വായ്പ നല്‍കുന്നതില്‍ കുറവ് രേഖപ്പെടുത്തി സൗദി ബാങ്കുകള്‍

വായ്പ നല്‍കുന്നതില്‍ കുറവ് രേഖപ്പെടുത്തി സൗദി ബാങ്കുകള്‍

ബഹുരാഷ്ട്ര കമ്പനികളുടെ സാമ്പത്തിക ആവശ്യം കുറഞ്ഞതിന്റേയും സമ്പദ് വ്യവസ്ഥയിലേക്ക് എത്തിയ പണത്തിന്റെ അളവ് കൂടിയതിന്റേയും സൂചനയാണിത്. അതേസമയം സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവ് മന്ദഗതിയിലാണെന്ന് ഇത് കാണിക്കുന്നതായും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്

റിയാദ്: സൗദിയുടെ സമ്പദ് വ്യവസ്ഥ പരിണാമപ്രക്രിയയിലൂടെ സഞ്ചരിക്കുന്ന സമയത്ത് വായ്പാ വളര്‍ച്ചയില്‍ ഇടിവ്. സൗദി അറേബ്യന്‍ ബാങ്കുകള്‍ വായ്പ നല്‍കുന്നതില്‍ കുറവ് വന്നതായാണ് പുതയ റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലാണ് ജനുവരിയില്‍ വായ്പ നല്‍കിയിരിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ ആവശ്യം കുറഞ്ഞതിന്റേയും സമ്പദ് വ്യവസ്ഥയിലേക്ക് എത്തിയ പണത്തിന്റെ അളവ് കൂടിയതിന്റേയും സൂചനയാണിത്.

കഴിഞ്ഞ ഡിസംബറിലുണ്ടായ 2.4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കിയ ബാങ്ക് വായ്പയില്‍ 1.8 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് ആദ്യ മാസത്തിലുണ്ടായതെന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പതിയെ കര കയറാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ്. ഫെബ്രുവരി 2010 മുതലുള്ള വളര്‍ച്ച കണക്കിലെടുത്താല്‍ ഏറ്റവും പതിയെയുളള വളര്‍ച്ചയാണിത്.

എണ്ണ വിപണി താഴ്ന്നതിനെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ സമ്പദ് ഘടനയെ മെച്ചപ്പെടുത്തുന്നതിനായി ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. അതേസമയം വായ്പാ വളര്‍ച്ചയിലെ കുറവ് സ്വകാര്യ കമ്പനികള്‍ പുതിയ നിക്ഷേപം നടത്തില്ലെന്ന സൂചനയാണ് നല്‍കുന്നതെന്നാണ് വിദഗ്ധരുടെ പക്ഷം.

സാമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ പണം എത്തിയതിന്റെ സൂചന കൂടിയാണിതെന്നും വാദമുണ്ട്. ഓയില്‍ കയറ്റുമതി ചെയ്യുന്നതില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് സാമ്പത്തികരംഗം തകര്‍ന്നത്. ഇതിനെത്തുടര്‍ന്ന് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള പണം അടച്ചു തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിരുന്നു. ഇത് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. സമ്പദ് വ്യവസ്ഥയിലെ അടിമുടി മാറ്റം വരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കമ്പനികള്‍ക്ക നല്‍കാനുള്ള പണം നല്‍കിത്തുടങ്ങിയിട്ടുണ്ട്.

സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുളള പണം ഗവണ്‍മെന്റ് നല്‍കിത്തുടങ്ങിയതോടെ ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കുന്നതില്‍ നിന്ന് കമ്പനികള്‍ പിന്‍വാങ്ങുന്നതിനുള്ള ഒരു കാരണമായും വിലയിരുത്തപ്പെടുന്നു.

ഗവണ്‍മെന്റ് വിപണിയിലേക്ക് പണം ഇറക്കിയതും പുതിയ ലോണുകള്‍ എടുക്കുന്നതില്‍ നിന്ന് കമ്പനികള്‍ പിന്തിരിഞ്ഞതും സൗദിയുടെ പണത്തിന്റെ നിരക്ക് ഉയരുന്നതില്‍ സഹായിച്ചു. മൂന്ന് മാസമായി 2.386 ശതമാനമായി ഉയര്‍ന്നിരുന്ന ഇന്റര്‍ബാങ്ക് ഓഫേര്‍ഡ് റേറ്റ് കഴിഞ്ഞദിവസം 1.7875 ലേക്ക് താഴ്ന്നു. കഴിഞ്ഞ മാര്‍ച്ചു മുതലുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇത്.

എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്നുണ്ടായ ബജറ്റ് കമ്മി പരിഹരിക്കുന്നതിനായി ഗവണ്‍മെന്റ് വിദേശത്തു നിന്ന് ലോണ്‍ എടുക്കുന്നത് തുടരുകയാണ്. സെന്‍ട്രല്‍ ബാങ്കിലെ നെറ്റ് ഫോറിന്‍ അസറ്റ് കഴിഞ്ഞ മാസത്തേക്കാള്‍ കുറഞ്ഞ നിരക്കിലാണ്. ജനുവരിയില്‍ 516.7 ബില്യണ്‍ ഡോളറായിരുന്നത് ഫെബ്രുവരിയില്‍ 12 ബില്യണ്‍ ഡോളറായി ചുരുങ്ങി.

അന്താരാഷ്ട്ര ബോണ്ടുകള്‍ നല്‍കി പണം സമാഹരിക്കാനുള്ള പുതിയ പദ്ധതിക്ക് തുടക്കമിടാനുള്ള തീരുമാനത്തിലാണ് ഗവണ്‍മെന്റ. ഇത് വിദേശ കരുതല്‍ ധനത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന സമ്മര്‍ദങ്ങള്‍ കുറക്കുന്നതിന് സഹായിക്കും. വരുന്ന മാസങ്ങളില്‍ ഏറ്റവും കുറഞ്ഞത് ഒരു ഫോറിന്‍ ബോണ്ട് എങ്കിലും വില്‍പ്പനയ്ക്ക് വെക്കും.

Comments

comments