ഹ്യുണ്ടായ് ഇന്ത്യ 5,000 കോടി രൂപ നിക്ഷേപിക്കും

ഹ്യുണ്ടായ് ഇന്ത്യ 5,000 കോടി രൂപ നിക്ഷേപിക്കും

കാബ് ആഗ്രഗേറ്റര്‍മാര്‍, റൈഡ്-ഷെയറിംഗ് കമ്പനികള്‍, ടാക്‌സി ഓപ്പറേറ്റര്‍മാര്‍ എന്നിവയെ ലക്ഷ്യം വെയ്ക്കുന്നതായി ഹ്യുണ്ടായ്

ന്യൂ ഡെല്‍ഹി : ഹ്യുണ്ടായ് ഇന്ത്യ 2020 ഓടെ പുതുതായി 5,000 കോടി രൂപ നിക്ഷേപിക്കും. പുതിയ സാന്‍ട്രോ, ഒരു കോംപാക്റ്റ് എസ്‌യുവി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായാണിത്. ഈ വാഹനങ്ങള്‍ മാരുതിയുടെ ബ്രെസ്സ, ഫോര്‍ഡിന്റെ ഇക്കോസ്‌പോര്‍ട്ട് എന്നിവയ്ക്ക് ഉയര്‍ത്തുമെന്നാണ് ഹ്യുണ്ടായ് പ്രതീക്ഷിക്കുന്നത്.

കാബ് ആഗ്രഗേറ്റര്‍മാര്‍, റൈഡ്-ഷെയറിംഗ് കമ്പനികള്‍, ടാക്‌സി ഓപ്പറേറ്റര്‍മാര്‍ എന്നിവയെ ലക്ഷ്യം വെയ്ക്കുന്നതായി ഹ്യുണ്ടായ് അറിയിച്ചു. ഇവര്‍ക്കായി ‘പ്രൈം’ എന്ന പാക്കേജില്‍ ഗ്രാന്‍ഡ് i10 ഹാച്ച്ബാക്ക്, എക്‌സെന്റ് എന്‍ട്രി സെഡാന്‍ എന്നിവയുടെ പ്രത്യേക വേര്‍ഷനുകള്‍ ലഭ്യമാക്കും. ഇവര്‍ക്ക് ഈ കാറുകള്‍ 25,000 മുതല്‍ 30,000 വരെ വില കുറച്ച് വില്‍ക്കും.

2016 ല്‍ ഏകദേശം അഞ്ച് ലക്ഷത്തോളം വാഹനങ്ങള്‍ വിറ്റ് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ രണ്ടാമതെത്തിയിരുന്നു. 2020 ഓടെ ഇന്ത്യയില്‍ മൂന്ന് പുതിയ കാറുകള്‍ ഉള്‍പ്പെടെ എട്ട് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും കമ്പനി തീരുമാനിച്ചു. ആഗോളതലത്തില്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യ തങ്ങള്‍ക്ക് നിര്‍ണ്ണായക വിപണിയാണെന്ന് ഹ്യുണ്ടായ് ഇന്ത്യ എംഡിയും സിഇഒയുമായ വൈ കെ കൂ വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും ഉല്‍പ്പന്ന നിര വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

1996 ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഹ്യുണ്ടായ് നിലവില്‍ 17 ശതമാനം വിപണി വിഹിതത്തോടെ മാരുതി സുസുകിക്ക് പിന്നില്‍ രണ്ടാമത്തെ വലിയ കാര്‍നിര്‍മ്മാതാക്കളാണ്. കമ്പനി ഇതുവരെ ഇന്ത്യയില്‍ 3.2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തി. ചെന്നൈയിലെ പ്ലാന്റിന് പ്രതിവര്‍ഷം ഏഴ് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിച്ച് പുറത്തിറക്കാനുള്ള ശേഷിയുണ്ട്.

കൂടുതല്‍ വിറ്റഴിയുന്ന ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹ്യുണ്ടായ് ആഗ്രഹിക്കുന്നതെന്ന് കൂ പറഞ്ഞു. സാന്‍ട്രോ വീണ്ടും അവതരിപ്പിക്കുന്നതിന്റെ മനശാസ്ത്രവും ഇതുതന്നെ. അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ വിപണിയിലെത്തുന്ന പുതിയ സാന്‍ട്രോ 1.1 ലിറ്റര്‍, 1.2 ലിറ്റര്‍ എന്‍ജിനുകളില്‍ ലഭ്യമായിരിക്കും. രണ്ടാം വരവില്‍ പുതിയ സാന്‍ട്രോയ്ക്ക് മറ്റൊരു പേരായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഹൈദരാബാദിലെ ഇന്ത്യന്‍ കേന്ദ്രത്തിന്റെ സഹായത്തോടെ ഹ്യുണ്ടായുടെ ആഗോള ഗവേഷണ-വികസന സംഘമാണ് പുതിയ സാന്‍ട്രോ വികസിപ്പിക്കുന്നത്. ഇന്ത്യയ്ക്കുവേണ്ടി മാത്രമുള്ളതായിരിക്കും ഈ കാര്‍ എന്ന് ഹ്യുണ്ടായ് ഇന്ത്യ മേധാവി വ്യക്തമാക്കി.

പെട്രോള്‍-ഇലക്ട്രിക് ഹൈബ്രിഡ് കാറായ അയോണിക് അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. പരസ്ഥിതി സൗഹാര്‍ദ്ദ കാറുകള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. 2019 ന്റെ ആദ്യ പകുതിയില്‍ മിനി എസ്‌യുവി ഇന്ത്യയിലെത്തും.

 

Comments

comments