‌സ് ഏര്‍പ്പെട്ടിരുന്നു. ഈ കരാറിന് ശേഷമാണ് എസ്എഫ് ഹോള്‍ഡിംഗ്‌സ് എന്ന ഔദ്യോഗിക പേരിലേക്ക് കമ്പനി മാറിയത്. പിന്നീടാണ് ഷെന്‍സെനില്‍ കമ്പനി ലിസ്റ്റ് ചെയ്യുന്നത്. ലിസ്റ്റ് ചെയ്തതിന് ശേഷം കമ്പനിയുടെ ഷെയറുകള്‍ 10ശതമാനം ഉയര്‍ന്നു. അടുപ്പിച്ചുള്ള നാല് സെഷനുകളില്‍ ഈ ഉയര്‍ച്ച കണ്ടു. ചൈനയുടെ ഒരു ദിവസത്തെ പരിധി 10 ശതമാനമാക്കി ചുരുക്കിയിരിക്കുകയാണ്. കമ്പനിയുടെ ഓഹരിയിടപാടുകള്‍ നോക്കുമ്പോള്‍ മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളില്‍ ഓഹരിവില ഒട്ടും തന്നെ കുറഞ്ഞിട്ടില്ലെന്നാണ് കാണാന്‍ കഴിയുന്നത്.

ഇങ്ങനെ മുന്നോട്ടുപോയാല്‍ ചൈനയിലെ ഏറ്റവും സമ്പന്നവ്യക്തിയായി വാംഗ് മാറുന്ന കാലം വിദൂരമല്ല. ഷെന്‍സെനിലെ ഏറ്റവും മൂല്യമേറിയ ഓഹരിയാണ് ഇപ്പോള്‍ എസ്എഫ് ഹോള്‍ഡിംഗ്‌സിന്റേത്. 29ബില്ല്യണ്‍ ഡോളറിലധികം വിപണി മൂല്യം നിലവില്‍ എസ്എഫ് ഹോള്‍ഡിംഗ്‌സിനുണ്ട്. ഇവരുടെ പിഇ അനുപാതം 800 മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സമാനമായ മറ്റ് ചൈനീസ് കമ്പനികളുടെ ഈ വളര്‍ച്ച 30 മടങ്ങ് മാത്രമാണ്. വാംഗിന്റെ കമ്പിനിക്ക് കൂടുതല്‍ മൂല്യമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഈ കണക്കുകള്‍.

ചൈനയുടെ ലോജിസ്റ്റിക്‌സ് വിഭാഗം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വളരെ പെെട്ടന്നുള്ള വളര്‍ച്ചയാണ് കാണിക്കുന്നത്. രാജ്യത്തെ ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബയ്ക്കാണ് ഇതിന് നന്ദി പറയേണ്ടത്.

എസ്എഫ് ഹോള്‍ഡിംഗ്‌സിന്റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിയുടെ മൊത്തലാഭം വര്‍ഷംതോറും ഉയരുകയാണ്. 2016ലെ കമ്പനിയുടെ മൊത്തലാഭം 112ശതമാനം വര്‍ദ്ധിച്ച് 4.18 ബില്ല്യണ്‍ യുവാനില്‍ എത്തിയിരിക്കുകയാണ്. അതായത് 608 മില്ല്യണ്‍ ഡോളര്‍. 1,17,000 ജീവനക്കാരാണ് എസ്എഫ് ഹോള്‍ഡിംഗ്‌സിലുള്ളത്. 15,000 കാര്‍ഗോവാഹനങ്ങളും 31 എയര്‍ക്രാഫ്റ്റുകളും എസ്എഫ് ഹോള്‍ഡിംഗ്‌സിന് സ്വന്തമായുണ്ട്. സെന്‍ട്രല്‍ ചൈനീസ് നഗരമായ എജൗവില്‍ കമ്പനി സ്വന്തമായി ഒരു വിമാനതാവളം ഉണ്ടാക്കുമെന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇത് 2020 ഒടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

2009ലാണ് ചൈന സ്വകാര്യ കൊറിയര്‍ സ്ഥാപനങ്ങളെ നിയമപരമാക്കിയത്. അതിന് മുന്‍പ് ഇവര്‍ക്ക് പലപ്പോഴും ഭരണാധികാരികള്‍ പല കാരണങ്ങളാല്‍ പിഴ ചുമത്തിയിരുന്നു.

 

Comments

comments

Tags: China, SF express