ജിയോയുടെ പ്രൈം ഓഫറുകള്‍ മൂന്ന് കമ്പനികള്‍ക്ക് വന്‍ തിരിച്ചടി നല്‍കുമെന്ന് വിദഗ്ധര്‍

ജിയോയുടെ പ്രൈം ഓഫറുകള്‍ മൂന്ന് കമ്പനികള്‍ക്ക് വന്‍ തിരിച്ചടി നല്‍കുമെന്ന് വിദഗ്ധര്‍

 

കൊല്‍ക്കത്ത: ജിയോ പ്രഖ്യാപിച്ച പ്രൈം ഓഫറുകള്‍ മൂന്ന് വന്‍ ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസം മുതലാണ് പ്രൈം അംഗങ്ങള്‍ക്ക് ജിയോ 303 രൂപയുടെ ഓഫര്‍ ആരംഭിക്കുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ടെലികോം വ്യവസായത്തില്‍ ഉണ്ടകാനിടയുള്ള 16-17 ശതമാനം വരുമാന നഷ്ടത്തില്‍ എയര്‍ടെല്‍,വൊഡാഫോണ്‍, ഐഡിയ എന്നിവയാകും ഏറെ നഷ്ടം സഹിക്കേണ്ടി വരികയെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

303 രൂപയ്ക്ക് 28 ദിവസത്തെ കാലാവധിയില്‍ 28 ജിബി 4 ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും മറ്റേതൊരു നെറ്റ് വര്‍ക്കിനേക്കാളും നിലവില്‍ വിപണിയില്‍ മികച്ചതാണ്. ജിയോയോടുള്ള നേര്‍ക്ക് നേര്‍ മത്സരം ബുദ്ധിശൂന്യമായിരിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റിസ് മറ്റു കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

വരുമാന സാധ്യതകളുടെ വീഴ്ച നിയന്ത്രിച്ചാല്‍ വിപണി വിഹിതം താഴുന്നതില്‍ നിന്ന് രക്ഷ നേടാന്‍ മറ്റു കമ്പനികള്‍ക്ക് സാധിക്കുമെന്ന് വിദഗ്ധര്‍ സമ്മതിക്കുന്നു. ഇത്തരത്തില്‍ വിപണി വിപുലീകരിക്കാന്‍ കമ്പനികള്‍ക്ക് സാധിച്ചാല്‍ ടെലികോം വ്യവസായത്തിന്റെ വരുമാന നഷ്ടം 10 ശതമാനത്തിനുള്ളില്‍ ഒതുങ്ങിയേക്കുമെന്നും നിരീക്ഷണമുണ്ട്.

എന്നാല്‍ വരുമാനത്തില്‍ 10 ശതമാനം കുറവ് വന്നാല്‍ പോലും നേരത്തേ അടുത്ത സാമ്പത്തിക വര്‍ഷത്തെകുറിച്ചുണ്ടായിരുന്ന വരുമാന നിഗമനത്തില്‍ നിന്ന് വളരെ കുറവായിരിക്കും ഇത്.

ജിയോയുടെ ഓഫറുകളോട് സമാനമായ ഓഫറുകളുമായാണ് ഭാരതി എയര്‍ടെല്‍ മുന്നോട്ട് പോകുന്നത്. ജിയോ സൗജന്യ ഓഫറുകളോട് പൊരുത്തപ്പെട്ട് തുല്യമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മുന്നോട്ട് പോകാന്‍ എയര്‍ടെല്ലിന് മടിയില്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് സ്വിസ് ബ്രോക്കറേജായ ക്രെഡിറ്റ് സ്വിസ് പറയുന്നു. ജിയോ നല്‍കുന്ന ഓഫറുകള്‍ അസന്തുലിതമാണെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ അടുത്തിടെ നടന്ന് മൊബീല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ പറഞ്ഞിരുന്നു.

ജിയോയെ വെല്ലുവിളിച്ച് 145 രൂപയുടെയും 349 രൂപയുടെയും രണ്ട് സൂപ്പര്‍ പ്ലാനുകള്‍ എയര്‍ടെല്‍ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. 28 ദിവസത്തേക്ക് 14 ജിബിയുടെ 3ജി അല്ലെങ്കില്‍ 4ജിയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളുമാണ് അപ്പര്‍ എന്‍ഡ് ഉപഭോക്താക്കളെ നിലനിര്‍ത്തുന്നത് ലക്ഷ്യം വെച്ച് എയര്‍ടെല്‍ വാഗ്ദാനം ചെയ്തത്. ഐഡിയ സെല്ലുലാറാകട്ടെ 348 രൂപയുടെ പാക്കില്‍ 14 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും 28 ദിവസത്തേക്ക് ഐഡിയയും പ്രഖ്യാപിച്ചിരുന്നു.

അപ്പര്‍ എന്‍ഡ് കസ്റ്റമേഴ്‌സിന്റെ കൊഴിഞ്ഞുപോക്ക് തടയാനാണ് ജിയോ ഓഫറിന് സമാനമായ ഓഫറുകള്‍ കമ്പനികള്‍ പ്രഖ്യാപിക്കുന്നതെന്നാണ് മേഖലയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ പറയുന്നത്.

പോര്‍ട്ട് ചെയ്യാന്‍ ഉദ്ദേശ്യമുണ്ടെന്ന് വ്യക്തമാക്കിയ ഉപഭോക്താക്കളെയടക്കം നിലനിര്‍ത്താനാണ് പുതിയ നീക്കമെന്നും കൊട്ടക് ചൂണ്ടിക്കാണിക്കുന്നു. അപ്പര്‍ ടയര്‍ കസ്റ്റമേഴ്‌സിനായി ജിയോയുടെ വരവിന് മുന്‍പ് മികച്ച് ഓഫറുകളൊന്നും കമ്പനികള്‍ നല്‍കിയിരുന്നില്ല.

Comments

comments

Categories: FK Special, Life, Tech
Tags: India, Jio