ഇലക്ട്രിക് വാഹന വില്‍പ്പന കുതിച്ചുയരും

ഇലക്ട്രിക് വാഹന വില്‍പ്പന കുതിച്ചുയരും

2020 ഓടെ ഇന്ത്യയില്‍ 7 മില്യണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു

ന്യൂ ഡെല്‍ഹി : അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ ഈ വര്‍ഷം അരങ്ങേറ്റം കുറിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ഇലക്ട്രിക് വാഹനമായ ‘ലീഫ്’ എത്രയും വേഗം പരീക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് നിസ്സാന്‍ ഇന്ത്യ പ്രസിഡന്റ് ഗ്വില്ലോം സികാര്‍ഡ് വ്യക്തമാക്കിക്കഴിഞ്ഞു. സ്വപ്‌നപദ്ധതിയായ 25 ലക്ഷത്തിലധികം രൂപ വില വരുന്ന ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ വാങ്ങുന്നതിന് ഇന്ത്യയില്‍ ആളു കാണുമെന്ന് സ്വദേശിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിശ്വസിക്കുന്നു.

Q സീരീസ് പോലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഗ്‌മെന്റുകളില്‍ ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയില്‍ ഉടനെ അവതരിപ്പിക്കുമെന്ന് ഔഡി ഇന്ത്യ മേധാവി രഹീല്‍ അന്‍സാരിയും വ്യക്തമാക്കുകയാണ്. ചൈനീസ് മൊബീല്‍ നിര്‍മ്മാതാക്കളായ ലീക്കോയും ഇലക്ട്രിക് വാഹന മേഖലയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു.

വ്യക്തമായ കാരണമില്ലാതെ ഇത്രയധികം ആവേശഭരിതരാകുന്നവരല്ല മേല്‍പ്പറഞ്ഞ വാഹനനിര്‍മ്മാതാക്കള്‍. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ടൊയോട്ട കാമ്‌റിയുടെ 95 ശതമാനവും ഹൈബ്രിഡ് വേരിയന്റാണെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥന്‍ വെളിപ്പെടുത്തി. സാധാരണ കാമ്‌റിയേക്കാള്‍ ഹൈബ്രിഡ് കാമ്‌റിക്ക് 47 ശതമാനം അധിക ഇന്ധനക്ഷമതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊമേഴ്‌സ്യല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പെര്‍മിറ്റുകള്‍ നിര്‍ബന്ധമാക്കേണ്ടെന്ന തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍, മഹീന്ദ്ര ഇലക്ട്രിക് എന്നിവരുമായി ചേര്‍ന്ന് നാഗ്പുരില്‍ 300 ഇലക്ട്രിക് ടാക്‌സികള്‍ നിരത്തുകളിലിറക്കാനാണ് കാബ് ആഗ്രഗേറ്ററായ ഒല തയ്യാറെടുക്കുന്നത്.

രാജ്യത്ത് ഇലക്ട്രിക് ടാക്‌സികള്‍ സംബന്ധിച്ച സാധ്യതാപഠനമെന്ന നിലയിലാണ് ഈ പദ്ധതി നടപ്പാക്കുക. തന്റെ ലോക്‌സഭാ മണ്ഡലമായ നാഗ്പുരില്‍ ഇതിനായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ എല്ലാ സഹായങ്ങളും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി വാഗ്ദാനം ചെയ്തിരുന്നു. അടുത്ത ഘട്ടമായി ഗുജറാത്തിലെയും ഉത്തര്‍ പ്രദേശിലെയും നഗരങ്ങളില്‍ പദ്ധതി നടപ്പാക്കും.

2024 ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള വില്‍പ്പന ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇലക്ട്രിക് വാഹന മുന്നേറ്റത്തില്‍ സ്റ്റാര്‍ട്ടപ്പുകളായിരിക്കും നിര്‍ണ്ണായക പങ്ക് വഹിക്കുന്നത്. 2015 ജൂലൈയില്‍ സഞ്ജയ് കൃഷ്ണന്‍ ബെംഗളൂരുവില്‍ സ്ഥാപിച്ച ലിഥിയം അര്‍ബന്‍ ടെക്‌നോജീസ് എന്ന സ്റ്റാര്‍ട്ടപ്പ് ഇലക്ടിക് വാഹനങ്ങള്‍ ഉപയോഗിച്ച് ടെസ്‌കോ, യൂണിസിസ്, ആക്‌സെഞ്ച്വര്‍, അഡോബി തുടങ്ങിയ കമ്പനികള്‍ക്ക് എംപ്ലോയീ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനങ്ങളൊരുക്കുന്നു. ഇവര്‍ക്കിപ്പോള്‍ പത്ത് ഉപയോക്താക്കളും 55 ജീവനക്കാരും 400 ഇലക്ട്രിക് വാഹനങ്ങളുമുണ്ട്.

ഓരോ വാഹനത്തിലും രണ്ട് ഡ്രൈവര്‍മാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യും. ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ കമ്പനി തന്നെ സ്വന്തമായി പ്രവര്‍ത്തിപ്പിക്കുന്നു. മലിനീകരണം ഇല്ലെന്നുമാത്രമല്ല, ചെലവ് താരതമ്യേന കുറവാണ് എന്നതുകൊണ്ടാണ് വിവിധ കമ്പനികള്‍ തങ്ങളെ തേടിയെത്തുന്നതെന്ന് സഞ്ജയ് കൃഷ്ണന്‍ വ്യക്തമാക്കുന്നു. ഉദാഹരണം പറഞ്ഞാല്‍, മഹീന്ദ്ര E20 യ്ക്ക് (ഇലക്ട്രിക് ഹാച്ച്ബാക്ക്) കിലോമീറ്ററിന് 70-80 പൈസ മാത്രം മതിയെങ്കില്‍ ഇന്‍ഡിക കാറിന് നാല് രൂപയ്ക്ക് മുകളില്‍ ചെലവ് വരും.

തങ്ങളുടെ വാഹനങ്ങള്‍ ഇതിനകം 10 മുതല്‍ 12 വരെ മില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞെന്നും ഇവയൊന്നും യാതൊരു മലിനീകരണവും സൃഷ്ടിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മൂന്ന് വര്‍ഷത്തിനകം ആയിരക്കണക്കിന് ഇലക്ട്രിക് വാഹനങ്ങളെ ഉള്‍പ്പെടുത്തി സംരംഭം രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് സഞ്ജയ് കൃഷ്ണന്‍ പറഞ്ഞു. ചെന്നൈ, ഹൈദരാബാദ്, മുംബൈ, പുണെ തുടങ്ങിയ നഗരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.

ഓണ്‍ലൈന്‍ പലചരക്ക് കടയായ ബിഗ്ബാസ്‌കറ്റ് ഈ വഴിയേ ആദ്യം സഞ്ചരിച്ചവരാണ്. സാധനസാമഗ്രികള്‍ ഡെലവറി ചെയ്യുന്നതിന് നോയ്ഡയില്‍ പത്ത് ഇ-സുപ്രോ ഇലക്ട്രിക് വാനുകളാണ് സര്‍വീസ് നടത്തുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ വാഹനങ്ങളുടെ എണ്ണം അമ്പതായി ഉയര്‍ത്താന്‍ ബിഗ്ബാസ്‌കറ്റ് തീരുമാനിച്ചിരിക്കുന്നു.

iX e2o പ്ലസ്, ഇ-വെരിറ്റോ, ഇ-സുപ്രോ എന്നീ കാര്‍ഗോ വാനുകളും iV എന്ന പാസഞ്ചര്‍ വാഹനവുമാണ് മഹീന്ദ്ര ഇലക്ട്രിക് കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിച്ചത്. ആമസോണ്‍, ഒല തുടങ്ങിയ കമ്പനികളില്‍നിന്ന് ഡിമാന്‍ഡ് ലഭിക്കുന്നതോടെ ഈ വാഹനങ്ങളുടെ വില്‍പ്പന ക്രമാതീതമായി വര്‍ധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായ ഇന്ത്യയില്‍ പക്ഷേ ഇലക്ട്രിക് ബൈക്കുകള്‍ക്ക് അത്ര വലിയ മുന്നേറ്റം കാഴ്ച്ചവെയ്ക്കാനായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 22,000 ഇ-ബൈക്കുകള്‍ മാത്രമാണ് വിറ്റത്. ആകെ ഇരുചക്ര വാഹന വില്‍പ്പനയുടെ 0.5 ശതമാനം മാത്രം.

ഉയര്‍ന്ന ബാറ്ററി വിലയാണ് ഇലക്ട്രിക് ബൈക്ക് വാങ്ങുന്നതില്‍നിന്ന് ഇരുചക്രവാഹന പ്രേമികളെ വലിയതോതില്‍ പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഈ പോരായ്മ പരിഹരിക്കപ്പെട്ടേക്കും. ഇ-ബൈക്കുകള്‍ വികസിപ്പിക്കുന്ന ബെംഗളൂരു ആസ്ഥാനമായ ഏതര്‍ എനര്‍ജി എന്ന സ്റ്റാര്‍ട്ടപ്പില്‍ കഴിഞ്ഞ വര്‍ഷം ഹീറോ മോട്ടോകോര്‍പ്പ് 205 കോടി രൂപയാണ് നിക്ഷേപിച്ചത്. ഫുഡ് ഡെലിവറി കമ്പനികളും പ്രോംട്ടോ തുടങ്ങിയ ഇ-ബൈക്ക് ടാക്‌സി സ്റ്റാര്‍ട്ടപ്പുകളും കൂടുതല്‍ ഇലക്ട്രിക് ബൈക്കുകള്‍ ആവശ്യപ്പെടുന്നതായി ഹീറോ ഇലക്ട്രിക് സിഇഒ സോഹീന്ദര്‍ ഗില്‍ പറഞ്ഞു. നൗ എന്ന ബൈക്ക് ടാക്‌സി ആന്‍ഡ് ഡെലിവറി പ്ലാറ്റ്‌ഫോമിനും ഇ-ബൈക്കുകള്‍ ആവശ്യമാണ്.

സബ്‌വേ, ബര്‍ഗര്‍കിംഗ് തുടങ്ങിയ എഴുപതിലധികം കമ്പനികള്‍ക്ക് സേവനമൊരുക്കുന്ന നൗ വിന്റെ കൈവശം ഫുഡ് ഡെലിവറി സര്‍വീസുകള്‍ക്കായി 120 ഇലക്ട്രിക് ബൈക്കുകളാണ് നിലവിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഇവയുടെ എണ്ണം 1,500 ആയി വര്‍ധിച്ചേക്കും. സാധാരണ ബൈക്കുകളില്‍ ഡെലിവറി സര്‍വീസ് നടത്തുമ്പോള്‍ കിലോമീറ്ററിന് രണ്ട് രൂപയാണ് ഇന്ധന ഇനത്തില്‍ ചെലവാകുന്നത്. ഇ-ബൈക്കുകള്‍ ഉപയോഗിച്ച് തുച്ഛമായ ചെലവില്‍ സര്‍വീസ് നടത്താന്‍ കഴിയുന്നതായി നൗ സഹസ്ഥാപകന്‍ ഭാരത് ഖണ്ഡേല്‍വാള്‍ പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വളരെ ചെലവ് കുറവും ഇന്ധനക്ഷമവുമാണെങ്കിലും വില്‍പ്പനയില്‍ ഇത് പ്രകടമാകുന്നില്ല. 2013 നും 2016 നുമിടയില്‍ iX സെഗ്‌മെന്റ് സംയുക്ത വാര്‍ഷികാടിസ്ഥാനത്തില്‍ ഒമ്പത് ശതമാനം വളര്‍ച്ച മാത്രമാണ് നേടിയത്. 2016 ല്‍ രാജ്യത്ത് ഇരു-നാലുചക്ര വാഹനങ്ങളായി ആകെ 34,283 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റത്.

ഇ- വാഹനങ്ങളോടുള്ള ഈ തണുപ്പന്‍ പ്രതികരണത്തിന് കാരണങ്ങള്‍ പലവിധമാണ്. ഉയര്‍ന്ന ബാറ്ററി വില പരമ്പരാഗത വാഹനങ്ങളേക്കാള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിട്ടുകൂടിയാണ് ഈ സ്ഥിതിവിശേഷം. 2016 ലെ ഫെയിം ഇന്ത്യ പദ്ധതിയനുസരിച്ച് ഇ-ബൈക്കുകള്‍ക്ക് 29,000 രൂപ വരെയും ഇ-കാറുകള്‍ക്ക് 1.38 ലക്ഷം രൂപ വരെയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ മൂല്യ വര്‍ദ്ധിത നികുതി ഡെല്‍ഹി സര്‍ക്കാര്‍ 12.5 ശതമാനത്തില്‍നിന്ന് 5 ശതമാനമായി കുറച്ചു. എന്നിട്ടും ഇലക്ട്രിക് വാഹനങ്ങളുടെ വില ഉയര്‍ന്നുതന്നെ. സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമ്പോഴും ഡെല്‍ഹിയില്‍ വെരിറ്റോ ഡീസലിനേക്കാള്‍ ഇ-വെരിറ്റോയ്ക്ക് ഒരു ലക്ഷം രൂപ അധികം നല്‍കണമെന്ന് മഹീന്ദ്ര ഇലക്ട്രിക് സിഇഒ മഹേഷ് ബാബു ചൂണ്ടിക്കാട്ടി. ഇരുചക്ര വാഹനങ്ങളെ സംബന്ധിച്ച് വില വ്യത്യാസം കൂടുതല്‍ രൂക്ഷമാണ്.

ഏതറിന്റെ ഒരു ഇ-ബൈക്കിന് രണ്ട് സാധാരണ ബൈക്കുകളുടെ വില കൊടുക്കണം. ഒരു ലക്ഷം രൂപയുടെ ബൈക്കിലെ ലിഥിയം ബാറ്ററിക്ക് മാത്രം 40,000 രൂപ വില വരും. ഇത്തരത്തില്‍ ഒരു ഇ-ബൈക്ക് വാങ്ങുമ്പോള്‍ നിങ്ങള്‍ അഞ്ച് വര്‍ഷത്തേക്കുള്ള ഇന്ധനച്ചെലവ് അടച്ചുതീര്‍ക്കുകയാണെന്ന് കരുതേണ്ടിവരുമെന്ന് സോഹീന്ദര്‍ ഗീല്‍ സമാധാനിപ്പിച്ചു.

ചാര്‍ജിംഗ് സംബന്ധിച്ച വെല്ലുവിളികള്‍ വേറെയുമുണ്ട്. പ്ലഗ്-ഇന്‍, വൈദ്യതി വിതരണ തടസ്സം, യാത്രയ്ക്കിടെ ബാറ്ററി ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കുടുങ്ങുമോയെന്ന ഡ്രൈവര്‍മാരുടെ ആശങ്ക എന്നിവയെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ ജനകീയമാകുന്നതിന് മുന്നിലെ പ്രതിബന്ധങ്ങളാണ്. ആഭ്യന്തര ഉല്‍പ്പാദനം തികയാതെ വരുന്നതിനാല്‍ ടൊയോട്ട തുടങ്ങിയ കമ്പനികള്‍ ഹൈബ്രിഡ് കിറ്റുകള്‍ നിലവില്‍ ഇറക്കുമതി ചെയ്യുകയാണ്. ഇതിന് 80 ശതമാനത്തിലധികമാണ് ഇറക്കുമതി ചുങ്കം നല്‍കുന്നത്.

മെച്ചപ്പെട്ട സാങ്കേതികവിദ്യ, മലിനീകരണം സംബന്ധിച്ച് വര്‍ധിച്ചുവരുന്ന ആശങ്കകള്‍, സര്‍ക്കാര്‍ നയങ്ങള്‍, പുതിയ ബിസിനസ് മോഡലുകള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുകൂല അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. ലിഥിയം ബാറ്ററികളുടെ ക്ഷമത വര്‍ധിക്കുകയും വില കുറയുകയും ചെയ്യുന്നു.

ബാറ്ററി വിലയും ചാര്‍ജിംഗ് സമയവും കുറച്ചുകൊണ്ടുവരുന്നതിന് നിസ്സാന്‍-ബിഎംഡബ്ല്യു, ഡായ്മ്‌ലെര്‍-ക്വാല്‍കോംiV തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ ചേര്‍ന്നുപ്രവര്‍ത്തിക്കുന്നു. ഈ കമ്പനികളുടെ സഹകരിച്ചുള്ള പ്രവര്‍ത്തനം ബാറ്ററി വിലയും ചാര്‍ജിംഗ് സമയവും കുറച്ചുകൊണ്ടുവരുന്നതിന് സഹായിക്കുമെന്ന് ഏണസ്റ്റ് & യങ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2011 ലെ കിലോവാട്ടിന് 600 ഡോളറില്‍നിന്ന് ബാറ്ററി വില 2025 ഓടെ 150 ഡോളറായി കുറയുമെന്നും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 20-30 മിനിറ്റ് മതിയെന്നുമാണ് ഈ റിപ്പോര്‍ട്ട്. ഒരു തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ സഞ്ചരിക്കുന്ന കിലോമീറ്ററായ റേഞ്ച് വളരെയധികം വര്‍ധിക്കും. ഇപ്പോള്‍ വിപണിയിലുള്ള മിക്ക ഇലക്ട്രിക് വാഹനങ്ങള്‍ക്കും 100 മൈല്‍ റേഞ്ച് മാത്രമാണുള്ളത്.

എന്നാല്‍ ഈയിടെ ടെസ്‌ല അവതരിപ്പിച്ച S P100D മോഡല്‍ ഒരു തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ ശരാശരി 315 മൈല്‍ യാത്ര ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ എണ്ണ ആശ്രിതത്വം കുറച്ച് ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ തേടുന്ന സമയം കൂടിയാണിത്. മലിനീകരണ, കാലാവസ്ഥാ മാറ്റം സംബന്ധിച്ച ആശങ്കകള്‍ വര്‍ധിച്ചുവരുന്നതിനിടെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ ശക്തമാക്കുന്നതിന് ലോകത്തെല്ലായിടത്തെയും സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാവുകയാണ്.

ഇന്ത്യയുടെ കാര്യമെടുത്താല്‍ 2020 ഓടെ നടപ്പാക്കുന്ന കര്‍ശന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ (ബിഎസ് VI) ഡീസല്‍, പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുകയും മലിനീകരണം സൃഷ്ടിക്കാത്ത ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കുകയും ചെയ്യും. ഇതിന് നോര്‍വെ എന്ന രാജ്യമാണ് മികച്ച ഉദാഹരണം.

പ്രതിശീര്‍ഷ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ നോര്‍വെയെ മറികടക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് തല്‍ക്കാലം കഴിയില്ല. ധനകാര്യ-ധനകാര്യേതര ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചാണ് നോര്‍വെ സര്‍ക്കാര്‍ ഈ നേട്ടം കൈവരിച്ചത്. നോര്‍വെയിലെ നിരത്തുകളില്‍ ഇപ്പോള്‍ അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത പാസഞ്ചര്‍ കാറുകളില്‍ നാല്‍പ്പത് ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരുന്നു. ഈ വിധമുള്ള മുന്നേറ്റം വാഹന വ്യവസായത്തില്‍ ഡിസ്‌റപ്ഷന്‍ കൊണ്ടുവരുമെന്ന് ഐഎച്ച്എ്‌സ മാര്‍കിറ്റിലെ പ്രിന്‍സിപ്പാള്‍ അനലിസ്റ്റ് അനില്‍ ശര്‍മ അഭിപ്രായപ്പെട്ടു.

വര്‍ധിച്ചുവരുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ വാഹനങ്ങളുടെ വൈദ്യുതീകരണത്തിന് കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിരോധിക്കുന്നതിനും അമ്പത് ലക്ഷം ഇലക്ട്രിക് ആന്‍ഡ് ഹൈബ്രിഡ് വാഹനങ്ങള്‍ പുറത്തിറക്കാനുമാണ് ലക്ഷ്യമിടുന്നത്.

അമ്പത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലെത്തിയാല്‍ 9,500 മില്യണ്‍ ടണ്‍ ഫോസില്‍ ഇന്ധനം ലാഭിക്കാമെന്നും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ രണ്ട് ലക്ഷം ടണ്ണോളം കുറയ്ക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു. 2020 ഓടെ ഇന്ത്യയില്‍ 7 മില്യണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രാഥമികമായി വേണ്ട വൈദ്യുതി ലഭ്യത രാജ്യത്ത് മെച്ചപ്പെടും. വൈദ്യുതി ക്ഷാമം നേരിട്ടിരുന്ന അവസ്ഥ മാറി 2016 ല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ വൈദ്യുതി മിച്ച രാജ്യമായി വളര്‍ന്നിരുന്നു. 2016 അവസാനം ഇന്ത്യയുടെ സോളാര്‍ വൈദ്യുതോല്‍പ്പാദനശേഷി 9 ജിഗാവാട്ടും കടന്നു. 2022 ഓടെ 175 ജിഗാവാട്ട് ഉല്‍പ്പാദനശേഷി കൈവരിക്കുകയാണ് ലക്ഷ്യം. 2011 ല്‍ ഇരട്ടയക്കമായിരുന്നെങ്കില്‍ ഇപ്പോള്‍ കിലോവാട്ട് അവറിന് മൂന്ന രൂപ മാത്രമാണ് വില. കേന്ദ്ര സര്‍ക്കാര്‍ ഇറങ്ങിക്കളിച്ചതിനാല്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി ശോഭനമാണ്.

 

Comments

comments

Categories: Auto, FK Special